സ്വവര്‍ഗാനുരാഗം ഇന്‍ഫ്‌ളുവന്‍സ് ചെയ്യുമെന്ന് ആര് പറഞ്ഞു? ഹോമോഫോബിയ കണ്ണും ചിന്തയും മൂടിക്കെട്ടുമ്പോള്‍

ഒരു വ്യക്തിയുടെ സെക്ഷ്വാലിറ്റിയെ മറ്റൊരാള്‍ക്കോ, ഏതെങ്കിലും വിഭാഗത്തിനോ, സമൂഹത്തിനോ സ്വാധീനിക്കാന്‍ കഴിയുമോ?

2 min read|16 Sep 2025, 03:30 pm

'എന്റെ നാല് വയസുള്ള മകനും ഇവരെ കണ്ട് ഇന്‍ഫളുവന്‍സ്ഡ് ആകും', ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലെ മത്സരാര്‍ഥി അതേ ഷോയിലെ മത്സരാര്‍ഥികളായ ലെസ്ബിയന്‍ ദമ്പതികളെ കുറിച്ച് പറഞ്ഞതാണ് ഇത്.

റിയാലിറ്റി ഷോയിലെ ഒരു മത്സരാര്‍ത്ഥി ലെസ്ബിയന്‍ കപ്പിള്‍സായ എതിര്‍മത്സരാര്‍ത്ഥികളെക്കുറിച്ച് പറഞ്ഞ ഈ വാക്കുകള്‍ നിങ്ങളും കേട്ടുകാണും. മത്സരാര്‍ത്ഥി എല്‍ജിബിടിക്യൂഐ കമ്മ്യൂണിറ്റിയെ അധിക്ഷേപിക്കുന്ന തരത്തില്‍ 'സമൂഹത്തില്‍ ഇറങ്ങി ജീവിക്കാന്‍ ഇവര്‍ക്കൊന്നും പറ്റത്തില്ല. വീട്ടില്‍ പോലും കയറ്റാന്‍ പറ്റാത്തവരാണ് എന്നതടക്കം കടുത്ത മറ്റുചില പരാമര്‍ശങ്ങള്‍ കൂടി നടത്തുകയും മോഹന്‍ലാല്‍ തന്നെ കടുത്ത താക്കീത് നല്‍കുന്നുമുണ്ട്.

എല്‍ജിബിടിക്യൂഐ കമ്മ്യൂണിറ്റിയെ സാമാന്യവല്‍ക്കരിക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് മത്സരാര്‍ത്ഥി തന്റെ നാല് വയസ്സുള്ള മകന്‍ ഇവരെ കണ്ട് ഇന്‍ഫ്‌ളൂവന്‍ഡ് ആവുമെന്ന് പറയുന്നത്. ഇതില്‍ യാഥാര്‍ത്ഥ്യമുണ്ടോ? ഒരു വ്യക്തിയുടെ സെക്ഷ്വാലിറ്റിയെ ഒരാള്‍ക്കോ ഏതെങ്കിലും വിഭാഗത്തിനോ സമൂഹത്തിനോ സ്വാധീനിക്കാന്‍ കഴിയുമോ? ഇല്ലെന്ന് ഒറ്റവാക്കില്‍ പറയട്ടെ. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍, ക്വിയര്‍ വ്യക്തികളെയും ബന്ധങ്ങളെയുംക്കുറിച്ച് യാതൊന്നും അറിയാതെയും മുന്‍വിധിയോടെയും ഒരാള്‍ നടത്തിയ പ്രസ്താവനയായിട്ട് മാത്രമെ ഈ മത്സരാര്‍ത്ഥിയുടെ അഭിപ്രായത്തെ കാണാനാകൂ.

ഇന്ന് സ്വവര്‍ഗാനുരാഗം നമുക്ക് വളരെ പരിചിതമായ ഒരു വാക്കാണ്. ഒരാള്‍ക്ക് അതേ ജെന്‍ഡറിലുള്ള മറ്റൊരാളോടുതോന്നുന്ന ആകര്‍ഷണമാണ് സ്വവര്‍ഗാനുരാഗം. ഒരാളുടെ സെക്ഷ്വാലിറ്റി അടിസ്ഥാനപരമായി ജനിക്കുമ്പോള്‍ തന്നെ നിര്‍ണ്ണയിക്കപ്പെടുന്നതാണ്. അത് ഒരിക്കലും ഒരാളുടെ സ്വാധീനംകൊണ്ട് തീരുമാനിക്കപ്പെടുന്നതോ മാറുന്നതോ ആയ ഒന്നല്ല. ഓപ്പോസിറ്റ് സെക്‌സിനോട് അട്രാക്ഷന്‍ തോന്നുന്നത് പോലെ വളരെ നോര്‍മലായി സംഭവിക്കുന്ന കാര്യമാണ് സേം സെക്‌സ് ബന്ധങ്ങള്‍. കുട്ടികള്‍ ഹോമോസെക്ഷ്വല്‍ വ്യക്തികളെ കണ്ട് ഇന്‍ഫ്ളുവന്‍സ്ഡ് ആകും എന്നത് തീര്‍ത്തും തെറ്റിദ്ധാരണയുണ്ടാക്കുന്ന പരാമര്‍ശമാണെന്ന് ഒരിക്കല്‍ക്കൂടി പറഞ്ഞുവയ്ക്കട്ടെ. ഷോയില്‍ ലെസ്ബിയന്‍ മത്സരാര്‍ത്ഥികള്‍ തന്നെ ഇക്കാര്യം വിശദീകരിക്കുന്നുമുണ്ട്. തങ്ങള്‍ പരസ്പരം കണ്ടുമുട്ടിയതുകൊണ്ടാണ് സ്വത്വം തിരിച്ചറിഞ്ഞതെന്നും ഹോമോ സെക്‌സ്വെക്ഷല്‍ ആയ ഞങ്ങള്‍ക്ക് ഹെട്രോ സെക്ഷ്വലായ ആളുകളെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് ഇരുവരും പറഞ്ഞത്.

ക്വീര്‍ ബന്ധങ്ങള്‍ ഇത്രത്തോളം വിമര്‍ശിക്കപ്പെടാനും അംഗീകരിക്കപ്പെടാതെ പോകുന്നതിനും പ്രധാനകാരണം അതിനെക്കുറിച്ചുള്ള സാമാന്യ അറിവില്ലായ്മയും അംഗീകരിക്കാനുള്ള വൈമനസ്യവുമാണ്. സ്‌കൂളുകളില്‍ നിന്നോ വീട്ടില്‍ നിന്നോ കൃത്യമായ സെക്സ് എജ്യൂക്കേഷന്‍ ലഭിക്കുന്നില്ല. സെക്ഷ്വല്‍ ഓറിയന്റേഷനോ, ജെന്‍ഡര്‍ ഐഡന്റിറ്റിയെക്കുറിച്ചുള്ള ധാരണയോ ഇല്ലാത്ത സമൂഹം ഇത്തരം കാര്യങ്ങളില്‍ അറിവില്ലാത്ത മനുഷ്യരെക്കൂടിയാണ് സൃഷ്ടിക്കുന്നത്. മതവും ഹോമോസെക്ഷ്വല്‍ ബന്ധങ്ങളെ അംഗീകരിച്ചിട്ടില്ലെന്ന് മാത്രമല്ല കടുത്ത ഹോമോ ഫോബിയ ആണ് പ്രചരിപ്പിക്കുന്നത്.

Content Highlight; Who told that homosexuality has an influence?

To advertise here,contact us