കൊടും ഭീകരന്‍ മസൂദ് അസ്ഹര്‍; ഇന്ത്യയ്ക്ക് എന്തുകൊണ്ട് ഏറ്റവും വിലപിടിച്ച പിടികിട്ടാപ്പുള്ളി ആകുന്നു

പാകിസ്താന്‍ സൈന്യത്തിന്റെ 31 കോര്‍പ്‌സിന്റെ ആസ്ഥാനം കൂടിയായ ബഹാവല്‍പൂരിൽ സ്ഥിതി ചെയ്യുന്ന തങ്ങളുടെ ആസ്ഥാനം ഇന്ത്യന്‍ സൈന്യം ആക്രമിക്കുമെന്ന് മസൂദ് അസ്ഹറോ, ജെയ്‌ഷെ മുഹമ്മദോ സ്വപ്നത്തില്‍ പോലും സങ്കല്‍പ്പിച്ചിരിക്കില്ല

ഇന്ത്യന്‍ സൈന്യം നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ തന്റെ കുടുംബത്തിലെ 10പേര്‍ കൊല്ലപ്പെട്ടു എന്ന മസൂദ് അസറിന്റെ വിലാപം, പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരപരിശീലന കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെ തീവ്രതയാണ് വ്യക്തമാക്കുന്നത്. മസൂദ് അസ്ഹറോ ഭീകരസംഘടനകളോ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു പാകിസ്താന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരകേന്ദ്രങ്ങളില്‍ കടന്നു കയറി ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണം. ഇന്ത്യന്‍ സൈന്യത്തിന്റെയും ഇന്ത്യന്‍ രഹസ്വാന്വേഷണ സംവിധാനത്തിന്റെയും സാങ്കേതിക മികവും ആക്രമണത്തിലെ കണിശതയും കൃത്യതയും മസൂദ് അസ്ഹറിനെയും ജെയ്‌ഷെ മുഹമ്മദിനെയും ഞെട്ടിച്ചിരിക്കുന്നുവെന്നാണ് ഇന്ത്യ ഏറ്റവും വിലകല്‍പ്പിക്കുന്ന ഭീകരനേതാവിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.

ജീവനെക്കാള്‍ പ്രിയപ്പെട്ട മൂത്ത സഹോദരി സാഹിബയും അവരുടെ ഭര്‍ത്താവും സഹോദരന്‍ ഹുസൈഫയും അദ്ദേഹത്തിന്റെ അമ്മയും അനന്തരവന്‍ അലിം ഫാസിലും ഭാര്യയും മരുമകള്‍ ആലം ഫാസിലയും മറ്റൊരു അനന്തരവനും ഭാര്യയും കുട്ടികളും അടക്കം പത്തോളം കുടുംബാംഗങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നാണ് മസൂദ് അസ്ഹര്‍ തന്നെ പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ആക്രമണം സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അസ്ഹറിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.

ജെയ്‌ഷെ മുഹമ്മദിന്റെ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ 'കെജി ടു യുജി' കേന്ദ്രമെന്ന് വിശേഷിപ്പാക്കാവുന്ന ബഹാവല്‍പൂരിലെ ആസ്ഥാനത്ത് ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി നടത്തിയ ആക്രമണത്തിലാണ് മസൂദ് അസ്ഹറിന്റെ കുടുംബം കൊല്ലപ്പെട്ടത്. ജെയ്ഷെ മുഹമ്മദുമായി അടുത്ത ബന്ധമുള്ള ലഷ്കർ-ഇ-തൊയ്ബ പോലുള്ള മറ്റ് ഭീകര ഗ്രൂപ്പുകളുടെ താവളങ്ങള്‍ കൂടിയുള്ള പ്രദേശമാണ് ബഹാവല്‍പൂര്‍. പാകിസ്താന്‍ സൈന്യത്തിന്റെ 31 കോര്‍പ്‌സിന്റെ ആസ്ഥാനം കൂടിയാണ് ബഹാവല്‍പൂര്‍. ബഹാവല്‍പൂരില്‍ ഒരു രഹസ്യ ആണവ കേന്ദ്രം ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെക്കന്‍ പഞ്ചാബിലെയും വടക്കന്‍ സിന്ധ് പ്രദേശങ്ങളിലെയും സൈനിക നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന കന്റോണ്‍മെന്റിന്റെ സമീപത്ത് ഒരുക്കിയ ആസ്ഥാനം ഇന്ത്യന്‍ സൈന്യം ആക്രമിക്കുമെന്ന് മസൂദ് അസ്ഹറോ, ജെയ്‌ഷെ മുഹമ്മദോ സ്വപ്നത്തില്‍ പോലും സങ്കല്‍പ്പിച്ചിരിക്കില്ല.

പാകിസ്താനിലെ പന്ത്രണ്ടാമത്തെ വലിയ നഗരമാണ് ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം സ്ഥിതി ചെയ്തിരുന്ന ബഹാവല്‍പൂര്‍. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയാണ് ബഹാവല്‍പൂര്‍. പാകിസ്താന്‍ തലസ്ഥാനമായ ലാഹോറില്‍ നിന്ന് 400 കിലോമീറ്റര്‍ മാത്രം അകലെയാണ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാനനഗരമായ ബഹാവല്‍പൂര്‍. 2009ലാണ് ജെയ്ഷെ മുഹമ്മദ് ബഹാവല്‍പൂരില്‍ ആസ്ഥാനം സ്ഥാപിക്കുന്നത്. 18 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഇവിടെ ഒരു പള്ളി, മദ്രസ, ഭീകരപ്രവര്‍ത്തനത്തിനുള്ള കേഡര്‍മാരെ റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന കനത്ത മതില്‍ക്കെട്ടിനകത്തുള്ള കേന്ദ്രം എന്നിവയുണ്ട്. ജാമിയ മസ്ജിദ് സുബ്ഹാന്‍ അല്ലാഹ് എന്നറിയപ്പെടുന്ന ഈ സമുച്ചയം ഉസ്മാന്‍-ഒ-അലി കാമ്പസ് എന്നും അറിയപ്പെടുന്നുണ്ട്.

മസൂദ് അസ്ഹര്‍ ഇന്ത്യയ്ക്ക് ഏറ്റവും വിലപിടിപ്പുള്ള ഭീകരനേതാവ്

2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, 2016 ലെ പത്താന്‍കോട്ട് ആക്രമണം തുടങ്ങി ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണണ് മസൂദ് അസ്ഹര്‍. ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര തീവ്രവാദിയായി പ്രഖ്യാപിച്ച ഭീകരന്‍ കൂടിയാണ് മസൂദ് അസ്ഹര്‍. ഇന്ത്യയെ സംബന്ധിച്ച് മസൂദ് അസ്ഹര്‍ ഏറ്റവും വിലപിടിച്ച പിടികിട്ടാപ്പുള്ളിയാണ്. അതിനാല്‍ തന്നെയാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി മസൂദ് അസ്ഹറിന്റെയും ജെയ്‌ഷെ മുഹമ്മദിന്റെയും താവളമായ ബഹാവല്‍പൂരിലെ ഭീകരപരിശീലന-ആസൂത്രണ കേന്ദ്രം തന്നെ ഇന്ത്യന്‍ സൈന്യം ലക്ഷ്യം വെച്ചത്.

അഞ്ച് വര്‍ഷം ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞ മസൂദ് അസ്ഹറിനെ 1999ല്‍ കാണ്ഡഹാര്‍ വിമാനറാഞ്ചലിനെ തുടര്‍ന്ന് വിട്ടയയ്ക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാകുകയായിരുന്നു. ഇതിന് ശേഷമാണ് മസൂദ് അസ്ഹര്‍ ജെയ്‌ഷെ മുഹമ്മദ് സ്ഥാപിക്കുന്നതും ഇന്ത്യയ്‌ക്കെതിരെ പാര്‍ലമെന്റ് ആക്രമണം അടക്കമുള്ള ഭീകരാക്രമണങ്ങള്‍ അസ്ഹര്‍ ആസൂത്രണം ചെയ്തതും.

1968ല്‍ ബഹാവല്‍പൂരില്‍ ജനിച്ച മസൂദ് അസ്ഹര്‍, എട്ടാം ക്ലാസ് പഠനത്തിന് ശേഷം കറാച്ചിയിലെ ജിഹാദി ബന്ധമുള്ള മദ്രസയില്‍ പഠനത്തിന് ചേര്‍ന്നു. 1989ലാണ് അസ്ഹര്‍ ഇവിടെ നിന്ന് ബിരുദം നേടുന്നത്. പിന്നീട് സോവിയറ്റ്-അഫ്ഗാന്‍ യുദ്ധത്തില്‍ ഹര്‍ക്കത്ത്-ഉല്‍-മുജാഹിദീന്റെ ഭാഗമായി പേരാടാനുള്ള പരീശീലനത്തില്‍ പങ്കാളിയായി. എന്നാല്‍ മോശം ശാരീരിക ആരോഗ്യം കാരണം പരിശീലനം പൂര്‍ത്തിയാക്കാന്‍ അസ്ഹറിന് സാധിച്ചില്ല.

1990കളില്‍ ജമ്മു കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തമായപ്പോള്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന രണ്ട് ജിഹാദി ഗ്രൂപ്പുകളായ ഹര്‍ക്കത്ത്-ഉല്‍-ജിഹാദ് ഇസ്ലാമി, ഹര്‍ക്കത്ത്-ഉല്‍-മുജാഹിദീന്‍ എന്നിവയെ ഹര്‍ക്കത്ത്-ഉല്‍-അന്‍സാറില്‍ ലയിപ്പിക്കാന്‍ അസ്ഹര്‍ നിയോഗിക്കപ്പെട്ടു. ആ ഗ്രൂപ്പിന്റെ ജനറല്‍ സെക്രട്ടറിയായി മസൂദ് അസ്ഹര്‍ മാറി. 1994-ല്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് തന്റെ സംഘടനയിലെ കേഡര്‍മാരെ കാണുന്നതിനായി ജമ്മു കശ്മീരിലെ ശ്രീനഗറില്‍ എത്തിയ അസ്ഹറിനെ ഇന്ത്യന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട അസ്ഹറിനെ പിന്നീട് ജമ്മുവിലെ കോട് ബല്‍വാള്‍ ജയിലിലേക്ക് കൊണ്ടുപോയിരുന്നു. അസ്ഹറിനെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ നടത്തിയ ശ്രമത്തില്‍ ഹുവാ കമാന്‍ഡര്‍ സജ്ജാദ് അഫ്ഗാനി കൊല്ലപ്പെട്ടിരുന്നു. ഏതാണ്ട് അഞ്ച് വര്‍ഷത്തോളം ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞ അസ്ഹറിന്റെ മോചനത്തിന് വഴിയൊരുക്കിയത് കാണ്ഡഹാര്‍ വിമാന റാഞ്ചലാണ്.

1999 ഡിസംബറില്‍ 179 യാത്രക്കാരും 11 ജീവനക്കാരുമായി കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ച യാത്രാവിമാനം ഹര്‍ക്കത്ത്-ഉല്‍-മുജാഹിദീനിലെ അഞ്ച് അംഗങ്ങള്‍ റാഞ്ചുകയായിരുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 814 (IC-814) ഹൈജാക്ക് ചെയ്ത സംഘം ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തിയാണ് അസ്ഹറിന്റെ മോചനം സാധ്യമാക്കിയത്.

ഹൈജാക്ക് ചെയ്ത വിമാനം പിന്നീട് പാകിസ്താനിലേയ്ക്ക് തിരിച്ചുവിടാനായിരുന്നു ഭീകരരുടെ ആവശ്യം. ആവശ്യത്തിന് ഇന്ധനമില്ലാത്തതിനാല്‍ വിമാനം അമൃത്സറില്‍ ഇറക്കിയിരുന്നു. അമൃത്സറില്‍ ആവശ്യത്തിന് സമയം ലഭിച്ചെങ്കിലും ബന്ദികളെ മോചിപ്പിക്കാന്‍ ശ്രമം ഉണ്ടാകത്ത് ഇപ്പോഴും വിവാദമാണ്. അന്ന് അമൃത്സറില്‍ നിന്ന് പുറപ്പെടുന്നത് തടയാന്‍ പരാജയപ്പെട്ടതിനെ 'വിഡ്ഢിത്തം' എന്നായിരുന്നു റോയുടെ അന്നത്തെ തലവനായിരുന്ന എഎസ് ദുലത്ത് പിന്നീട് വിശേഷിപ്പിച്ചത്. പിന്നീട് ബന്ധികളുടെ ആവശ്യപ്രകാരം പാകിസ്താനിലെ ലാഹോറില്‍ ശ്രമിച്ചെങ്കിലും ആദ്യം അനുമതി ലഭിച്ചില്ല. പിന്നീട് ആവശ്യത്തിന് ഇന്ധനം ഇല്ലാത്തതിനാല്‍ അടിയന്തിരമായി വിമാനം ലാഹോറില്‍ ഇറക്കി. പിന്നീട് ഇന്ധനം നിറച്ച വിമാനം കാബൂളിലേയ്ക്ക് വിടാനായിരുന്നു റാഞ്ചികളായ ഭീകകരുടെ ആവശ്യം. എന്നാല്‍ രാത്രി ലാന്‍ഡ് ചെയ്യാനുള്ള സൗകര്യം കാബൂള്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നില്ല.

ഒടുവില്‍ യുഎഇയിലെ അല്‍ മിന്‍ഹാദ് എയര്‍ ബേസില്‍ വിമാനം ഇറക്കാന്‍ അനുമതി ലഭിച്ചു. ഇവിടെ വെച്ച് വിമാനത്തിലുണ്ടായിരുന്ന 27 യാത്രക്കാരെയും, ഹൈജാക്കര്‍മാരില്‍ ഒരാളായ സഹൂര്‍ മിസ്ത്രി കൊലപ്പെടുത്തിയ രൂപിന്‍ കത്യാലിന്റെ മൃതദേഹവും റാഞ്ചികള്‍ അധികൃതര്‍ക്ക് കൈമാറി. ഇതിനിടയില്‍ ബന്ദികളെ രക്ഷിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള കമാന്‍ഡോ സംഘത്തിന് ഓപ്പറേഷന്‍ നടത്താന്‍ അനുമതി നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം യുഎഇ അധികൃതര്‍ നിരസിച്ചു. പിന്നാലെ താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് വിമാനം പറത്തുകയും അവിടെ ലാന്‍ഡ് ചെയ്യുകയുമായിരുന്നു. പിന്നീട് ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആറ് ദിവസത്തോളം നീണ്ടു. ഈ ദിവസമത്രയും വിമാനത്തിലെ യാത്രക്കാര്‍ റാഞ്ചികളുടെ തോക്കിന്‍ മുനയിലാണ് ചെലവഴിച്ചത്. വിമാന റാഞ്ചികളുടെ ആവശ്യപ്രകാരം ഇന്ത്യയില്‍ തടവിലായിരുന്ന മസൂദ് അസ്ഹര്‍ അടക്കമുള്ള മൂന്ന് ഭീകരരെ വിട്ടുനല്‍കിയതിന് ശേഷമായിരുന്നു അന്ന് ബന്ദികളെ മോചിപ്പിക്കാന്‍ സാധിച്ചത്.

ഇന്ത്യയില്‍ നിന്ന് വിട്ടയയ്ക്കപ്പെട്ടതിന് പിന്നാലെയാണ് മസൂദ് അസ്ഹര്‍ ജെയ്‌ഷെ മുഹമ്മദ് രൂപീകരിക്കുന്നത്. ജയ്‌ഷെ മുഹമ്മദ് രൂപീകരിച്ചതിന് ശേഷം അവര്‍ നടത്തിയ ആദ്യത്തെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു 2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നാലെ 2002ല്‍ ജെയ്ഷെ മുഹമ്മദിനെ പാകിസ്താന്‍ ഔദ്യോഗികമായി നിരോധിച്ചിരുന്നു. എന്നാല്‍ ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനായിരുന്നു പാകിസ്താന്റെ ഈ നീക്കം. പാകിസ്താന്റെ മണ്ണില്‍ ഭീകരപ്രവര്‍ത്തനത്തിനുള്ള ആസൂത്രണത്തിനും പരിശീലനത്തിനും ജയ്‌ഷെ മുഹമ്മദിനും മസൂദ് അസ്ഹറിനും പാകിസ്താന്‍ സൈന്യത്തിന്റെയും പാകിസ്താന്‍ രഹസ്വാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെയും പിന്തുണയുണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. പാക്കിസ്ഥാന്റെ മുന്‍ സൈനിക ഭരണാധികാരി ജനറല്‍ പര്‍വേസ് മുഷറഫിനെതിരെ ജെയ്ഷെ മുഹമ്മദില്‍ നിന്നും വേര്‍പിരിഞ്ഞ ഒരു വിഭാഗം നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് 2003 മുതല്‍ അസ്ഹറിന് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്ന് നിയന്ത്രണമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങളെല്ലാം കടലാസില്‍ മാത്രം ഒതുങ്ങിയിരുന്ന പരിഹാസ്യ നിലപാടുകളായിരുന്നു എന്നും വ്യക്തമായിരുന്നു.

അസ്ഹര്‍ പാകിസ്താനിലുണ്ടെന്ന് നേരത്തെയും ഇന്ത്യ വ്യക്തമാക്കിയിരുന്നു

ഏറ്റവും ഒടുവില്‍ 2024 നവംബറില്‍ ജെയ്‌ഷെ മുഹമ്മദിന്റെ കേഡര്‍ഡമാരെ മസൂദ് അസ്ഹര്‍ അഭിസംബോധന ചെയ്യുന്ന പ്രസംഗം പുറത്ത് വന്നിരുന്നു. ഈ പ്രസംഗത്തിന്റെ വിവരം പുറത്ത് വന്നതിന് പിന്നാലെ മസൂദ് അസ്ഹറിനെതിരെ നടപടി എടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 'പുതിയ ഇസ്ലാമിക ലോകക്രമം സൃഷ്ടിക്കുന്നതിനായി ഇന്ത്യയ്ക്കും ഇസ്രയേലിനും എതിരെ ഭീകരാക്രമണങ്ങള്‍ പുനഃരാരംഭിക്കുമെന്നായിരുന്നു പ്രസംഗത്തില്‍ മസൂദ് ആഹ്വാനം ചെയ്തത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ദുര്‍ബലന്‍' എന്ന് വിളിച്ച മസൂദ് അസ്ഹറിന്റെ പ്രസംഗത്തില്‍ കാശ്മീര്‍ തിരിച്ചുപിടിക്കാന്‍ സായുധരായ പേരാളികളെ അയയ്ക്കുമെന്നും പറഞ്ഞിരുന്നു. ബാബറി മസ്ജിദ് വിഷയവും മസൂദ് അസ്ഹര്‍ പ്രസംഗത്തില്‍ ഉന്നയിച്ചിരുന്നു. മസ്‌കറ്റില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍ തമ്മില്‍ അടച്ചിട്ട മുറിയില്‍ നടന്ന സംഭാഷണത്തിന് പിന്നാലെയായിരുന്നു അസ്ഹറിന്റെ പ്രസംഗം എന്നതായിരുന്നു ശ്രദ്ധേയം.

'മസൂദ് അസ്ഹര്‍ യുഎന്റെ പട്ടികയിലുള്ള ഭീകരനാണ്. അയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. മസൂദ് അസ്ഹര്‍ ഉള്ള ഇടം സംബന്ധിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പാക്കിസ്ഥാന്റെ ഇരട്ടമുഖമാണ് തുറന്ന് കാണിക്കുന്നത്' എന്നായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധിര്‍ ജെയ്‌സ്വാളിന്റെ ഇതിനോടുള്ള പ്രതികരണം. പ്രഖ്യാപിത കുറ്റവാളിയായി പാകിസ്താന്‍ പ്രഖ്യാപിക്കുന്നതിന് തെട്ടുമുമ്പ് അസ്ഹര്‍ അഫ്ഗാനിസ്ഥാനിലേയ്ക്ക് രക്ഷപെട്ടതായി 2022-ല്‍ അന്നത്തെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ പരസ്യമായി പ്രഖ്യാപിച്ചിരുന്നത്. പാകിസ്താന്റെ ഇത്തരം അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ബഹാവല്‍പൂരിലെ ജയ്‌ഷെ മുഹമ്മദ് ആസ്ഥാനത്ത് നടന്ന ആക്രമണത്തിലൂടെ വെളിപ്പെടുന്നത്.

Content Highlights: Terrorist Masood Azhar Why he is India's most valuable fugitive

To advertise here,contact us