പുടിൻ മുതൽ എത്യോപ്യൻ പ്രധാനമന്ത്രി വരെ മോദിയുടെ 'കാർ' നയതന്ത്രബന്ധം

പുടിന് ശേഷം ജോർദാൻ, എത്യോപ്യൻ നേതാക്കളോടൊപ്പം കാറിൽ മോദി; പുതിയ നയതന്ത്ര ബന്ധം ?

ചൈനയിലെ ടിയാൻജിനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച നാളിതുവരെ തു‍ട‍ർന്ന് പോന്നിരുന്ന രാജ്യാന്തര നയതന്ത്ര ബന്ധങ്ങളുടെ പരമ്പാ​ഗത ശീലങ്ങളിൽ പുതിയൊരു ചിത്രം എഴുതി ചേ‍ർത്തിരുന്നു. ഒരു കാറിൽ പരസ്പരം സംസാരിച്ച് പുടിനും മോദിയും ഒരുമിച്ച് യാത്ര ചെയ്തത് പുതിയ നയതന്ത്ര രീതിയായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഷാങ്ങ്ഹായ് കോ-ഓപ്പറേഷൻ്റെ ഉച്ചകോടിക്കിടെയായിരുന്നു പുടിന്റെ ആഢംബര ഓറസ് സെനറ്റ് കാറിൽ മോദി യാത്ര ചെയ്തത്. പിന്നീട് പുടിൻ ഇന്ത്യയിൽ എത്തിയപ്പോൾ മോദിയുടെ ടൊയോട്ട ഫോർചൂണറിൽ യാത്ര ചെയ്തതും ശ്രദ്ധേയമായിരുന്നു. കാ‍ർപൂൾ നയതന്ത്രം എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ സമീപനം ഒരു നയതന്ത്ര ട്രേഡ്മാർക്ക് ആക്കുന്നു എന്ന സൂചന നൽകുകയാണ് നരേന്ദ്ര മോദി.

ഇപ്പോൾ എത്യോപ്യയിലേക്കും ജോർദാനിലേക്കും മോദി നടത്തിയ സന്ദർശനങ്ങളിലും കാർ യാത്രകൾ ചർച്ചയാവുകയാണ്. ചുരുക്കി പറഞ്ഞാൽ മോദിയുടെ കാ‍ർപൂൾ നയതന്ത്രം കൂടുതൽ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുന്നത്.

ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലേക്കുള്ള മോദിയുടെ ആദ്യ സന്ദർശനം നടത്തിയ മോദിയെ സ്വീകരിക്കാനായി പ്രധാനമന്ത്രി അബി അഹമ്മദ് അലി നേരിട്ട് എത്തുകയായിരുന്നു. ശേഷം എത്യോപ്യൻ പ്രധാനമന്ത്രി സ്വന്തം കാറിൽ മോദിയെയും കൂട്ടി ഹോട്ടലിലേക്ക് പോവുകയായിരുന്നു. എത്തിയോപ്യയിൽ എത്തുന്നതിനു മുൻപ് ജോർദാൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമനും പ്രധാനമന്ത്രി മോദിയെ തന്റെ കാറിലാണ് ഒപ്പം കൂട്ടിയത്.

"വിമാനത്താവളത്തിൽ എന്നെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി അബി അഹമ്മദ് അലി നടത്തിയ പരിപാടിയിൽ ഞാൻ ആദരിക്കപ്പെട്ടു. എത്യോപ്യയ്ക്ക് മഹത്തായ ചരിത്രവും ഊർജ്ജസ്വലമായ സംസ്കാരവുമുണ്ട്. ഇന്ത്യയും എത്യോപ്യയും തമ്മിൽ ആഴത്തിലുള്ള നാഗരിക ബന്ധങ്ങൾ ഇവിടെ പങ്കിപ്പെടുകയാണ്' എന്നായിരുന്നു എത്യോപ്യൻ നേതാവിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. എത്യോപ്യയിൽ എത്തിയ മോദിക്ക് എത്യോപ്യയിലെ പരമോന്നത ബഹുമതിയായ 'ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ' അഹമ്മദ് അലി സമ്മാനിച്ചതും വാർത്തയിൽ നിറഞ്ഞു. ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് വേണ്ടി ഈ സമ്മാനം സ്വീകരിക്കുന്നെന്ന് പറഞ്ഞ മോദി ഈ ബഹുമതിക്കർഹനായ ആദ്യത്തെ രാഷ്ട്രത്തലവനാണ്.

ജോർദാനിൽ എത്തിയ മോദിയെ പ്രോട്ടോകോൾ ഒന്നും നോക്കാതെയാണ് ജോർദാനിയൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമൻ സ്വീകരിക്കാനെത്തിയത്. ജോർദാനിലെ ഏറ്റവും വലിയ മ്യൂസിയം കാണിക്കാനായി ജോർദാൻ കിരീടാവകാശി മോദിയെ കൂട്ടിക്കൊണ്ടുപോയത് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ BMW കാറിൽ ആയിരുന്നു. BMW വിന്റെ പാസഞ്ചർ സീറ്റിൽ ഇരിക്കുന്ന തന്റെ കാർ യാത്രയുടെ ചിത്രങ്ങൾ മോദി പോസ്റ്റ് ചെയ്യുകയും ചെയ്തു. 2014-ൽ അധികാരമേറ്റതിനുശേഷം പ്രധാനമന്ത്രിയുടെ ജോർദാനിലേക്കുള്ള ആദ്യ സമ്പൂർണ സന്ദർശനമാണിത്. 37 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജോർദാനിൽ നടത്തുന്ന ആദ്യ ഉഭയകക്ഷി യാത്ര കൂടിയാണിത്.

നേരത്തെ 2014-ൽ, പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശന വേളയിൽ, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ സ്മാരകം സന്ദർശിക്കാനായി അന്നത്തെ യുഎസ് പ്രസിഡന്റ് ഒബാമ തന്റെ സ്ട്രെച്ച് ലിമോസിനിൽ പ്രധാനമന്ത്രി മോദിയെ കഷ്ണിച്ചിരുന്നു. അന്ന് അവർ 10-12 മിനിറ്റ് ആ കാറിൽ യാത്രയും ചെയ്തു. മാത്രമല്ല, അന്തരിച്ച ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയും ആയി മികച്ച സുഹൃത്ത് ബന്ധമുണ്ടായിരുന്ന മോദി ഗുജറാത്തിലെ അഹമ്മദാബാദിൽ 8 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്‌ഷോയിൽ മാരുതി സുസുക്കി ജിപ്‌സിയിൽ ആബെയോടൊപ്പം യാത്ര നടത്തിയതും നാം കണ്ടു. പ്രധാനമന്ത്രി മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അവരുടെ ഔദ്യോഗിക മീറ്റിംഗുകളിൽ, പ്രത്യേകിച്ച് 2017 ലും 2018 ലും, ഒരേ കാറിൽ പലതവണ ഒരുമിച്ച് യാത്ര ചെയ്തിട്ടുമുണ്ട്. ഈ അടുത്തിടെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിൽ എത്തിയ ചൈനയുടെ നേതാക്കളും തെരഞ്ഞെടുത്ത വിദേശ പ്രമുഖരും മാത്രം സഞ്ചരിക്കാറുള്ള ആഢംബര കാറായ ഹോങ്കി എൽ5 ലിമോസിനിൽ യാത്ര ചെയ്തതും വാർത്തകളിൽ നിറഞ്ഞിരുന്നു. റെഡ് ഫ്‌ലാഗ് എന്നും അറിയപ്പെടുന്ന ചൈനയുടെ ചെങ്കൊടി കാറിൽ ആയിരുന്നു യാത്ര എന്നതായിരുന്നു മറ്റൊരു പ്രത്യേകത.

അങ്ങനെ പുടിനുമായി നടത്തിയ കാർ യാത്രക്ക് ശേഷം വീണ്ടും മോദിയുടെയും ലോക നേതാക്കളുടെയും കാർ യാത്ര ചർച്ച ചെയ്യപ്പെടുമ്പോൾ, മാറി വരുന്ന നയതന്ത്ര ബന്ധം അർത്ഥമാക്കുന്നത് എന്താണ് എന്നൊരു ചോദ്യവും കൂടി ലോകം ചർച്ച ചെയ്യുന്നുണ്ട്. ലോക നേതാക്കൾക്കിടയിൽ വിശ്വാസവും വ്യക്തിപരമായ ബന്ധവും ഊട്ടി ഉറപ്പിയ്ക്കപ്പെടുന്നതിന്റെ സൂചനയായി ഈ കാർ ഡിപ്ലോമസിയെ വ്യാഖ്യാനിക്കാമെന്നും പറയപ്പെടുന്നുണ്ട്.

Content Highlights: World leader's car diplomacy with Modi

To advertise here,contact us