215 വർഷത്തിനിടയിൽ മെക്സിക്കോയിലെ സ്വാതന്ത്ര്യദിനാഘോഷം നയിച്ചത് ഒരു വനിതാ നേതാവാണ്. പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം. വിദേശ അധിനിവേശം അനുവദിക്കില്ലെന്ന ശക്തമായ സന്ദേശവുമായാണ് ക്ലോഡിയ തന്റെ രാജ്യത്തെ അഭിസംബോധന ചെയ്തത്. യുഎസിന്റെ ഭാഗത്ത് നിന്നും മെക്സിക്കോയ്ക്ക് ഉണ്ടാകുന്ന സമ്മർദത്തിന്റെ സാഹചര്യത്തിലാണ് ശക്തമായ നിലപാടുമായി ക്ലോഡിയ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിൽ സംസാരിച്ചത്.
തലസ്ഥാനമായ മെക്സിക്കോ സിറ്റിയിലെ നാഷണൽ പാലസ് ബാൽക്കണിയിൽ നിന്നാണ് തിങ്കളാഴ്ച രാത്രിയിൽ പരമ്പരാഗത ചടങ്ങുകൾക്ക് ക്ലോഡിയ ഷെയിൻബോം നേതൃത്വം നൽകിയത്. 1810 - 1821 കാലഘട്ടത്തിൽ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടത്തിന് കാഹളം മുഴക്കിയതിനെ ഓർമിപ്പിക്കുന്ന രീതിയിൽ നാഷണൽ പാലസിൽ വച്ച് പ്രസിഡന്റ് ഒരു മണി മുഴക്കും. ഇതിനെ ഗ്രിറ്റോ അല്ലെങ്കിൽ ഷൗട്ട് എന്നാണ് ഇംഗ്ലീഷിൽ വിളിക്കുക. ഔദ്യോഗികമായി സെപ്തംബർ 16നാണ് മെക്സിക്കോയിലെ സ്വാതന്ത്ര്യദിനം. പക്ഷേ കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഈ ചടങ്ങ് നടത്തുക തലേദിവസം രാത്രിയാണ്. ഇതിന് പിന്നാലെ പരമ്പരാഗതമായ മിലിട്ടറി പരേഡ് നടക്കും. ഒരു വിദേശ ശക്തികളും ഞങ്ങൾക്കായി തീരുമാനങ്ങൾ എടുക്കേണ്ട എന്ന് വ്യക്തമാക്കിയാണ് അവർ ജനങ്ങളുമായി സ്വാതന്ത്ര്യദിനം ആഘോഷമാക്കിയത്.
ഒരു കൈകടത്തലും നമ്മുടെ ജന്മദേശത്ത് സാധ്യമല്ല എന്ന് തന്റെ ക്യാബിനറ്റിനെയും ആയിരക്കണക്കിന് സൈനികരെയും സാക്ഷിയാക്കി അവർ ആവർത്തിച്ചു. ഒരു രാജ്യത്തിന്റെ പേരെടുത്ത് പരാമർശിച്ചില്ലെങ്കിലും മയക്കുമരുന്ന് മാഫിയയ്ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും അതിർത്തി സുരക്ഷ വർധിപ്പിക്കണമെന്നുമുള്ള യുഎസ് സർക്കാരിന്റെ നിർദേശം വന്നതിന് പിന്നാലെയാണ് മെക്സിക്കൻ പ്രസിഡന്റിന്റെ പരാമർശം. മയക്കുമരുന്ന് മാഫിയയെ കൈകാര്യം ചെയ്യാൻ യുഎസ് സേനയുടെ സഹായം ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ചില മയക്കുമരുന്ന് സംഘങ്ങളെ ട്രംപ് ഭരണകൂടം തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷേ ട്രംപിന്റെ സഹായം നിരന്തരമായി നിരസിക്കുകയാണ് ക്ലോഡിയ ചെയ്തത്.Content Highlights: President Claudia Sheinbaum leads Mexican Independence Celebrations