ചിലർ ചിലർക്ക് മരുന്നാണ്; സൗഹൃദബന്ധങ്ങളുടെ പ്രാധാന്യം എന്താണ്? നല്ല സുഹൃത്തുക്കളെ എങ്ങനെ തിരിച്ചറിയാം

മനസ്സിന്റെ സന്തോഷത്തിനും ശാരീരികാരോഗ്യത്തിനും സൗഹൃദങ്ങള്‍ എത്രത്തോളം പ്രധാനമാണ്? പുതിയ ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്.

ജീവിതത്തില്‍ ചില മനുഷ്യരുടെ സാന്നിധ്യം തന്നെ നമുക്ക് വലിയൊരു ആശ്വാസമാണ്. അവരോടൊപ്പം കുറച്ചുനേരം ഇരിക്കുമ്പോള്‍ മനസ്സിലെ ഭാരങ്ങള്‍ കുറയുന്നതായി തോന്നും. ഒരു ഫോണ്‍ കോളിലൂടെയോ ചെറിയൊരു കൂടിക്കാഴ്ചയിലൂടെയോ നമ്മുടെ വിഷമങ്ങള്‍ കേള്‍ക്കാനും മനസ്സിലാക്കാനും കഴിയുന്ന ചിലരുണ്ടാകും. വലിയ ഉപദേശങ്ങളോ പരിഹാരങ്ങളോ ഒന്നും നല്‍കാതെ, നമ്മളെ കേള്‍ക്കാനും കൂടെയിരിക്കാനും കഴിയുന്നവര്‍. അത്തരം ചില മനുഷ്യരെക്കുറിച്ചാണ് 'ചിലര്‍ക്ക് ചിലര്‍ മരുന്നാണ്' എന്ന് പറയുന്നത്.

മനുഷ്യജീവിതത്തില്‍ സൗഹൃദം കേവലം വിനോദത്തിനോ ഒഴിവുസമയം ചെലവഴിക്കാനോ ഉള്ള ഒരു ബന്ധമല്ല. നമ്മുടെ വൈകാരിക സുരക്ഷിതത്വത്തിലും ആത്മവിശ്വാസത്തിലും മാനസികാരോഗ്യത്തിലും ജീവിതസംതൃപ്തിയിലുമെല്ലാം സ്വാധീനം ചെലുത്താന്‍ കഴിയുന്ന സുപ്രധാനമായ സാമൂഹികബന്ധമാണത്. നമ്മളെ മുന്‍വിധികളില്ലാതെ കേള്‍ക്കാനും, വിഷമഘട്ടങ്ങളില്‍ ചേര്‍ത്തുനിര്‍ത്താനും, വിജയങ്ങളില്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കാനും കഴിയുന്ന ഒരാളുടെ സാന്നിധ്യം ജീവിതത്തെ കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കുന്നു.സൗഹൃദങ്ങള്‍ മാനസികാരോഗ്യത്തിനു മാത്രമല്ല, ശാരീരികാരോഗ്യത്തിനും പ്രധാനമാണെന്നതിന് സമീപകാല ശാസ്ത്രീയ പഠനങ്ങളും കൂടുതല്‍ തെളിവുകള്‍ നല്‍കുന്നുണ്ട്.

സൗഹൃദങ്ങള്‍ ആരോഗ്യത്തെ സ്വാധീനിക്കുന്നത് എങ്ങനെ?

2025 ജൂണില്‍ ലോകാരോഗ്യ സംഘടന (WHO) പ്രസിദ്ധീകരിച്ച സാമൂഹികബന്ധങ്ങളെക്കുറിച്ചുള്ള ആഗോള റിപ്പോര്‍ട്ട് ശ്രദ്ധേയമായ ഒരു യാഥാര്‍ഥ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. ലോകത്ത് ഏകദേശം ആറിലൊരാള്‍ ഏകാന്തത അനുഭവിക്കുന്നുണ്ട്. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും വിഷാദം, ഉത്കണ്ഠ, ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങി വിവിധ ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഒരാള്‍ക്ക് ചുറ്റും ധാരാളം മനുഷ്യരുണ്ടെന്നതുകൊണ്ടുമാത്രം അയാള്‍ ഏകാന്തത അനുഭവിക്കുന്നില്ലെന്ന് പറയാനാകില്ല. നൂറുകണക്കിന് പരിചയക്കാരും സാമൂഹികമാധ്യമങ്ങളില്‍ ആയിരക്കണക്കിന് സുഹൃത്തുക്കളുമുണ്ടായിട്ടും സ്വന്തം വിഷമങ്ങള്‍ തുറന്നുപറയാന്‍ ഒരാളില്ലാത്ത അവസ്ഥയുണ്ടാകാം. മറുവശത്ത്, വളരെ ചെറിയൊരു സൗഹൃദവലയം മാത്രമുള്ള ഒരാള്‍ക്ക് ജീവിതത്തില്‍ വലിയ മാനസികസംതൃപ്തിയും അനുഭവപ്പെടാം.

സൗഹൃദങ്ങളുടെ എണ്ണത്തേക്കാള്‍ അവയുടെ ഗുണമേന്മയാണ് പ്രധാനമെന്ന് സമീപകാല ഗവേഷണങ്ങളും സൂചിപ്പിക്കുന്നു.2025-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 55 വയസ്സിനു മുകളിലുള്ള 272 പേരുടെ ദൈനംദിന സാമൂഹിക ഇടപെടലുകള്‍ പരിശോധിച്ചു. മറ്റുള്ളവരോടൊപ്പം ചെലവഴിക്കുന്ന സമയത്തിന്റെ അളവിനേക്കാള്‍ വൈകാരിക അടുപ്പമുള്ളതും മാനസികസമ്മര്‍ദം കുറവുള്ളതുമായ ഇടപെടലുകളാണ് കുറഞ്ഞ ഏകാന്തതയുമായി കൂടുതല്‍ ബന്ധപ്പെട്ടിരുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി.നമ്മുടെ സൗഹൃദങ്ങളെ വിലയിരുത്തേണ്ടതും ഈ അടിസ്ഥാനത്തിലാകണം. എത്ര സുഹൃത്തുക്കളുണ്ട് എന്നതിനേക്കാള്‍, അവരില്‍ എത്രപേരുടെ സാന്നിധ്യത്തില്‍ നമുക്ക് സുരക്ഷിതത്വവും സ്വീകാര്യതയും അനുഭവപ്പെടുന്നുണ്ട് എന്നതാണ് പ്രധാനം.

സൗഹൃദം മനസ്സിനെ മാത്രമല്ല, ശരീരത്തെയും സ്വാധീനിക്കുന്നു

മനസ്സും ശരീരവും പരസ്പരം ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. നമ്മുടെ ചിന്തകളും വികാരങ്ങളും സാമൂഹികബന്ധങ്ങളും ശരീരത്തിലെ വിവിധ ജൈവപ്രക്രിയകളുമായി ബന്ധപ്പെട്ടിരിക്കുന്നു. 2025 ജനുവരിയില്‍ Nature Human Behaviour എന്ന ശാസ്ത്രജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ഇതിന് ശ്രദ്ധേയമായ തെളിവുകള്‍ നല്‍കുന്നു.42,062 പേരുടെ വിവരങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഗവേഷണത്തില്‍ സാമൂഹികമായ ഒറ്റപ്പെടലിനും ഏകാന്തതയ്ക്കും രക്തത്തിലെ ചില പ്രോട്ടീനുകളുടെ അളവുകളുമായി ബന്ധമുള്ളതായി കണ്ടെത്തി. ശരീരത്തിലെ നീര്‍വീക്കപ്രക്രിയകളുമായും പ്രതിരോധവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ടവയായിരുന്നു ഇവയില്‍ ചിലത്. ഈ ജൈവസൂചകങ്ങളില്‍ പലതും തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളുമായും മരണസാധ്യതയുമായും ബന്ധപ്പെട്ടിരുന്നു. സാമൂഹികബന്ധങ്ങളും ശരീരാരോഗ്യവും തമ്മിലുള്ള ബന്ധത്തിന് ജൈവശാസ്ത്രപരമായ വിശദീകരണങ്ങള്‍ ഉണ്ടാകാമെന്നാണ് ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഏകാന്തത മാത്രം ഇത്തരം രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നോ സൗഹൃദം മാത്രം അവയെ തടയുമെന്നോ ഇതില്‍നിന്ന് നിഗമനത്തിലെത്താനാവില്ല.

നല്ല സൗഹൃദങ്ങള്‍ പ്രയാസകരമായ സാഹചര്യങ്ങളില്‍ വൈകാരിക പിന്തുണ നല്‍കാനും ആരോഗ്യകരമായ ജീവിതശീലങ്ങള്‍ നിലനിര്‍ത്താനുള്ള പ്രചോദനമാകാനും സഹായിച്ചേക്കാം.നമ്മള്‍ വിഷമിക്കുമ്പോള്‍ കാര്യങ്ങള്‍ കേള്‍ക്കുന്ന, തളരുമ്പോള്‍ പ്രോത്സാഹിപ്പിക്കുന്ന, ആവശ്യമെങ്കില്‍ വിദഗ്ധസഹായം തേടാന്‍ നിര്‍ദേശിക്കുന്ന ഒരു സുഹൃത്തിന്റെ സാന്നിധ്യം വിലമതിക്കാനാവാത്തതാണ്.

നല്ല സുഹൃത്തുക്കളെ എങ്ങനെ തിരിച്ചറിയാം?

സമാനമായ ചിന്താഗതികളും താല്‍പര്യങ്ങളും ജീവിതവീക്ഷണങ്ങളും പലപ്പോഴും സൗഹൃദങ്ങള്‍ക്ക് തുടക്കമിടാന്‍ സഹായിക്കുന്നു. എന്നാല്‍ എല്ലാ കാര്യങ്ങളിലും ഒരേ അഭിപ്രായമുള്ളവരായിരിക്കണം നല്ല സുഹൃത്തുക്കളെന്നില്ല. നമ്മില്‍നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളും സ്വഭാവസവിശേഷതകളുമുള്ള വ്യക്തികളോടും ആഴത്തിലുള്ള സൗഹൃദങ്ങള്‍ രൂപപ്പെടാം.പരസ്പര ബഹുമാനവും വിശ്വാസവും സ്വീകാര്യതയും നിലനില്‍ക്കുന്നുണ്ടോ എന്നതാണ് പ്രധാനം.നമ്മുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍, കുറ്റപ്പെടുത്താതെ കേള്‍ക്കുന്നവര്‍, നമ്മുടെ നേട്ടങ്ങളില്‍ അസൂയപ്പെടാതെ സന്തോഷിക്കുന്നവര്‍, തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അപമാനിക്കാതെ തിരുത്താന്‍ സഹായിക്കുന്നവര്‍ എന്നിവരെയെല്ലാം നല്ല സുഹൃത്തുക്കളായി പരിഗണിക്കാം.എന്നാല്‍ സൗഹൃദത്തില്‍ പരിഗണന ഒരുവശത്തേക്ക് മാത്രമാകരുത്.നമ്മെ കേള്‍ക്കാന്‍ ഒരു സുഹൃത്ത് വേണമെന്ന് ആഗ്രഹിക്കുന്നതുപോലെ, മറ്റൊരാളുടെ വിഷമങ്ങള്‍ കേള്‍ക്കാനുള്ള മനസ്സും നമുക്കുണ്ടാകണം.

നമുക്ക് സഹായം ആവശ്യമായപ്പോള്‍ മാത്രം മറ്റൊരാളെ ഓര്‍ക്കുകയും അയാള്‍ക്ക് നമ്മെ ആവശ്യമുള്ളപ്പോള്‍ തിരക്കിന്റെ പേരില്‍ നിരന്തരം ഒഴിഞ്ഞുമാറുകയും ചെയ്യുന്നത് ആരോഗ്യകരമായ സൗഹൃദത്തിന്റെ ലക്ഷണമല്ല. നല്ല സൗഹൃദങ്ങള്‍ അവകാശങ്ങളും പ്രതീക്ഷകളും മാത്രമല്ല, പരസ്പര ഉത്തരവാദിത്തങ്ങളും ഉള്‍ക്കൊള്ളുന്ന ബന്ധങ്ങളാണ്.

2024-ല്‍ Developmental Psychology എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കൗമാരക്കാരായ 271 സൗഹൃദജോഡികളുടെ സംഭാഷണരീതികള്‍ പരിശോധിച്ചിരുന്നു. പ്രശ്‌നങ്ങള്‍ പങ്കുവെക്കുമ്പോള്‍ പിന്തുണയോടെ പ്രതികരിക്കുക, ശ്രദ്ധയോടെ ചോദ്യങ്ങള്‍ ചോദിക്കുക, അനുഭവങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക തുടങ്ങിയ പെരുമാറ്റങ്ങള്‍ തുടര്‍ന്നുള്ള കാലയളവില്‍ കുറഞ്ഞ വിഷാദലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി.മറുവശത്ത്, പ്രശ്‌നങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നതും പിന്തുണയില്ലാതെ പ്രതികരിക്കുന്നതുമായ രീതികള്‍ കൂടുതല്‍ വിഷാദലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരുന്നു.ഇത് ഓര്‍മിപ്പിക്കുന്നൊരു കാര്യമുണ്ട്: ഒരു നല്ല സുഹൃത്താകാന്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തേണ്ടതില്ല; ചിലപ്പോള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നതുതന്നെ വലിയ പിന്തുണയാണ്.

ദാമ്പത്യജീവിതത്തിലും സൗഹൃദങ്ങള്‍ അനിവാര്യമാണ്

ഭാര്യയും ഭര്‍ത്താവും പരസ്പരം നല്ല സുഹൃത്തുക്കളായിരിക്കാന്‍ കഴിയുന്നത് ദാമ്പത്യബന്ധത്തിലെ വലിയൊരു നേട്ടമാണ്. എന്നാല്‍ പങ്കാളി തന്നെയായിരിക്കണം നമ്മുടെ ഏറ്റവും അടുത്തതും ഏകവുമായ സുഹൃത്ത് എന്ന പ്രതീക്ഷ എല്ലായ്‌പ്പോഴും യാഥാര്‍ഥ്യബോധമുള്ളതാകണമെന്നില്ല.വ്യത്യസ്ത കുടുംബപശ്ചാത്തലങ്ങളില്‍ വളര്‍ന്നുവന്ന രണ്ടുപേര്‍ക്ക് താല്‍പര്യങ്ങളിലും സ്വഭാവത്തിലും ചിന്താഗതികളിലും ജീവിതവീക്ഷണങ്ങളിലും വ്യത്യാസങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്.ചില ദമ്പതികള്‍ക്ക് പരസ്പരം എല്ലാ കാര്യങ്ങളും പങ്കുവെക്കാന്‍ കഴിയുന്ന ആഴത്തിലുള്ള സൗഹൃദമുണ്ടാകും. മറ്റു ചിലര്‍ക്ക് ചില വിഷയങ്ങളില്‍ മനഃപൊരുത്തം കുറവായിരിക്കാം. അതുകൊണ്ടുമാത്രം അവരുടെ ദാമ്പത്യം പരാജയമാണെന്ന് പറയാനാവില്ല.ദാമ്പത്യബന്ധത്തിലെ അടുപ്പത്തിനൊപ്പം വ്യക്തിപരമായ സൗഹൃദങ്ങളും താല്‍പര്യങ്ങളും നിലനിര്‍ത്താന്‍ കഴിയുന്നത് ഇരുവരുടെയും ജീവിതത്തെ സമ്പന്നമാക്കും.

ഭാര്യയോ ഭര്‍ത്താവോ തന്റെ പഴയ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുമ്പോഴോ സ്വന്തം താല്‍പര്യങ്ങള്‍ക്കും ഹോബികള്‍ക്കും സമയം കണ്ടെത്തുമ്പോഴോ അതിനെ പങ്കാളിയോടുള്ള സ്‌നേഹക്കുറവായി വ്യാഖ്യാനിക്കേണ്ടതില്ല. വിവാഹം ഒരാളുടെ വ്യക്തിത്വത്തിന്റെയോ സാമൂഹികജീവിതത്തിന്റെയോ അവസാനമല്ല. ദാമ്പത്യത്തിനപ്പുറമുള്ള ആരോഗ്യകരമായ സൗഹൃദങ്ങളും വ്യക്തിപരമായ താല്‍പര്യങ്ങളും ഒരാളുടെ സന്തോഷത്തിനും ആത്മവിശ്വാസത്തിനും മാനസികാരോഗ്യത്തിനും സംഭാവന നല്‍കാം.ഒരാളുടെ വൈകാരികവും സാമൂഹികവുമായ എല്ലാ ആവശ്യങ്ങളും ഒരൊറ്റ ബന്ധത്തിലൂടെ മാത്രം നിറവേറ്റാന്‍ കഴിയണമെന്നില്ല. പങ്കാളിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനൊപ്പം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും മറ്റുള്ളവരുമായും ആരോഗ്യകരമായ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുന്നത് ജീവിതത്തില്‍ കൂടുതല്‍ പിന്തുണ ലഭിക്കാന്‍ സഹായിക്കും.

'അവരോട് സംസാരിക്കേണ്ട': സ്‌നേഹത്തിന്റെ പേരിലുള്ള അമിത നിയന്ത്രണങ്ങള്‍ ദാമ്പത്യത്തെ തകര്‍ക്കുമോ?

ദാമ്പത്യബന്ധങ്ങളില്‍ ചിലപ്പോള്‍ സൗഹൃദങ്ങളുടെ പേരില്‍ അനാവശ്യമായ നിയന്ത്രണങ്ങളും തര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്. 'അവരോട് സംസാരിക്കേണ്ട', 'സുഹൃത്തുക്കളെ കാണാന്‍ പോകേണ്ട', 'എന്നോടൊപ്പം മാത്രം സമയം ചെലവഴിച്ചാല്‍ മതി' എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും പേരില്‍ മുന്നോട്ടുവയ്ക്കപ്പെടാറുണ്ട്.പങ്കാളിയുടെ സൗഹൃദങ്ങളെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. ബന്ധത്തിന്റെ വിശ്വാസ്യതയെയും സുരക്ഷിതത്വത്തെയും ബാധിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവ തുറന്നുസംസാരിക്കേണ്ടതുമുണ്ട്. എന്നാല്‍ വ്യക്തമായ കാരണങ്ങളില്ലാതെ പങ്കാളിയുടെ സാമൂഹികബന്ധങ്ങളെ നിരന്തരം നിയന്ത്രിക്കുന്നതും സുഹൃത്തുക്കളില്‍നിന്ന് അകറ്റുന്നതും ആരോഗ്യകരമായ ബന്ധത്തിന്റെ ലക്ഷണമല്ല.അമിതമായ സംശയം, ഉടമസ്ഥബോധം (Possessiveness), വ്യക്തിസ്വാതന്ത്ര്യത്തിലുള്ള അനാവശ്യ ഇടപെടലുകള്‍ എന്നിവ ദാമ്പത്യത്തില്‍ മാനസികസമ്മര്‍ദത്തിനും അതൃപ്തിക്കും കാരണമാകാം. സ്‌നേഹത്തിന്റെ പേരില്‍ മറ്റൊരാളുടെ ലോകം ചെറുതാക്കുന്നതല്ല, അയാളുടെ വ്യക്തിത്വത്തെയും മാനസികക്ഷേമത്തെയും ബഹുമാനിക്കാന്‍ കഴിയുന്നതാണ് പക്വമായ സ്‌നേഹം.അതേസമയം, സൗഹൃദങ്ങളിലെ ആരോഗ്യകരമായ അതിരുകളും ദാമ്പത്യബന്ധത്തിലെ പരസ്പര വിശ്വാസവും നിലനിര്‍ത്തേണ്ടതും പ്രധാനമാണ്. വ്യക്തിസ്വാതന്ത്ര്യവും പരസ്പര ഉത്തരവാദിത്തവും തമ്മില്‍ സന്തുലിതാവസ്ഥ കണ്ടെത്താനാകണം.

സ്വന്തം സന്തോഷങ്ങളും താല്‍പര്യങ്ങളും നിലനിര്‍ത്താന്‍ കഴിയുന്ന ഒരാള്‍ക്ക് ദാമ്പത്യജീവിതത്തിലും കൂടുതല്‍ സംതൃപ്തിയും വൈകാരിക സ്ഥിരതയും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ അതിന് സൗഹൃദങ്ങള്‍ മാത്രമല്ല, ദാമ്പത്യത്തിലെ ആശയവിനിമയവും പരസ്പര പരിഗണനയും പ്രധാനമാണ്.

തിരക്കുകള്‍ക്കിടയില്‍ നഷ്ടപ്പെടുന്ന സൗഹൃദങ്ങള്‍

പഠനകാലത്ത് ഒരുമിച്ചിരുന്നവരും ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ചവരുമായ പല സുഹൃത്തുക്കളും പിന്നീട് നമ്മുടെ ജീവിതത്തില്‍നിന്ന് അകന്നുപോകാറുണ്ട്.ജോലി, വിവാഹം, കുടുംബജീവിതം, കുട്ടികളുടെ ഉത്തരവാദിത്തങ്ങള്‍, സാമ്പത്തികപ്രയാസങ്ങള്‍, പ്രവാസജീവിതം തുടങ്ങിയവയൊക്കെ ഇതിന് കാരണങ്ങളാകാം.

തിരക്കുകള്‍ കൂടുന്നതിനനുസരിച്ച് സൗഹൃദങ്ങള്‍ക്ക് നല്‍കുന്ന പരിഗണന പലരും കുറയ്ക്കുന്നു. പിന്നീട് ജീവിതത്തില്‍ വലിയൊരു പ്രതിസന്ധി വരുമ്പോഴായിരിക്കും മനസ്സുതുറന്ന് സംസാരിക്കാന്‍ ഒരാളെ കണ്ടെത്താന്‍ പോലും കഴിയുന്നില്ലെന്ന് തിരിച്ചറിയുന്നത്.എല്ലാ സൗഹൃദങ്ങളും ദിവസേനയുള്ള ഫോണ്‍വിളികളിലൂടെയോ കൂടിക്കാഴ്ചകളിലൂടെയോ മാത്രം നിലനില്‍ക്കണമെന്നില്ല.

എന്നാല്‍ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ഇരുവശത്തുനിന്നും ഒരു പരിധിവരെ ശ്രമമുണ്ടാകണം. നമ്മുടെ ഒഴിവുസമയം മാത്രം സുഹൃത്തുക്കള്‍ക്കായി നീക്കിവയ്ക്കുന്നതിനുപകരം, ചിലപ്പോഴെങ്കിലും തിരക്കുകള്‍ക്കിടയില്‍ അവര്‍ക്കുവേണ്ടി സമയം കണ്ടെത്താന്‍ ശ്രമിക്കാം.'സുഖമാണോ?', 'എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?', 'എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?' എന്നിങ്ങനെയുള്ള ചെറിയ അന്വേഷണങ്ങള്‍പോലും മറ്റൊരാള്‍ക്ക് താന്‍ പരിഗണിക്കപ്പെടുന്നുണ്ടെന്ന അനുഭവം നല്‍കാം.2025-ലെ World Happiness Report സാമൂഹികബന്ധങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന മറ്റൊരു കണ്ടെത്തല്‍ അവതരിപ്പിച്ചിരുന്നു.142 രാജ്യങ്ങളിലും പ്രദേശങ്ങളിലുംനിന്നുള്ള വിവരങ്ങളുടെ വിശകലനത്തില്‍ മറ്റുള്ളവരോടൊപ്പം ഭക്ഷണം പങ്കിടുന്നവര്‍ പൊതുവേ കൂടുതല്‍ ജീവിതസംതൃപ്തിയും സന്തോഷകരമായ വികാരങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതായി കണ്ടെത്തി.ഇവിടെ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് സൗഹൃദങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടുന്ന സാമൂഹിക ഇടപെടലുകളുടെ പ്രാധാന്യമാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ഒരു ചായയ്‌ക്കൊപ്പം നടക്കുന്ന ചെറിയ സംഭാഷണമോ, ഇടയ്ക്കുള്ള ഒരു കൂടിക്കാഴ്ചയോ, സുഹൃത്തുക്കളോടൊപ്പമുള്ള യാത്രയോ ചിലപ്പോള്‍ നമ്മുടെ മാനസികക്ഷേമത്തിന് ഗുണകരമായ അനുഭവങ്ങളാകാം.

എല്ലാവര്‍ക്കും വലിയൊരു സുഹൃത്ത് വലയം ആവശ്യമാണോ?

എല്ലാവരും ഒരേ രീതിയില്‍ സൗഹൃദങ്ങള്‍ ആഗ്രഹിക്കുന്നവരല്ല. ചിലര്‍ക്ക് ധാരാളം സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനായിരിക്കും താല്‍പര്യം. മറ്റു ചിലര്‍ക്ക് ഒന്നോ രണ്ടോ അടുത്ത ബന്ധങ്ങളും കൂടുതല്‍ വ്യക്തിപരമായ സമയവുമായിരിക്കും ഇഷ്ടം. അന്തര്‍മുഖ സ്വഭാവമുള്ളവര്‍ക്ക് വലിയൊരു സുഹൃദ്വലയം ഇല്ലെന്നതുകൊണ്ടോ ഒറ്റയ്ക്ക് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ടോ മാനസികാരോഗ്യക്കുറവുണ്ടെന്ന് വിലയിരുത്താനാവില്ല.

തനിച്ചായിരിക്കുന്നതും ഏകാന്തത അനുഭവിക്കുന്നതും രണ്ടാണ്.സ്വന്തം ഇഷ്ടപ്രകാരം ഏകാന്തമായി സമയം ചെലവഴിക്കുന്ന ഒരാള്‍ക്ക് അതില്‍ സന്തോഷവും സമാധാനവും കണ്ടെത്താനാകാം. എന്നാല്‍ മനുഷ്യരുമായി അടുപ്പം ആഗ്രഹിച്ചിട്ടും അത്തരം ബന്ധങ്ങള്‍ ലഭിക്കാതെ വരുമ്പോഴാണ് വേദനാജനകമായ ഏകാന്തത അനുഭവപ്പെടുന്നത്.സുഹൃത്തുക്കളില്ലാത്ത അവസ്ഥയും ഒരാളുടെ വ്യക്തിപരമായ പരാജയമായി കാണരുത്.നിരവധി കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടാകാം. ജീവിതസാഹചര്യങ്ങള്‍, സാമൂഹികാവസരങ്ങളുടെ കുറവ്, മുന്‍കാല അനുഭവങ്ങള്‍, വ്യക്തിത്വസവിശേഷതകള്‍, അല്ലെങ്കില്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഒരു വ്യക്തിയെ തനിച്ചാക്കിയേക്കാം.അതുകൊണ്ട് സൗഹൃദങ്ങള്‍ പ്രധാനമാണെന്ന തിരിച്ചറിവ്, സുഹൃത്തുക്കള്‍ കുറവുള്ളവരെ കുറ്റപ്പെടുത്താനുള്ള കാരണമായി മാറരുത്.

2026-ലെ Research on Aging ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ 23,248 മധ്യവയസ്‌കരുടെയും മുതിര്‍ന്നവരുടെയും 16 വര്‍ഷത്തെ വിവരങ്ങള്‍ വിശകലനം ചെയ്തിരുന്നു.സൗഹൃദങ്ങളും ആരോഗ്യവും തമ്മിലുള്ള ദീര്‍ഘകാല സ്വാധീനം നേരത്തെ കരുതിയതിനെക്കാള്‍ സങ്കീര്‍ണമാണെന്നും ആരോഗ്യനിലയും സൗഹൃദങ്ങളെ സ്വാധീനിക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിച്ചു.അര്‍ത്ഥപൂര്‍ണമായ സാമൂഹികബന്ധങ്ങള്‍ രൂപപ്പെടുത്താനുള്ള അവസരങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കേണ്ടതിന്റെ ആവശ്യകതയായാണ് ഈ കണ്ടെത്തലുകളെ കാണേണ്ടത്.

എല്ലാ സൗഹൃദങ്ങളും ആരോഗ്യകരമാകണമെന്നില്ല

സൗഹൃദം എന്ന പേരിലുള്ള എല്ലാ ബന്ധങ്ങളും ഒരാളുടെ മാനസികാരോഗ്യത്തിന് ഗുണകരമായിരിക്കണമെന്നില്ല. നിരന്തരം കുറ്റപ്പെടുത്തുന്നവര്‍, അപമാനിക്കുന്നവര്‍, വ്യക്തിപരമായ അതിരുകള്‍ ലംഘിക്കുന്നവര്‍, നമ്മുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നവര്‍ എന്നിവരുമായുള്ള ബന്ധങ്ങള്‍ ചിലപ്പോള്‍ മാനസികസമ്മര്‍ദത്തിന് കാരണമാകാം.2025-ല്‍ പ്രസിദ്ധീകരിച്ച ഒരു ദീര്‍ഘകാല പഠനത്തില്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായുമുള്ള ബന്ധങ്ങളിലെ പിന്തുണക്കുറവും സംഘര്‍ഷങ്ങളും ആയുര്‍ദൈര്‍ഘ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിരുന്നു.പ്രത്യേകിച്ച് സമ്മര്‍ദപൂര്‍ണമായ ബന്ധങ്ങളുടെ പ്രാധാന്യമാണ് പഠനം ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഇത്തരം നിരീക്ഷണപഠനങ്ങള്‍ നേരിട്ടുള്ള കാരണബന്ധം തെളിയിക്കുന്നില്ല.സൗഹൃദം നിലനിര്‍ത്താന്‍ വേണ്ടി നിരന്തരം അപമാനങ്ങള്‍ സഹിക്കുകയോ സ്വന്തം മാനസികക്ഷേമം അവഗണിക്കുകയോ ചെയ്യേണ്ടതില്ല.നല്ല സൗഹൃദങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. വഴക്കുകളും തെറ്റിദ്ധാരണകളും ഉണ്ടാകാം. എന്നാല്‍ അവ പരിഹരിക്കാന്‍ പരസ്പരം ശ്രമിക്കുന്നതും വ്യക്തിപരമായ അതിരുകളെ ബഹുമാനിക്കുന്നതുമാണ് ബന്ധത്തെ ആരോഗ്യകരമാക്കുന്നത്.

സൗഹൃദങ്ങള്‍ക്കുവേണ്ടിയും സമയം കണ്ടെത്തണം

ജീവിതത്തില്‍ നാം പല കാര്യങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കാറുണ്ട്. ജോലി, വരുമാനം, കുടുംബം, മക്കളുടെ വിദ്യാഭ്യാസം, ഭാവിയിലേക്കുള്ള സമ്പാദ്യം എന്നിവയെല്ലാം നമ്മുടെ മുന്‍ഗണനകളാണ്.എന്നാല്‍ ഇതിനിടയില്‍ നമ്മുടെ മാനസികക്ഷേമത്തിന് പിന്തുണയാകുന്ന സൗഹൃദങ്ങള്‍ക്കായി സമയം കണ്ടെത്തുന്നതും സ്വയംപരിചരണത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയണം.പഴയൊരു സുഹൃത്തിനെ വിളിക്കാം. ഏറെക്കാലമായി സംസാരിക്കാത്ത ഒരാളുടെ വിശേഷങ്ങള്‍ അന്വേഷിക്കാം. സമാനമായ താല്‍പര്യങ്ങളുള്ളവരുമായി പുതിയ ബന്ധങ്ങള്‍ രൂപപ്പെടുത്താം. വായന, കല, കായികപ്രവര്‍ത്തനങ്ങള്‍, സാമൂഹികസേവനം തുടങ്ങിയവയിലൂടെ മറ്റുള്ളവരുമായി ഇടപഴകാനുള്ള അവസരങ്ങള്‍ കണ്ടെത്താം.

പുതിയ സൗഹൃദങ്ങള്‍ രൂപപ്പെടുത്താന്‍ പ്രായം ഒരു തടസ്സമല്ല. ജീവിതത്തിലെ ഏതു ഘട്ടത്തിലും പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ നല്ല ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയും.അതുപോലെ നമ്മുടെ സുഹൃത്തുക്കള്‍ക്കും സ്വന്തം ജീവിതവും ഉത്തരവാദിത്തങ്ങളും വ്യക്തിപരമായ ഇടവും ഉണ്ടെന്നത് അംഗീകരിക്കണം. നിരന്തരം ലഭ്യമായിരിക്കണമെന്ന പ്രതീക്ഷയോ വൈകാരിക സമ്മര്‍ദമോ സൗഹൃദത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്താം.സൗഹൃദങ്ങള്‍ നമ്മുടെ സന്തോഷത്തിനും പ്രതിസന്ധികളെ നേരിടാനുള്ള ശേഷിക്കും സംഭാവന നല്‍കുമെങ്കിലും അവ മാനസികാരോഗ്യ ചികിത്സയ്ക്ക് പകരമല്ല. ഗുരുതരമായ മാനസികപ്രയാസങ്ങള്‍ അനുഭവപ്പെടുമ്പോള്‍ സുഹൃത്തുക്കളുടെ പിന്തുണയ്‌ക്കൊപ്പം ആവശ്യമായ പ്രൊഫഷണല്‍ സഹായവും തേടേണ്ടതാണ്.

ചില മനുഷ്യര്‍ നമ്മുടെ ജീവിതത്തിലെ കരുതലാണ്

ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുന്നവരല്ല നല്ല സുഹൃത്തുക്കള്‍. എന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കിടയിലും നമ്മള്‍ തനിച്ചല്ലെന്ന ബോധം നല്‍കാന്‍ അവര്‍ക്ക് കഴിയും.നമ്മുടെ വിജയങ്ങളില്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കുന്നവരും പരാജയങ്ങളില്‍ കുറ്റപ്പെടുത്താതെ ചേര്‍ത്തുനിര്‍ത്തുന്നവരും തെറ്റായ തീരുമാനങ്ങളില്‍നിന്ന് നമ്മെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നവരും ജീവിതത്തിലെ വിലപ്പെട്ട സമ്പാദ്യമാണ്.പണവും സ്ഥാനമാനങ്ങളും സാമൂഹിക അംഗീകാരങ്ങളും ജീവിതത്തിന് ആവശ്യമായിരിക്കാം. എന്നാല്‍ മനസ്സുതുറന്ന് സംസാരിക്കാന്‍ കഴിയുന്നവരും നമ്മെ മനസ്സിലാക്കുന്നവരും കൂടെയുണ്ടാകുന്നതിന്റെ മൂല്യം അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്.അത്തരത്തിലുള്ള ബന്ധങ്ങള്‍ സൃഷ്ടിക്കാനും നിലനിര്‍ത്താനും നമ്മുടെ ഭാഗത്തുനിന്നും ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാകണം.

നമ്മുടെ ജീവിതത്തില്‍ ആരൊക്കെയാണ് നല്ല സുഹൃത്തുക്കളായി ഉള്ളതെന്ന് ചിന്തിക്കുന്നതിനൊപ്പം, മറ്റൊരാളുടെ ജീവിതത്തില്‍ നാം എത്രത്തോളം നല്ലൊരു സുഹൃത്താണ് എന്ന ചോദ്യവും സ്വയം ചോദിക്കണം.കാരണം, നല്ല സൗഹൃദം നമുക്ക് ലഭിക്കുന്ന പരിഗണനയില്‍ മാത്രമല്ല, നമ്മള്‍ മറ്റൊരാള്‍ക്ക് നല്‍കുന്ന കരുതലിലും നിലനില്‍ക്കുന്നു.

ചിലര്‍ക്ക് ചിലര്‍ മരുന്നാണ് എന്നത് വെറുമൊരു കാവ്യഭംഗിയുള്ള പ്രയോഗമല്ല; നല്ല മനുഷ്യബന്ധങ്ങള്‍ക്ക് നമ്മുടെ മാനസികക്ഷേമത്തിലും ജീവിതത്തിലും ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെ ഓര്‍മിപ്പിക്കുന്ന വാക്കുകളാണത്.അത്തരത്തിലുള്ള ചില മനുഷ്യരെ ജീവിതത്തില്‍ കണ്ടെത്തുന്നതും അവരെ കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്നതും നമുക്കും മറ്റുള്ളവര്‍ക്കും നല്‍കാവുന്ന വിലപ്പെട്ട സമ്മാനങ്ങളില്‍ ഒന്നാണ്. ഈ ലേഖനം വായിക്കുമ്പോള്‍ നിങ്ങളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയ ആ സുഹൃത്ത് ആരാണ്? അവരോടുള്ള സ്‌നേഹവും നന്ദിയും അറിയിക്കാന്‍ ഈ വരികള്‍ ഒരു കാരണമാകട്ടെ.

Content Highlights :How important are friendships for mental happiness and physical health? Let’s find out what recent scientific studies have to say

To advertise here,contact us