കേരളത്തിലെ വലിയൊരു വിഭാഗം ചെറുപ്പക്കാര് ഇപ്പോള് കടന്നു പോകുന്നത് ലൈംഗിക ദാഹത്തിന്റെ ഉറക്കമില്ലാത്ത രാവുകളിലൂടെയാണ്. യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാഹുല് മാങ്കൂട്ടത്തില് രാജി വെക്കേണ്ടി വന്ന വിഷയത്തില് നിന്ന് നാം അടിയന്തിരമായി മനസ്സിലാക്കേണ്ടത്, ചെറുപ്പക്കാര് കടന്നു പോകുന്ന ലൈംഗിക വിഭ്രാന്തികളെക്കുറിച്ചാണ്.
സ്ത്രീ, ലൈംഗികത, സ്വാതന്ത്ര്യം, ചങ്ങാത്തം - തുടങ്ങിയ കാര്യങ്ങളില് വളരെയധികം ദുഷ്കരമായ വിധിനിര്ണ്ണായക ദിനങ്ങളിലൂടെയാണ് അവര് കടന്നു പോകുന്നത്. മലയാളി പുരുഷന്മാരെ ഇത്ര മാത്രം അരസികന്മാരും ലൈംഗികദാഹികളുമാക്കി മാറ്റിയത് നമ്മുടെ രാഷ്ട്രീയമാണ്. മതം പോലും മനുഷ്യരെ ഇത്ര മാത്രം അരസികരാക്കിയിട്ടില്ല.
ഒന്നോ രണ്ടോ ദിവസത്തെ പരിചയം കൊണ്ടോ ചാറ്റുകള് കൊണ്ടോ പുരുഷാധിപത്യത്താല് തുള്ളിച്ചാടുന്ന മനോഭാവമുള്ള സോപ്പു കുട്ടപ്പന്മാര് എത്തുന്ന ഒരു മനോഭാവം / ലൈംഗികത നിറഞ്ഞ ശാരീരിക വൃത്തികളിലേക്ക് സ്ത്രീകള് പെട്ടെന്ന് ചാടി വീഴും എന്നാണ്. പുരുഷന്മാരുടെ വികലമായ ചോദനകള്ക്ക് സ്ത്രീകള് പെട്ടെന്നു തന്നെ വിധേയരാവും എന്ന ബോധത്തിലേക്ക് അവരെത്തുന്നു.
യഥാര്ഥത്തില്, സ്നേഹം കൂടാതെ അത് സംഭവിക്കുകയില്ല. സ്നേഹം നടിക്കുന്ന സോപ്പു കുട്ടപ്പന്മാരെ പെട്ടെന്ന് തിരിച്ചറിയാന് സാധിക്കുമെന്നതാണ് സ്ത്രീകളില് പൊതുവായി കണ്ടു വരുന്ന ഒരു പ്രത്യേകത. ആണ്കോയ്മയുടെ അന്തസ്സ് കെട്ട കഥകള് അവര്ക്കറിയാം. ഇരുട്ടിലെ / ഏകാന്ത രാവുകളില് അയക്കുന്ന ചാറ്റുകള്ക്ക് വശീകരണ സ്വഭാവം അല്പം കൂടുതലുമായിരിക്കും. സ്ത്രീയെ ഒരു ഭോഗവസ്തു അല്ലെങ്കില് ഒബ്ജക്റ്റ് മാത്രമായി/തനിക്ക് ആഹ്ലാദം ജനിപ്പിക്കാന് ഉള്ള ഒരു ഒരു ഒബ്ജക്റ്റ് മാത്രമായി കാണുന്ന ഒരു തല്ലിപ്പൊളി ബോധമാണ് 'ചില' പുരുഷന്മാരുടെ ലൈംഗിക ബോധത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്.
ആദ്യം അയാള് ഒരു സമാധാന വാദിയായും സ്ത്രീ പക്ഷവാദിയായും പ്രത്യക്ഷപ്പെടും. പിന്നെ സ്ത്രീകളെല്ലാം ആഗ്രഹിക്കുന്നത് കൊഞ്ചലും 'ഫക്കു' മാണെന്ന ചിന്തയിലെത്തും. തന്റെ ലൈംഗികമായ ചോയ്സിലേക്ക് സ്ത്രീകളെ കൊണ്ടുവരാനുള്ള കളിത്തരം വാക്കുകള് കൊണ്ടുള്ള പ്രവാഹമാണ് പിന്നീടുണ്ടാവുക.
ഇതിന്റെ യഥാര്ത്ഥ കാരണത്തെയാണ് നാം അന്വേഷിക്കേണ്ടത്. ആധുനിക / നാഗരിക സാമൂഹങ്ങളില് ഉള്ളത് പോലെ സ്ത്രീകള്ക്കും പുരുഷനും നിര്ഭയമായി കയറിപ്പോകാവുന്ന മസാജ് പാര്ലറുകള് ഇവിടെയില്ല. പുരുഷന് അനുഭവിക്കുന്ന ലൈംഗിക തൃഷ്ണ/റ്റെംറ്റേഷന്/എവിടെ ചെന്ന് കളയും? മലയാളി പുരുഷന്റെ ബോധം ശരീരം/ശരീരം എന്ന് നിലവിളിക്കുകയാണ്. സ്ത്രീകളോട് വിവേചന രഹിതമായി പെരുമാറുന്നതിന്റെ അടിസ്ഥാന കാരണം അതാണ്. അവര് അജ്ഞരായി പോകുന്നതും ഇവിടെയാണ്.
സ്നേഹബന്ധം എന്നത് ലൈംഗിക ബന്ധമാണ് എന്ന ഒരു നിര്വചനത്തിലേക്ക് അവര് എടുത്തു ചാടുന്നു. സ്നേഹബന്ധം കൊണ്ട് ലൈംഗിക ബന്ധം സംഭവിക്കുന്ന ആനന്ദാനുഭൂതികളുടെ ഒരു ലോകം തീര്ച്ചയായും ഉണ്ട്. എന്നാല്, ആത്മാഭിമാനം എന്നത് ഏതൊരു സ്ത്രീക്കും പ്രധാനമാണ്. ആത്മാഭിമാനത്തിന് ക്രോധമേല്ക്കുമ്പോള് സംഭവിക്കുന്ന പ്രതികരണം വളരെ പ്രധാനമാണ്.
സെക്സ് ആധുനിക സമൂഹത്തില് പര്ച്ചേസ് ചെയ്യാന് പറ്റുന്ന സംഭവമാണ്. നൂറ്റാണ്ടുകള്ക്ക് മുമ്പേയും അതുണ്ട്. അതിന് അതിന്റേതായ സങ്കേതങ്ങള് ഉണ്ട്. എന്നാല് പരിചയപ്പെടുന്ന സ്ത്രീകള് എല്ലാം തങ്ങളുടെ സെക്ഷ്വല് ചോയ്സിന് വിധേയരാവേണ്ടവരാണ് എന്ന ചിന്ത പ്രണയത്തെയും സെക്സിനെയും സ്ത്രീകളെയും സംബന്ധിക്കുന്ന അജ്ഞതകളില് നിന്ന് സംഭവിക്കുന്നതാണ്. ഒരു തെരുവ് സ്ത്രീ ലൈംഗികത്തൊഴിലാളിയുമായി വര്ഷങ്ങള്ക്കു മുമ്പ് ഞാന് ഒരഭിമുഖം നടത്തുകയുണ്ടായി. അവര് പറഞ്ഞത്, അവരെ തേടി വരുന്ന പുരുഷന്മാരില് അധികവും, കിടപ്പറയില് ശ്വാസം മുട്ടുന്ന പുരുഷന്മാര് എന്നാണ്. പിന്നെ, പല കാരണങ്ങളാല് അവിവാഹിതരായി തുടരുന്ന ചെറുപ്പക്കാരും . അത്തരം ആളുകളോട് അവര് അനുഭാവത്തോടെ പെരുമാറും.
പൊതു പ്രവര്ത്തകര്, ജനങ്ങളാല് ഓഡിറ്റ് ചെയ്യപ്പെടുന്നവരാണ്. അവര് രാത്രികളില് നടത്തുന്ന ചാറ്റുകള് കുറേക്കൂടി ഉത്തരവാദിത്വബോധം ഉള്ളതാവണം. ചുരുങ്ങിയത് സ്ത്രീകള് തന്റെ സെക്ഷ്വല് ചോയ്സിന് വിധേയരാവേണ്ട ഒരു ഭോഗവസ്തു (Object) മാത്രമാണ് എന്ന ചിന്ത, സ്വന്തം രാഷ്ട്രീയ പദവികളെയും ഭാവിയേയും റദ്ദാക്കുന്ന ഒന്നാണ്. സൗഹൃദത്തിന് ലൈംഗിക ബന്ധം എന്ന അര്ഥം ഒരു നിഘണ്ടുവിലുമില്ല.
Content Highlights: Thaha Madayi Writes about Malayali Youth