മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും പൊളിച്ചെഴുതാനുള്ള കേന്ദ്രസർക്കാർ നീക്കം ഗ്രാമീണ തൊഴിൽ മേഖലയിൽ കരിനിഴൽ വീഴ്ത്തുകയാണ്. പദ്ധതിയുടെ പേര് 'വിബിജി റാം ജി' എന്നാക്കി മാറ്റുന്നതിലുപരി, ഇതുവരെ കേന്ദ്രം വഹിച്ചിരുന്ന വേതന ബാധ്യത സംസ്ഥാനങ്ങളുടെ മേൽ കെട്ടിവെക്കുന്നതാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി. കേന്ദ്രാവിഷ്കൃത പദ്ധതിയെന്ന നിലയിൽ നിന്ന് മാറ്റി, സംസ്ഥാനങ്ങൾക്ക് 40% സാമ്പത്തിക പങ്കാളിത്തം നിർബന്ധമാക്കുന്ന പുതിയ ബിൽ കേരളത്തിന് പ്രതിവർഷം ഏകദേശം 1600 കോടി രൂപയുടെ അധിക ബാധ്യതയാണ് വരുത്തിവെക്കുക.
നിലവിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 100 ശതമാനവും നൽകുന്നത് കേന്ദ്രസർക്കാരാണ്. സംസ്ഥാനങ്ങൾ സാമഗ്രികൾക്കുള്ള ചെലവ് ഉൾപ്പെടുന്ന മെറ്റീരിയൽ ഘടകത്തിന്റെ 25% മാത്രമാണ് വഹിക്കുന്നത്. എന്നാൽ പുതിയ നിർദ്ദേശപ്രകാരം ആകെ ചെലവിന്റെ 40% ഇനി സംസ്ഥാനം വഹിക്കണം.
കേരളത്തിൽ പ്രതിവർഷം ശരാശരി 4000 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ഇതിന്റെ 40% സംസ്ഥാനം വഹിക്കേണ്ടി വരുമ്പോൾ അത് 1600 കോടി രൂപയോളം വരും. ഇതിനു പുറമെ അലവൻസുകളും നഷ്ടപരിഹാരവും പൂർണ്ണമായും സംസ്ഥാനം നൽകണമെന്നും പുതിയ വ്യവസ്ഥയിലുണ്ട്. കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന കേരളത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്.
തൊഴിൽ ദിനങ്ങൾ 100-ൽ നിന്ന് 125 ആക്കി ഉയർത്തി എന്ന പ്രഖ്യാപനം പുറമെ ആകർഷകമാണെങ്കിലും അതിൽ വലിയൊരു കെണിയുണ്ട്. കേന്ദ്രം വിജ്ഞാപനം ചെയ്യുന്ന ഗ്രാമീണ മേഖലകളിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യം കുറഞ്ഞ, ജീവിത നിലവാരം കൂടിയ കേരളത്തിൽ എത്ര ഗ്രാമങ്ങൾ കേന്ദ്രം വിജ്ഞാപനത്തിൽ ഉൾപ്പെടുത്തും എന്ന് അറിയില്ല. കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഈ പരിധിയിൽ വരുമോ എന്നത് കണ്ടറിയണം. മാത്രമല്ല, അനുവദിക്കപ്പെട്ട തൊഴിൽ ദിനങ്ങൾക്ക് മാത്രമേ കേന്ദ്രം പണം നൽകൂ. കേരളം എപ്പോഴും കേന്ദ്രം അനുവദിക്കുന്നതിനേക്കാൾ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്ന സംസ്ഥാനമാണ്.
2023-24 സാമ്പത്തിക വർഷത്തിൽ ലേബർ ബജറ്റിൽ അനുവദിച്ചത് 6 കോടി തൊഴിൽ ദിനങ്ങളായിരുന്നുവെങ്കിൽ കേരളം സൃഷ്ടിച്ചത് 10.5 കോടി തൊഴിൽ ദിനങ്ങളാണ്. 2024-25ൽ 6 കോടി തൊഴിൽ ദിനങ്ങൾ അനുവദിച്ചിടത്ത് കേരളം 9.07 കോടി ദിനങ്ങൾ സൃഷ്ടിച്ചു. നിലവിൽ ലേബർ ബജറ്റ് പ്രകാരം അനുവദിച്ചത് 5 കോടി ദിനങ്ങളാണ്. എന്നിട്ടും ഇതുവരെ കേരളം 5.53 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. പുതിയ നിയമം വരുന്നതോടെ, അധികമായി സൃഷ്ടിക്കുന്ന കോടിക്കണക്കിന് തൊഴിൽ ദിനങ്ങളുടെ മുഴുവൻ ചെലവും സംസ്ഥാനം തന്നെ വഹിക്കേണ്ടി വരും.
വിത്തുവിതയ്ക്കൽ, വിളവെടുപ്പ് തുടങ്ങിയ കാർഷിക സീസണുകളിൽ 60 ദിവസം വരെ തൊഴിലുറപ്പ് പണി നിർത്തിവെക്കണമെന്ന നിർദ്ദേശവും പുതിയ ബില്ലിലുണ്ട്. ഇത് തൊഴിലാളികളെ കർഷകത്തൊഴിലിലേക്ക് തിരിച്ചുവിടാനാണെങ്കിലും, പ്രായോഗികമായി ഇത് തൊഴിൽ നിഷേധമാണ്. സ്ഥിരമായ വരുമാനം പ്രതീക്ഷിക്കുന്ന ഗ്രാമീണ കുടുംബങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും.
രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് 59.4 ലക്ഷം രജിസ്റ്റർ ചെയ്ത തൊഴിലാളികളുണ്ട്. ഇതിൽ 22.61 ലക്ഷം പേർ സജീവ തൊഴിലാളികളാണ്. 100 ദിവസം തൊഴിൽ പൂർത്തിയാക്കുന്ന കുടുംബങ്ങളുടെ എണ്ണത്തിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. 2023-24 ൽ മാത്രം 5.69 ലക്ഷം കുടുംബങ്ങൾ 100 ദിവസം പൂർത്തിയാക്കി. തൊഴിലാളികളുടെ ശരാശരി കൂലി 2021-ൽ 290 രൂപയായിരുന്നത് 2025-ൽ 366 രൂപയായി വർദ്ധിച്ചു. എന്നാൽ കേന്ദ്രവിഹിതം വർഷം തോറും കുറഞ്ഞുവരികയാണ്. 2022-23 ൽ 3854 കോടി ലഭിച്ച സ്ഥാനത്ത് 2025-26 ൽ അത് 2827 കോടിയായി കുറഞ്ഞു. പുതിയ നിയമം കൂടെ വരുന്നതോടെ ഈ തുക ഇനിയും കുത്തനെ കുറയുകയും പദ്ധതിയുടെ നടത്തിപ്പ് അവതാളത്തിലാവുകയും ചെയ്യും.
നിലവിൽ ഗ്രാമപഞ്ചായത്തുകൾക്കാണ് പദ്ധതിയുടെ ആസൂത്രണാധികാരം. എന്നാൽ പുതിയ മാറ്റത്തിൽ ഉദ്യോഗസ്ഥർക്ക് മേൽനോട്ട ചുമതല നൽകുന്നത് പഞ്ചായത്തുകളുടെ അധികാരം കവർന്നെടുക്കും. ഗ്രാമസഭകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രാധാന്യം കുറയുന്നതോടെ പദ്ധതിയുടെ ജനകീയ മുഖം നഷ്ടപ്പെടും.
യുപിഎ സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പ് നിയമം ഗ്രാമീണ ജനതയ്ക്ക് 'തൊഴിലിനുള്ള അവകാശം' ഉറപ്പുനൽകുന്നതായിരുന്നു. എന്നാൽ പുതിയ മാറ്റങ്ങൾ തൊഴിൽ നൽകാനുള്ള ബാധ്യതയിൽ നിന്ന് കേന്ദ്രസർക്കാർ കൈയൊഴിയുന്നതിന് തുല്യമാണ്. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് സൂചിപ്പിച്ചതുപോലെ, പദ്ധതിയെ ഇല്ലാതാക്കാനും സംസ്ഥാനങ്ങളെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുമുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 1600 കോടിയുടെ അധിക ബാധ്യത ഏറ്റെടുക്കാൻ കേരളത്തിന് കഴിയാതെ വന്നാൽ, അത് ബാധിക്കുന്നത് 22 ലക്ഷത്തോളം വരുന്ന സാധാരണക്കാരായ തൊഴിലാളികളുടെ അന്നത്തെയാണ്.
Content Highlights: How amendmends in MGNREGA will affect states and work