സാധാരണയായി വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കായാണ് റോഡുകള്‍ നിര്‍മിക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ ഒരു റോഡ് വര്‍ഷത്തില്‍ നാലു മാസത്തോളം അടച്ചിടാറുണ്ട്. കാരണം കേട്ടാല്‍ കൗതുകം തോന്നും. പാമ്പുകള്‍ക്കും മറ്റ് വന്യജീവികള്‍ക്കും സുരക്ഷിതമായി സഞ്ചരിക്കാനാണത്രേ ഈ നടപടി. അമേരിക്കയിലെ ഇല്ലിനോയിസിലുള്ള 'സ്നേക്ക് റോഡ്' (Snake Road) എന്ന വഴിയാണ് ഈ അപൂര്‍വ പ്രത്യേകതയിലൂടെ ശ്രദ്ധ നേടുന്നത്.
അമേരിക്കയിലെ ഷോണി നാഷണല്‍ ഫോറസ്റ്റിലാണ് (Shawnee National Forest) ഈ റോഡ് സ്ഥിതി ചെയ്യുന്നത്. ഫോറസ്റ്റ് സര്‍വീസ് റോഡ് 345 എന്നാണ് ഇതിന്റെ ഔദ്യോഗിക പേര്. ഏകദേശം നാലു കിലോമീറ്റര്‍ നീളമുള്ള ഈ പാത ഒരു വശത്ത് ചുണ്ണാമ്പുകല്ലുകളാല്‍ രൂപപ്പെട്ട കുന്നുകളെയും മറുവശത്തെ ചതുപ്പുനിലത്തെയും ബന്ധിപ്പിക്കുന്നു. ഈ പ്രദേശത്ത് ജീവിക്കുന്ന പാമ്പുകള്‍ക്കും മറ്റ് ഉരഗങ്ങള്‍ക്കും ഉഭയജീവികള്‍ക്കും കാലാവസ്ഥ മാറുന്നതിനനുസരിച്ച് ആവാസവ്യവസ്ഥ മാറേണ്ടതുണ്ട്. അതിനായി ഇവയ്ക്ക് റോഡ് മുറിച്ചുകടക്കേണ്ടിവരുന്നു. ഈ യാത്ര സുരക്ഷിതമാക്കാനാണ് അധികൃതര്‍ വാഹനഗതാഗതം നിയന്ത്രിക്കുന്നത്.
തണുപ്പ് കാലത്ത് തണുപ്പില്‍നിന്ന് രക്ഷനേടാന്‍ പാമ്പുകള്‍ ചുണ്ണാമ്പുകല്ലുകളിലെ വിള്ളലുകളിലും സുരക്ഷിതമായ ഇടങ്ങളിലും അഭയം തേടുന്നു. പിന്നീട് കാലാവസ്ഥ ചൂടാകുമ്പോള്‍ ഭക്ഷണം കണ്ടെത്താനും പ്രജനനത്തിനും അനുയോജ്യമായ ചതുപ്പുനിലങ്ങളിലേക്ക് ഇവ നീങ്ങും. ശരത്കാലത്ത് തണുപ്പ് തിരിച്ചെത്തുന്നതോടെ വീണ്ടും കുന്നിന്‍പ്രദേശങ്ങളിലേക്ക് മടങ്ങും. ഇങ്ങനെ പാമ്പുകള്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനങ്ങളുടെ ടയറിനടിയില്‍പ്പെട്ട് ചത്തുപോകാനുള്ള സാധ്യത കൂടുതലാണ്. ഇതു തടയാനാണ് അമേരിക്കന്‍ വനവകുപ്പ് വര്‍ഷത്തില്‍ രണ്ടു തവണ ഈ പാത വാഹനങ്ങള്‍ കടന്നുപോകാതെ അടച്ചിടുന്നത്. 1972-ലാണ് വന്യജീവികളെ സംരക്ഷിക്കാനുള്ള ഈ നിയന്ത്രണം ആരംഭിച്ചത്. തുടക്കത്തില്‍ കുറഞ്ഞ കാലയളവിലായിരുന്നു റോഡ് അടച്ചിരുന്നത്. പിന്നീട് പാമ്പുകളുടെയും മറ്റ് ജീവികളുടെയും സഞ്ചാരകാലം പരിഗണിച്ച് നിയന്ത്രണത്തിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചു.
സാധാരണയായി വര്‍ഷത്തില്‍ രണ്ടു തവണയാണ് വാഹനങ്ങള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുന്നത്. മാര്‍ച്ച് 15 മുതല്‍ മേയ് 15 വരെ. അതായത്, ശൈത്യകാലത്തെ അഭയകേന്ദ്രങ്ങളില്നിന്ന് ചതുപ്പുനിലങ്ങളിലേക്ക് ജീവികള്‍ നീങ്ങുന്ന കാലം. അടുത്തത് സെപ്റ്റംബര്‍ 1 മുതല്‍ ഒക്ടോബര്‍ 30 വരെ. തണുപ്പുകാലം അടുത്തെത്തുമ്പോള്‍ ജീവികള്‍ കുന്നിന്‍പ്രദേശങ്ങളിലേക്ക് മടങ്ങുന്ന കാലം.ഇങ്ങനെ ആകെ നാലു മാസത്തോളം വാഹനഗതാഗതം നിയന്ത്രിക്കുന്നു. ബാക്കിയുള്ള സമയങ്ങളില്‍ സാധാരണ ഗതാഗതത്തിനായി റോഡ് തുറന്നിരിക്കും.
ഈ പ്രദേശത്ത് പാമ്പുകള്‍ക്കു പുറമേ തവളകള്‍, ആമകള്‍, സാലമാന്‍ഡറുകള്‍ തുടങ്ങിയ ജീവികളും കാണപ്പെടുന്നു. ഇല്ലിനോയിസില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏകദേശം 35 പാമ്പിനങ്ങളും 23 ഉഭയജീവി ഇനങ്ങളും ഈ പ്രദേശത്തുണ്ടെന്നാണ് അമേരിക്കന്‍ വനംവകുപ്പിന്റെ വിവരങ്ങള്‍. വിഷമുള്ള പാമ്പിനങ്ങളും ഈ മേഖലയില്‍ ജീവിക്കുന്നുണ്ട്. അതിനാല്‍ പാമ്പുകളെ സംരക്ഷിക്കുന്നതിനൊപ്പം അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയും നിലനിര്‍ത്താന്‍ ഈ നിയന്ത്രണം സഹായിക്കുന്നു.
വാഹനങ്ങള്‍ക്കും സൈക്കിളുകള്‍ക്കും നിയന്ത്രണമുണ്ടെങ്കിലും അടച്ചിടുന്ന കാലയളവില്‍ ആളുകള്‍ക്ക് കാല്‍നടയായി റോഡിലൂടെ സഞ്ചരിക്കാം. അതിനാല്‍ വന്യജീവികളെ നിരീക്ഷിക്കാനും പ്രകൃതിയെ അടുത്തറിയാനും ആഗ്രഹിക്കുന്നവര്‍ക്കും ഈ പ്രദേശം ആകര്‍ഷണമാണ്.എന്നാല്‍ പാമ്പുകളെ പിടിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുത്.
Content Highlights :In America, there is a road that is closed for four months every year for the sake of snakes. This measure is reportedly intended to allow snakes and other wildlife to travel safely