ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നതിന് പിന്നാലെ ബ്രിക്സ് രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ വഷളായിരുന്നു. ട്രംപ് ഭരണകൂടം അധിക വ്യാപര നികുതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച സമീപനങ്ങളിലും ബ്രിക്സ് വിരുദ്ധത പ്രകടമായിരുന്നു. ട്രംപിനെ കൂടുതൽ പ്രകോപിതനാക്കിയേക്കാവുന്ന പുതിയ നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്രിക്സ്. പാശ്ചാത്യ ശക്തികളെ ഉൾപ്പെടുത്താത്ത ഒരു ക്രോസ്-ബോർഡർ പേയ്മെൻ്റ് സംവിധാനം ബ്രിക്സ് പരീക്ഷിക്കാൻ ഒരുങ്ങുന്നുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്. നേരത്തെ 2024 ഒക്ടോബറിൽ മോസ്കോയിൽ BRICS Payയുടെ ഒരു പ്രോട്ടോടൈപ്പ് അനാച്ഛാദനം ചെയ്തിരുന്നു.
2030 ആകുമ്പോഴേക്കും ക്രോസ്-ബോർഡർ പേയ്മെൻ്റ് സംവിധാനമായ BRICS Pay സംരംഭം തയ്യാറാകുമെന്ന് കഴിഞ്ഞ ദിവസം റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് പറഞ്ഞതോടെയാണ് വിഷയം വീണ്ടും ചർച്ചകളിൽ ഇടംപിടിച്ചിരിക്കുന്നത്. BRICS Payയുടെ വരവ് സാമ്പത്തിക വിപണിയിൽ വലിയ ചലനമുണ്ടാക്കുകയും പടിഞ്ഞാറൻ രാജ്യങ്ങളെ വെല്ലുവിളിക്കുമെന്നും റിയാബ്കോവ് വ്യക്തമാക്കിയിരുന്നു. ജൂലൈയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ BRICS Pay സംവിധാനത്തിന്റെ രൂപീകരണത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നുവെന്നും ദക്ഷിണ അമേരിക്കയ്ക്ക് ഈ സേവനങ്ങൾ സ്വീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ബ്രിക്സ് ക്രോസ്-ബോർഡർ പേയ്മെന്റ് സംരംഭം സ്വീകരിക്കാൻ തയ്യാറാകുമെന്നും റിയാബ്കോബ് വെളിപ്പെടുത്തിയിരുന്നു.
വികേന്ദ്രീകൃത സാമ്പത്തിക സന്ദേശമയയ്ക്കൽ പ്രോട്ടോക്കോൾ എന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്ന BRICS Pay ബ്രിക്സിലെ അംഗരാജ്യങ്ങൾക്കിടയിൽ SWIFT നെറ്റ്വർക്കിനെ മറികടന്ന് പ്രാദേശിക കറൻസികളിൽ ഇടപാടുകൾ സാധ്യമാക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിർബന്ധിത ഫീസുകളൊന്നുമില്ലാതെ സെക്കൻഡിൽ 20,000 സന്ദേശങ്ങൾ വരെ കൈകാര്യം ചെയ്യാൻ കഴിവുള്ള ഈ സംവിധാനം ഓപ്പൺ സോഴ്സായി പ്രവർത്തിക്കുന്ന നിലയിലാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രീകൃതമായ ഒരു നിയന്ത്രണം ഏർപ്പെടുത്താതെ, ഓരോ രാജ്യങ്ങളുടെയും ദേശീയ നെറ്റ്വർക്കുകൾക്കിടയിൽ പരസ്പര പ്രവർത്തനക്ഷമത ലക്ഷ്യമിട്ടുള്ള ഒരു സാങ്കേതിക സംവിധാനത്തെയാവും ഇത് ആശ്രയിക്കുക എന്നാണ് റിപ്പോർട്ട്. ചുരുക്കി പറഞ്ഞ മുഴുവൻ നെറ്റ്വർക്കുമായും ബന്ധം നിലനിർത്തിക്കൊണ്ട് ഓരോ രാജ്യവും സ്വന്തം നോഡ് കൈകാര്യം ചെയ്യുന്ന സംവിധാനം എന്ന നിലയിലാണ് BRICS Pay വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ബ്രിക്സ് രാജ്യങ്ങൾ നിലവിൽ ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങളാണ് BRICS Pay എന്ന സ്വപ്നപദ്ധതിയുടെ സാങ്കേതിക നട്ടെല്ലായി പ്രവർത്തിക്കുക എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇന്റർ-ബ്രിക്സ് ഇടപാടുകൾ സുഗമമായി നടക്കുന്നെന്ന് ഉറപ്പാക്കുന്നതിനായി സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകൾ വഴി ഈ നെറ്റ്വർക്കുകളെ സംയോജിപ്പിക്കുക എന്നതാണ് ബ്രിക്സ് രാജ്യങ്ങളുടെ പൊതുലക്ഷ്യം. എന്നാൽ ഇത്തരമൊരു ഉറച്ച അടിത്തറ ഉണ്ടായിട്ടും പൂർണ്ണമോ ഏകീകൃതമോ ആയ BRICS Pay പതിപ്പ് ഇതുവരെ പ്രാവർത്തികമായിട്ടില്ല. മാത്രമല്ല റഷ്യയുടെ SPFS-ഉം മറ്റ് പ്ലാറ്റ്ഫോമുകളും തമ്മിലുള്ള പരസ്പരബന്ധിത പ്രവർത്തനം ഇപ്പോഴും പൈലറ്റ് ഘട്ടത്തിലാണ്. സംവിധാനം പൂർണ്ണമായും പ്രവർത്തന സജ്ജമാകാൻ പഹരിക്കപ്പെടേണ്ട നിരവധി സാങ്കേതിക വെല്ലുവിളികൾ അവശേഷിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സന്ദേശങ്ങളുടെ സ്റ്റാൻഡേർഡൈസേഷൻ, ട്രാൻസ്മിഷൻ സുരക്ഷ, ഫലപ്രദമായ പരസ്പരപ്രവർത്തന ക്ഷമത, ഓരോ രാജ്യങ്ങളിലും നിലനിൽക്കുന്ന നിയന്ത്രണ ചട്ടക്കൂടുകളുമായി യോജിച്ച് പോകാനുള്ള സാഹചര്യം തുടങ്ങിയ നിരവധി ഘടകങ്ങളിൽ പരിഹാരം ഉണ്ടായാൽ മാത്രമേ BRICS Pay സംവിധാനം പ്രാവർത്തകമാകുകയുള്ളു. എന്തായാലും നിലവിലെ സാഹചര്യത്തിൽ പ്രവർത്തന സജ്ജമായ ഒരു സംവിധാനം എന്ന നിലയിലേയ്ക്ക് വളരാൻ കഴിയാതെ ഒരു സാങ്കേതിക അഭിലാഷമായി തുടരുകയാണ് BRICS Pay സംവിധാനം.
അമേരിക്ക ബ്രിക്സ് രാജ്യങ്ങൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളും അധിക വ്യാപാര നികുതികളുമാണ് BRICS Pay സംവിധാനത്തെ ഇപ്പോഴും ബ്രിക്സ് രാജ്യങ്ങളെ സംബന്ധിച്ച് അനിവാര്യമാക്കുന്നത്. അമേരിക്കൻ സാമ്പത്തിക മേധാവിത്വത്തെ വെല്ലുവിളിക്കുന്ന ഒരു രാഷ്ട്രീയ നീക്കം എന്ന നിലയിലും BRICS Pay സംവിധാനം വിലയുത്തപ്പെടുന്നുണ്ട്. പലപ്പോഴും ഡോളറിനെ ആയുധമാക്കിയാണ് അമേരിക്കയുടെ നീക്കം എന്നതും ഇത്തരത്തിൽ പ്രദേശിക കറൻസികൾ ഉപയോഗിച്ചുള്ള ക്രോസ്-ബോർഡർ പേയ്മെൻ്റ് സംവിധാനം കൊണ്ടുവരാനുള്ള നീക്കത്തിന് കാരണമായിട്ടുണ്ട്
ബ്രിക്സിനെതിരെ ഡോണൾഡ് ട്രംപം നടത്തുന്ന നയപരമായ നീക്കങ്ങൾ ശക്തിപ്പെടുന്ന സാഹചര്യത്തിൽ തങ്ങൾക്കിടയിലെ ഐക്യം ശക്തിപ്പെടുത്താൻ ബ്രിക്സ് രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. ബ്രിക്സ് കറൻസി പ്രഖ്യാപനത്തിനെതിരെയായിരുന്നു അധികാരമേറ്റ ഉടനെ ട്രംപ് വാളെടുത്തത്. പൊതു ബ്രിക്സ് കറൻസി സ്വീകരിക്കുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ താരിഫ് ചുമത്തുമെന്നും ഡോളറിന് പകരമുള്ള സംവിധാനങ്ങൾ സൃഷ്ടിക്കപ്പെട്ടാൽ 10 ശതമാനം തീരുവ അധികമായി ചുമത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
എന്നാൽ ട്രംപിന്റെ ഭീഷണിയെ കൂസാത്ത നിലപാടാണ് ബ്രിക്സ് രാജ്യങ്ങൾ സ്വീകരിച്ചത്. ബ്രിക്സ് അംഗരാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ 90 ശതമാനത്തോളം പ്രാദേശിക കറൻസികളിലാണ് ഇതിനകം റഷ്യ നടത്തിയത്. ചൈനയുമായും യുഎഇയുമായി രൂപയിൽ ഇന്ത്യ അതിന്റെ ഉഭയകക്ഷി കരാറുകൾ ശക്തമാക്കി. ചൈനയും ബ്രസീലും തമ്മിലുള്ള സാമ്പത്തിക സഹകരണവും ശക്തമായി. ഈ സാഹചര്യത്തിൽ ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ ക്രോസ്-ബോർഡർ പേയ്മെൻ്റ് സംവിധനത്തിനുള്ള നീക്കം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: BRICS Pay the cross-border payment initiative could be ready by 2030