
കന്യാകുമാരിയിലെ വിവേകാനന്ദപുരത്ത് ഭാരതാംബയുടെ ഒരു ക്ഷേത്രമുണ്ട്. സിംഹത്തിന് മുന്നിലായി പതാക ഏന്തിയ സ്വര്ണ വര്ണത്തിലുള്ള സ്ത്രീരൂപം. ഒപ്പം രാമായണത്തിന്റെ ചിത്രീകരണവും അവിടെയുണ്ട്. ആത്മീയാനുഭവമൊന്നും അനുഭവപ്പെടാന് തരമില്ലെങ്കിലും സന്ദര്ശകരേറെയുള്ള ഒരു ക്ഷേത്രമാണിത്. അങ്ങ് വാരാണാസിയിലുമുണ്ട് ഒരു ഭാരത് മാതാ മന്ദിര്. 1936ല് മഹാത്മാ ഗാന്ധി ഉദ്ഘാടനം ചെയ്ത ആ ക്ഷേത്രത്തില് പക്ഷെ മാര്ബിളില് കൊത്തിയെടുത്ത ഇന്ത്യയുടെ ഭൂപടമാണ് ഉള്ളത്. 'ഈ ക്ഷേത്രത്തില് ദൈവങ്ങളുടെ പ്രതിമകളില്ല, മറിച്ച് മാര്ബിളില് തീര്ത്ത ഇന്ത്യന് ഭൂപടം മാത്രമാണ് ഉള്ളത്. എല്ലാ ജാതി-മത വിഭാഗങ്ങളിലുള്ളവര്ക്കുമുള്ള ഒന്നായി ഈ ക്ഷേത്രം മാറും. രാജ്യത്ത് ഐക്യവും സമാധാനവും സ്നേഹവും സംഭാവന ചെയ്യുന്ന ഒന്നായി ഇത് നിലകൊള്ളും.' സ്വാതന്ത്ര്യ സമരസേനാനിയായ ശിവ പ്രസാദ് ഗുപ്ത നിര്മിച്ച ആ ക്ഷേത്രം ഉദ്ഘാടനം ചെയ്തുകൊണ്ട് മഹാത്മാഗാന്ധി അന്നുപറഞ്ഞത് ഇങ്ങനെയായിരുന്നു. എന്നാല് പിന്നീട് ഈ ക്ഷേത്രത്തിലും ആര്എസ്എസ് കാവിക്കൊടിയേന്തിയ ഭാരത് മാതാ(ഭാരതാംബ)യുടെ ഒരു ചിത്രം സ്ഥാപിച്ചു.
ഭാരതാംബ സങ്ക്ലപത്തിന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്ലാല് നെഹ്റു നല്കിയ പരിപ്രേക്ഷ്യം അദ്ദേഹത്തിന്റെ ഇന്ത്യയെ കണ്ടെത്തല് എന്ന പുസ്തകത്തില് നമുക്ക് വായിക്കാം. സമ്മേളനങ്ങള്ക്കായെത്തുമ്പോള് 'ഭാരത് മാതാ കീ ജയ്' വിളിച്ച് സ്വാഗതം ചെയ്യുന്ന ജനക്കൂട്ടത്തോട് ആരാണ് ഭാരതാംബ എന്ന് ചോദിക്കാറുള്ളതിനെ കുറിച്ചാണത്. നെഹ്റുവിന്റെ ചോദ്യം കേട്ട് ജനക്കൂട്ടം അത്ഭുതം കൂറും. എന്തുപറയണമെന്നറിയാതെ പരസ്പരം നോക്കും. നെഹ്റു ചോദ്യം ആവര്ത്തിക്കും. ഒടുവില് അദ്ദേഹത്തില് നിന്നുതന്നെ അവര് ഉത്തരം തേടും. 'ഭാരതാംബ എന്നാല് ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യയിലെ ജനങ്ങളാണ്. ഭാരതാംബയുടെ ഭാഗമാണ് നിങ്ങള് . മറ്റൊരുതരത്തില് നിങ്ങള് ഓരോരുത്തരും ഭാരതാംബയാണ്. ഈ ആശയം അവരുടെ തലച്ചോറിലേക്ക് പതുക്കെ ആഴ്ന്നിറങ്ങുമ്പോള് ഒരു മഹത്തായ കണ്ടെല് നടത്തിയതുപോലെ അവരുടെ കണ്ണുകള് പ്രകാശിക്കും.' ഭാരാതാംബ ആരാണെന്ന് ഇന്ത്യയിലെ കര്ഷകരുള്പ്പെടെയുള്ള ജനക്കൂട്ടത്തോട് വിശദീകരിക്കുന്നതിനെ കുറിച്ച് നെഹ്റു വിവരിക്കുന്നത് ഇങ്ങനെയാണ്. 'ഭാരാതാംബ' എന്ന പദത്തിന് വര്ഷങ്ങള്ക്ക് മുന്പ് നല്കപ്പെട്ടിരുന്ന വിശാല അര്ഥമാണ് ഇന്ന് സങ്കുചിത ചിന്താഗതിയുടെ ചങ്ങലകള്ക്കിടയില് കുടുങ്ങിക്കിടക്കുന്നത്.
കേരള ഗവര്ണര് രാജേന്ദ്ര അര്ലേക്കറിന്റെ നിലപാടുകളിലൂടെ 'ഭാരതാംബ' വിവാദത്തിലകപ്പെട്ടിരിക്കുകയാണ്.
2016ല് ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന് വിസമ്മതിച്ച മഹാരാഷ്ട്രയിലെ എഐഎംഐഎം എംഎല്എ വാരിസ് പത്താനെ അന്നത്തെ മഹാരാഷ്ട്ര നിയമസഭാ സ്പീക്കര് സസ്പെന്ഡ് ചെയ്തിരുന്നത് ഓര്ക്കുന്നില്ലേ. സമാന വികാരമാണ് പുതിയ വിവാദത്തിന്റെയും അടിസ്ഥാനം. രാജ്ഭവനിലെ പരിസ്ഥിതിദിനാചരണ പരിപാടിയില് ഭാരതാംബയുടെ ചിത്രം ഉള്പ്പെടുത്തിയതാണ് വിവാദമായത്. രാജ്ഭവനില് ഹെഡ്ഗവാറിന്റെയും ഗോള്വാള്ക്കറിന്റെയും കാവിക്കൊടിയേന്തിയ ഭാരതാംബയുടെയും ചിത്രങ്ങള് വച്ചിട്ടുണ്ടെന്ന വാര്ത്തയും പുറത്തുവന്നിരുന്നു. എന്നാല് ഭാരതാംബയ്ക്ക് പുഷ്പാര്ച്ചന നടത്തുന്നത് എങ്ങനെ ഭരണഘടനാവിരുദ്ധമാകുമെന്നതാണ് രാജ്ഭവന്റെ നിലപാട്. സര്ക്കാര് ഗവര്ണറെ ഉപദേശിക്കണമെന്നാവശ്യപ്പെട്ട് കൃഷിവകുപ്പ് ചീഫ് സെക്രട്ടറിക്ക് കത്തും അയച്ചു.
വിവാദം കെട്ടടങ്ങിയെന്ന് കരുതിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാജ്ഭവനില് നടന്ന ഔദ്യോഗിക പരിപാടിയില് കാവിക്കൊടിയേന്തിയ ഭാരതാംബയ്ക്ക് മുന്നില് വിളക്കുതെളിയിച്ചതില് പ്രതിഷേധിച്ച് മന്ത്രി വി.ശിവന്കുട്ടി രാജ്ഭവനില് നിന്ന് ഇറങ്ങിപ്പോയത്. തങ്ങളുടെ നിലപാടില് നിന്ന് പിന്നോട്ടില്ലെന്ന രാജ്ഭവന്റെ പ്രഖ്യാപനമായി മാത്രമേ അതിനെ കാണാനാകൂ. രാജ്യസങ്ക്ലപത്തിന് ചേരുന്ന ചിത്രമായിരുന്നില്ല അതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ എന്ന ആശയത്തെ മതപരമായ ചേരുവകള് ചേര്ത്ത്, ദേശീയതയെ ഒരു പ്രത്യേക കാഴ്ചപ്പാടില്, ഹിന്ദുത്വ ഭാവത്തിന് കീഴ്പ്പെടുത്തുന്ന ശ്രമമാണ് നടന്നതെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു.
ദേശീയവികാരത്തില് പിറവിയെടുത്ത ഭാരതാംബ എപ്പോഴാണ് കാവിച്ഛായയുള്ള 'ഹിന്ദുദേവത' ആയി മാറുന്നത്?
'ഇന്ത്യ അതായത് ഭാരതം, സംസ്ഥാനങ്ങളുടെ യൂണിയന് ആയിരിക്കും'(India, that is Bharat shall be a union of states) എന്ന വാചകത്തോടെയാണ് ഇന്ത്യന് ഭരണഘടന ആരംഭിക്കുന്നത്. ഭരണഘടനയിലെവിടെയും ഭാരതത്തിന് ലിംഗഭേദം നല്കുന്നില്ല. എന്നാല് രാജ്യത്തെ പാട്രിയാര്ക്കലോ, മാട്രിയാര്ക്കലോ ആയി കാണുന്നത് അസാധാരണമല്ല, ഓരോ രാജ്യത്തും കാലങ്ങള്നുസരിച്ച് ആ കാഴ്ചപ്പാടില് വ്യത്യാസം വരുന്നുണ്ട്. ഇംഗ്ലീഷിലും മറ്റുചില ഭാഷകളിലും രാജ്യത്തെ അവള് എന്ന സര്വനാമം ഉപയോഗിച്ചാണ് വിശേഷിപ്പിക്കാറുള്ളത്. ഇന്ത്യ എങ്ങനെ ഭാരതാംബ എന്ന് വിളിക്കപ്പെട്ടു എന്ന ചരിത്രത്തിലേക്ക് വരാം. ബംഗാളി കലാ-സാഹിത്യ-സാംസ്കാരിക രംഗമാണ് ഭാരത് മാതാ(ഭാരതാംബ)എന്ന വാക്ക് 'കോയിന്' ചെയ്യുന്നത്. ദേശീയവികാരം ഐക്യപ്പെടുത്തി വിരുദ്ധ ശക്തികള്ക്കെതിരെ പോരടിക്കാന് ഉപയോഗിക്കപ്പെട്ട ഒരു പ്രതിബിംബമായിട്ടാണ് ഭാരതാംബ വിരചിക്കപ്പെടുന്നത്.
1873ല് കിരണ് ചന്ദ്ര ബാനര്ജിയുടെ നാടകത്തിലൂടെ ഭാരത് മാതാ എന്ന സങ്കല്പം പ്രത്യക്ഷപ്പെട്ടു. ആ ബിംബത്തിന് ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ആനന്ദമഠം എന്ന നോവലിലൂടെ പ്രചാരം ലഭിക്കുകയും ചെയ്തു. നോവലില് ഉദ്ഘോഷിക്കപ്പെട്ട 'വന്ദേ മാതരം' ഭാരതത്തെ അമ്മയെന്ന സങ്കല്പത്തിലേക്ക് ചേര്ത്തുവയ്ക്കുന്നതായിരുന്നു. ധാന്യക്കറ്റയും, പുസ്തകവും കൈകളിലേന്തിയ നാലുകൈകളുള്ള ഒരു സ്ത്രീയായി ഭാരതാംബയ്ക്ക് രൂപം നല്കുന്നത് 1905ല് അബനീന്ദ്രനാഥ ടാഗോറാണ്. സിസ്റ്റര് നിവേദിത ആ രൂപത്തെ ഭാരതാംബ എന്ന് വിളിക്കുകയും ചെയ്തു. ലോര്ഡ് കഴ്സണ് നടപ്പാക്കിയ ബംഗാള് വിഭജനത്തിനെതിരായ പ്രക്ഷോഭം കൊടുമ്പിരി കൊള്ളുന്ന സമയമായതിനാല് ജനങ്ങള്ക്ക് ഒറ്റക്കെട്ടായി നില്ക്കാനുള്ള ഒരു പ്രചോദനമായും പ്രയോഗമായും ഭാരത് മാതയും വന്ദേമാതരവും മാറി.
ഏകദേശം ഇതേകാലത്താണ് ദേശസ്നേഹത്തെ കുറിച്ചുള്ള കെ.എം.മുന്ഷിയുടെ ചോദ്യത്തിന് ഇന്ത്യയുടെ ഭൂപടം കാണിച്ച് അരബിന്ദോ ഘോഷ് ഒരു ഉത്തരം നല്കുന്നത്, അത് ഇങ്ങനെയായിരുന്നു,'ഈ ഭൂപടം കണ്ടോ? ഇത് ഒരു ഭൂപടമല്ല, മറിച്ച് ഭാരതമാതാവിന്റെ ഛായാചിത്രമാണ്. നഗരങ്ങളും മലകളും നദികളും കാടുകളും അവളുടെ ഭൗതിക ശരീരത്തെ രൂപപ്പെടുത്തുന്നു. ഭാരതത്തെ ഒരു ജീവനുള്ള അമ്മയായി കണക്കാക്കുക, ഭക്തിയോടെ അവളെ ആരാധിക്കുക.''
1907 കളില് തന്നെ ഇന്റലിജന്സ് വകുപ്പിന്റെ റിപ്പോര്ട്ടുകള് വന്ദേമാതരത്തെയും ഭാരത് മാതാ കീ ജയ് യും യുദ്ധകാഹളമായി പരാമര്ശിച്ചുതുടങ്ങിയിരുന്നു.
1907കളില് ഇന്റലിജന്സ് വകുപ്പിന്റെ റിപ്പോര്ട്ടുകള് വന്ദേമാതരത്തെയും ഭാരത് മാതാ കീ ജയ് യും യുദ്ധകാഹളമായി പരാമര്ശിച്ചുതുടങ്ങി. ഭാരതാംബയ്ക്ക് പൊളിറ്റിക്കല് ഇമേജ് കൈവരുന്നത് 1920കളിലാണ്. മഹാത്മാഗാന്ധിയുടെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങള്ക്കൊപ്പം ഭാരതാംബയുടെ ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടു. ഇന്ത്യയുടെ മൂവര്ണക്കൊടി ഭാരതാംബയുടെ കൈകളില് പ്രത്യക്ഷപ്പെടുന്നത് ഈ കാലയളവിലാണ്. സ്വാതന്ത്ര്യസമരകാലത്ത് പൊതുജനത്തെ ഒന്നിപ്പിക്കുന്നതിനുള്ള ഒരു വികാരമായി മാറി ഭാരതാംബ. ഭൂപടത്തില് നിന്ന് ഉയര്ന്നുവരുന്ന സ്ത്രീരൂപമായും ദരിദ്ര ഗ്രാമീണ സ്ത്രീയായുമെല്ലാം ഭാരതാംബ പുനരാവിഷ്ക്കരിക്കപ്പെട്ടുകൊണ്ടിരുന്നു. ദേശീയതയുടെയും കാഴ്ചപ്പാടുകളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തില് പലതരത്തില് ഭാരതാംബ എന്ന സങ്കലം വ്യാഖ്യാനിക്കപ്പെട്ടു.
അത്തരത്തിലൊന്നായിരുന്നു കാവിക്കൊടിയേന്തിയ ആര്എസ്എസ് ഭാരത് മാത. 1930ല് കോണ്ഗ്രസിന്റെ പൂര്ണസ്വരാജ് പ്രമേയത്തെ സ്വാഗതം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ സ്വയംസേവകസംഘ സ്ഥാപകന് കെ ബി ഹെഡ്ഗേവാര് ഒരു സര്ക്കുലര് പുറപ്പെടുവിച്ചിരുന്നു. സ്വയംസേവകരുടെ യോഗങ്ങള് വിളിച്ചുകൂട്ടി ആര്എസ്എസ് സേവകര് ജനുവരി 26ന് കോണ്ഗ്രസ് ആഹ്വാനം ചെയ്തപോലെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന് പറഞ്ഞ അദ്ദേഹം അന്ന് മൂവര്ണക്കൊടിക്ക് പകരം ദേശീയപതാകയായി ഉള്ക്കൊണ്ടത് ഭഗവദ് ധ്വജമാണ്. ആര്എസ്എസ് വിഭാവനം ചെയ്യുന്ന ഭാരതാംബയുടെ കയ്യിലെ കാവിക്കൊടിയുടെ വരവ് അങ്ങനെയാണ്. ഭാരതാംബയ്ക്ക് വർഗീയ നിറം നൽകിയതിനെതിരെ പലരും അന്നേ ചൂണ്ടുവിരല് ഉയര്ത്തിയിരുന്നു. സ്വാതന്ത്ര്യം നേടി 77 വര്ഷം പിന്നിടുമ്പോള് ആ വിവാദത്തിന് അല്പം കൂടി ചൂടേറിയിരിക്കുന്നു.
ദി ഹിന്ദുവില് എഴുതിയ ലേഖനത്തില് ബിനോയ് വിശ്വം ആര്എസ്എസിന്റെ ഭാരതാംബ സങ്ക്ലപത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്, 'ആര്എസ്എസ് തങ്ങളുടെ വീക്ഷണങ്ങള്ക്കനുസൃതമായി ഭാരതാംബയെ കുറിച്ചുള്ള ആശയം കൊണ്ടുവന്നിരിക്കാം. ആര്എസ്എസിന്റെ ഭാരത് മാതാ മാത്രമാണ് ആ ആശയത്തിന്റെ യഥാര്ത്ഥ ചിത്രം എന്ന് വിശ്വസിക്കാന് ഗവര്ണര് അര്ലേക്കറിന് അവകാശവുമുണ്ട്. കാരണം, പ്രത്യേക പ്രത്യയശാസ്ത്ര ബോധ്യമുള്ളവര്ക്ക് ഭാരത് മാതാവ് ഒരു കാവി പതാക പിടിക്കണമെന്ന് ചിന്തിക്കാന് അവകാശമുണ്ട്. സിംഹത്തില് ഇരിക്കുന്ന ഭാരതാംബയെ അവര് അഭിനന്ദിക്കും. പ്രത്യേകം വരച്ച ഒരു ഭൂപടം ആ ചിത്രീകരണത്തിന്റെ പശ്ചാത്തലത്തില് ഉണ്ടാകുന്നതും അവര്ക്ക് ശരിയായി തോന്നും.' എന്നാല് ദേശവികാരം മുന്നിര്ത്തി ഉടലെടുത്ത സങ്കല്പത്തിന്റെ ആധികാരിക പതിപ്പായി കാവിക്കൊടിയേന്തിയ ഭാരതാംബയെ അടിച്ചേല്പ്പിക്കുന്നത് ശരിയല്ലെന്ന് ലേഖനത്തില് അദ്ദേഹം കൃത്യമായി പറഞ്ഞുവയ്ക്കുന്നുണ്ട്.
ദേശീയവികാരത്തിന്റെ അടിസ്ഥാനത്തില് രൂപപ്പെട്ട ഭാരതാംബയെ വര്ഗീയ ധ്രുവീകരണത്തിനായി ആര്എസ്എസ് ഉപയോഗിച്ചുവരികയാണ്. ഇതുതന്നെയാണ് ജനാധിപത്യവിശ്വാസികള്ക്ക് അംഗീകരിക്കാന് സാധിക്കാത്തതും. വിശാലമായ സങ്കല്പത്തെ സങ്കുചിത താല്പര്യങ്ങള്ക്കനുസരിച്ച്, രാഷ്ട്രീയ ചായ്വുകള്ക്കനുസരിച്ച് ചുരുക്കാന് ശ്രമിക്കുന്നത് ഭരണഘടനാ പദവി വഹിക്കുന്ന സംസ്ഥാനത്തിന്റെ ഗവര്ണറാണ്. ആ പദവിയുടെ ഉത്തവാദിത്തത്തിന് നേര്ക്കാണ് ചോദ്യചിഹ്നമുയരുന്നത്.പക്ഷെ ആ ചോദ്യത്തിന്റെ സാംഗത്യം പോലും മനസ്സിലാക്കാന് കെല്പുള്ളവരല്ല നമ്മുടെ ഭരണഘടനാ നിഷ്കര്ഷിക്കുന്ന പദവിയിലിരിക്കുന്നവര് എന്നുള്ളതാണ് ഖേദകരം.
ഔദ്യോഗിക ചടങ്ങുകള് ആര്എസ്എസ് പ്രത്യയശാസ്ത്രം അടിച്ചേല്പ്പിക്കുന്നത് ശരിയാണോ എന്ന് തിരിച്ചറിയാന് സാധിക്കാത്ത സാധിക്കാത്ത വ്യക്തിയല്ല അര്ലേക്കര്, പൊതുപ്രവര്ത്തന പരിചയം വേണ്ടുവോളമുള്ളയാളാണ്. സംഘപരിവാര് താല്പര്യങ്ങളുടെ ചട്ടുകമായി പ്രവര്ത്തിക്കേണ്ട ഒന്നല്ല ഗവര്ണര് പദവിയെന്നും, ഔദ്യോഗിക ഉത്തരവാദിത്തവും രാഷ്ട്രീയ പ്രതിബദ്ധതയും കൂട്ടിക്കലര്ത്തരുതെന്നും അദ്ദേഹം മനസ്സിലാക്കേണ്ടതുണ്ട്. ഭരണഘടനാ പദവിയിലിരിക്കുമ്പോള് മുന്നിട്ടുനില്ക്കേണ്ടത് ഫെഡറല് മൂല്യങ്ങള് സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ്.
*(UPDATED Date 20/06/2025)
Content Highlights: Bharat Mata Controversy; Historical and Cultural connotations of Bharat Mata