ഈ ചങ്ങാതി ഇതെന്ത് ഭാവിച്ചാ!; ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങളില്‍ തലയില്‍ കൈവെച്ച് ലോകം

ചൈനയെ ലക്ഷ്യംവെച്ച് ട്രംപ് തുടങ്ങിവെച്ച വ്യാപാരരംഗത്തെ ഈ നീക്കം അമേരിക്കയുടെ പരമ്പരാഗതമായ ആഗോള ബന്ധങ്ങളെയും സഖ്യങ്ങളെയും ബാധിക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്

ഡോണള്‍ഡ് ട്രംപ് ഇതെന്ത് ഭാവിച്ചാണെന്ന് ലോകം പലവട്ടം ചിന്തിച്ചിട്ടുണ്ട്, പലപ്പോഴും തലയില്‍ കൈവെച്ചിട്ടുമുണ്ട്. ട്രംപ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും എന്താണെന്ന് ആര്‍ക്കറിയാം എന്ന നിലയിലാണ് സമീപകാലത്തെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍. രണ്ടാം വരവില്‍ ചൈനയെ ലക്ഷ്യമിട്ട് ട്രംപ് തുടങ്ങിവെച്ച വ്യാപാരയുദ്ധത്തിന്റെ ഭാഗമായ തീരുമാനങ്ങളെ ലോകം തന്നെ ആശങ്കയോടെ നോക്കിക്കാണുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. ആഗസ്റ്റ് 1 മുതല്‍ നിലവില്‍ വരുമെന്ന മുന്നറിയിപ്പോടെ ഏറ്റവും ഒടുവില്‍ ട്രംപ് പ്രഖ്യാപിച്ചിരിക്കുന്ന വ്യാപാര തീരുവകള്‍ ഈ ആശങ്ക ശക്തിപ്പെടുത്തിയിട്ടുണ്ട്.

അമേരിക്ക ഫസ്റ്റ് എന്ന ട്രംപിന്റെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നതാണ് വ്യാപാര തീരുവയുമായി ബന്ധപ്പെട്ട നീക്കങ്ങള്‍. വ്യാപാര തീരുവയിലൂടെ രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദ്ദത്തിലാഴ്ത്തുകയുമാണ് ട്രംപ് ചെയ്യുന്നത്. ലോകം മാറിയിരിക്കുന്നു, നമുക്ക് ഒരു ചക്രവര്‍ത്തിയെ വേണ്ടായെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് പറയേണ്ടി വരുന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. ലോക പൊലീസ് എന്ന് വിശേഷിപ്പിച്ചിരുന്ന കാലത്ത് നിന്നും ലോക രാഷ്ട്രങ്ങള്‍ക്ക് ചുങ്കം ചുമത്തുന്ന ലോക ചക്രവര്‍ത്തിയെന്ന നിലയിലേയ്ക്ക് ട്രംപ് അമേരിക്കയെ മാറ്റാൻ ശ്രമിക്കുന്നു എന്നത് തന്നെയാണ് വാസ്തവം.

ഏറ്റവും ഒടുവില്‍ 22 രാജ്യങ്ങള്‍ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. പരസ്പര താരിഫ് വര്‍ദ്ധനവ് പാടില്ലെന്ന തിട്ടൂരത്തോടെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. തീരുവ വര്‍ദ്ധിപ്പിച്ച് കൊണ്ട് രാഷ്ട്രത്തലവന്‍മാര്‍ക്ക് എഴുതിയ നയതന്ത്ര സ്വഭാവമുള്ള കത്തുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുക എന്ന അസാധാരണ നടപടിയും ട്രംപ് സ്വീകരിച്ചു. അമേരിക്കയുമായി സൗഹാര്‍ദമുള്ള ദക്ഷിണകൊറിയയ്ക്കും ജപ്പാനും വരെ വ്യാപാര തീരുവ ചുമത്തി ട്രംപ് കത്തയയ്ക്കുകയും അത് ട്രൂത്ത് സോഷ്യലില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ തുടങ്ങിയ ചൈന-അമേരിക്ക വ്യാപാര യുദ്ധത്തിന്റെ പുതിയ ട്രംപ് പതിപ്പാണ് ലോകം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ട്രംപിന്റെ നീക്കങ്ങള്‍ സാമാന്യ യുക്തിക്ക് നിരക്കാത്തതാണ്.

ഏറ്റവും ഒടുവില്‍ ബ്രസീലിനെതിരെ 50 ശതമാനം വ്യാപാര തീരുവ പ്രഖ്യാപിച്ചത് ആ രാജ്യത്തിന്റെ നിയമവ്യവസ്ഥയെ പോലും വെല്ലുവിളിക്കുന്ന നിലയിലാണ്. വിചാരണ നേരിടുന്ന തീവ്രവലതുപക്ഷ നേതാവായ ജെയ്ര്‍ ബോള്‍സോനാരോയ്ക്കെതിരെയുള്ള നിയമനടപടികളോടുള്ള പ്രതികാരത്തിന്റെ കൂടി ഭാഗമായാണ് അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ നിലപാട്. 2022ലെ തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട കേസിലാണ് മുന്‍ പ്രസിഡന്റ് വിചാരണ നേരിടുന്നത്. ബ്രസീല്‍ യുഎസ് ടെക് കമ്പനികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയെന്നും അധിക തീരുവയുടെ കാരണമായി ട്രംപ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഏഷ്യയില്‍ ചൈനയുടെ ഭീഷണിക്കെതിരെ അമേരിക്ക ചേര്‍ത്ത് നിര്‍ത്തിയിരുന്ന ജപ്പാനും ദക്ഷിണ കൊറിയയ്ക്കും മേല്‍ ട്രംപ് വ്യാപാര തീരുവ ചുമത്തിയിട്ടുണ്ട്. 25 ശതമാനം തീരുവയാണ് ഇരുരാജ്യങ്ങള്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്. വാഷിംഗ്ടണുമായുള്ള ഇവരുടെ വ്യാപാര ബന്ധം 'നിര്‍ഭാഗ്യവശാല്‍, പരസ്പരമുള്ളതല്ല' എന്നും ട്രംപ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി ഏഷ്യയിലെ അമേരിക്കയുടെ സഖ്യരാജ്യമാണ് ദക്ഷിണ കൊറിയ. അമേരിക്ക മുന്‍കൈ എടുത്ത് രൂപപ്പെടുത്തിയ രാജ്യം എന്ന് ദക്ഷിണ കൊറിയയെ വിശേഷിപ്പിച്ചാലും അതിശയോക്തിയാകില്ല. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ഊഷ്മളമായ സൈനിക-സാമ്പത്തിക സഖ്യമാണ് നിലവിലുള്ളത്. വിയറ്റ്‌നാം യുദ്ധകാലത്തും പിന്നീട് ഇറാഖ് യുദ്ധകാലത്തുമെല്ലാം അമേരിക്കയെ അകമഴിഞ്ഞ് സഹായിച്ചവരാണ് കൊറിയക്കാര്‍. ഏതാണ്ട് 28,500 യുഎസ് സൈനികര്‍ ദക്ഷിണ കൊറിയയില്‍ തമ്പടിച്ചിട്ടുണ്ട്. ഈ നിലയില്‍ അമേരിക്കയുടെ ഏറ്റവും വിശ്വസ്ത പങ്കാളികളെയാണ് ട്രംപ് ഭീഷണിയോടെ സമീപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്സ് വ്യവസായങ്ങളെത്തന്നെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന തരത്തിലാണ് അമേരിക്കയുടെ പുതിയ നീക്കം.

ജപ്പാന്റെ കാര്യത്തിലും ട്രംപിന്റെ സമീപനത്തിന് മാറ്റമില്ല. ചൈനയെ നേരിടുന്നതില്‍ അമേരിക്കയുടെ ഏറ്റവും കരുത്തരായ ഏഷ്യന്‍ പങ്കാളികള്‍ എന്ന നിലയിലാണ് ജപ്പാന്‍ പരിഗണിക്കപ്പെട്ടിരുന്നത്. ചൈനയുടെ ഭീഷണി ചെറുക്കുക എന്ന ഉദ്ദേശ്യത്തോടെ അമേരിക്ക രൂപം കൊടുത്ത ക്വാഡ് സഖ്യത്തിലെ പ്രധാന പങ്കാളിയാണ് ജപ്പാന്‍. എന്നാല്‍ അടുത്തിടെയായി ചൈനയോടുള്ള ജപ്പാന്റെ സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ടെന്ന് നിരീക്ഷണങ്ങളുണ്ട്. ജപ്പാനിലെ ഭരണകക്ഷി നേതാക്കളില്‍ പലരും ചൈനയുമായി സഹകരിക്കണമെന്ന നിലപാടുകാരാണ്. പതിവില്‍ നിന്നും വിഭിന്നമായി ബെയ്ജിങ്ങുമായുള്ള ടോക്കിയോയുടെ ബന്ധം കൂടുതല്‍ ദൃഢമായിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ അമേരിക്ക ജപ്പാനുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ ഘട്ടത്തിലാണ് സാമ്പത്തികമായി പഴയ പ്രതാപം നഷ്ടമാകുന്ന ജപ്പാനെതിരെ 25 ശതമാനം ഇറുക്കുമതി തീരുവയാണ് ട്രംപ് ചുമത്തിയിരിക്കുന്നത്.

ഇന്ത്യ അടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്കെതിരെയും ട്രംപ് രംഗത്ത് വന്നിട്ടുണ്ട്. ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 10 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണം. ബ്രിക്സ് രൂപീകരിച്ചത് അമേരിക്കയെ ഉപദ്രവിക്കാനും ഡോളറിനെ തരംതാഴ്ത്താനുമാണെന്നാണ് ട്രംപിന്റെ പക്ഷം. മറ്റൊരു രാജ്യത്തിന് മാനദണ്ഡമാകുന്നതിന് വേണ്ടി ഡോളറിനെ നശിപ്പിക്കാന്‍ ബ്രിക്‌സ് ശ്രമിക്കുകയാണെന്ന് ചൈനയെ പരോക്ഷമായി ചൂണ്ടിക്കൊണ്ട് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. 'ലോകനിലവാരമുള്ള ഡോളര്‍ നഷ്ടപ്പെട്ടാല്‍ അത് ഒരു ലോകമഹായുദ്ധം തോല്‍ക്കുന്നതിന് തുല്യമായിരിക്കും. അത് സംഭവിക്കുന്നത് അനുവദിക്കാനാവില്ല' എന്നായിരുന്നു ബ്രിക്‌സിനോടുള്ള എതിര്‍പ്പ് ചൂണ്ടിക്കാണിച്ചുള്ള ട്രംപിന്റെ പ്രസ്താവന. ആഗോള വ്യാപാരത്തില്‍ യുഎസ് ഡോളറിന്റെ പങ്കിനെ വെല്ലുവിളിച്ചാല്‍ 100 ശതമാനം തീരുവ നേരിടേണ്ടിവരുമെന്ന് ഈ വര്‍ഷം ആദ്യം ട്രംപ് ബ്രിക്‌സ് ഗ്രൂപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലോകത്തിന് യുഎസ് ഡോളറിന് പുറമെ മറ്റ് വ്യാപാര മാര്‍ഗ്ഗങ്ങള്‍ ആവശ്യമാണെന്നും വ്യാപാര ബന്ധങ്ങള്‍ ഡോളറിലൂടെ കടന്നുപോകേണ്ടതില്ലാത്ത ഒരു മാര്‍ഗം ലോകം കണ്ടെത്തേണ്ടതുണ്ടെന്നും ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ നേരത്തെ പറഞ്ഞിരുന്നു. ഈ നിലയില്‍ ബ്രിക്‌സിനോടുള്ള എതിര്‍പ്പ് കൂടിയാണ് വ്യാപാര തീരുവയിലൂടെ ട്രംപ് പ്രകടിപ്പിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ പരമ്പരാഗത പങ്കാളികളായിരുന്നു സൗദി അറേബ്യയും യുഎഇയും. എന്നാല്‍ പങ്കാളികളാണ് എന്നതൊന്നും ട്രംപ് പരിഗണിക്കുന്നതേയില്ല. പഴയത് പോലെ അമേരിക്കയോട് അത്ര വിധേയത്വം പുലര്‍ത്താത്ത ഈ രാജ്യങ്ങളെയും കണക്കിലെടുക്കേണ്ട എന്ന നിലയിലാണ് ട്രംപിന്റെ നീക്കം.

ചൈനയെ ലക്ഷ്യംവെച്ച് ട്രംപ് തുടങ്ങിവെച്ച വ്യാപാരരംഗത്തെ ഈ നീക്കം അമേരിക്കയുടെ പരമ്പരാഗതമായ ആഗോള ബന്ധങ്ങളെയും സഖ്യങ്ങളെയും ബാധിക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

Content Highlights: The world is in shock over Donald Trump's tariff announcements

To advertise here,contact us