റാസൽഖൈമ ബസ് അപകടം: മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; കുടുംബങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു

ഫോട്ടോകളും പഴ്സും തിരിച്ചറിയൽ കാർഡുകളും ഉൾപ്പെടെയുള്ള വ്യക്തി​ഗത വസ്തുക്കളുമാണ് തിരിച്ചറിയാൻ സഹായകമായത്

google

റാസൽഖെെമ ബസ് അപകടത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനായി ബന്ധുക്കളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. മരിച്ചവരുടെ വസ്ത്രങ്ങൾ, ചീപ്പുകൾ തുടങ്ങി വ്യക്തി​ഗത വസ്തുക്കളുമായാണ് റാസൽഖെെമ പൊലീസ് സ്റ്റേഷനിലേക്ക് ഓരോ കുടുംബാം​ഗങ്ങളും എത്തിയത്. ഉള്ളിൽ ചങ്ക് പൊട്ടുന്ന വേദനയുമായാണ് പ്രിയപ്പെട്ടവരുടെ പ്രിയപ്പെട്ട സാധനങ്ങളുമായി അവർ റാസൽഖെെമ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്.

ചൊവ്വാഴ്ച റാസൽഖെെമയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് അപകടമുണ്ടായതിൽ മരിച്ചവരിൽ ഇതുവരെ തിരിച്ചറിയാത്തവരെ തിരിച്ചറിയുന്നതിനായാണ് പരിശോധന നടത്തുന്നത്. ഇന്ന് (നവംബർ 26) ചില കുടംബങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു. ബാക്കിയുള്ളവരോട് നാളെ വീണ്ടും എത്താൻ നിർദേശിച്ചതായി സാമൂഹിക പ്രവർത്തകരും ട്രാവൽ ഏജൻസി പ്രതിനിധികളും പ്രമുഖ മാധ്യമങ്ങളോട് പറഞ്ഞു.

മരിച്ചവരിൽ ഒരാളുടെ കുടുംബം യുഎഇയിൽ ഇല്ലാത്തതിനാൽ അവർ ഇതുവരെ എത്തിയിട്ടില്ല. ഇവരുമായി ബന്ധപ്പെടാനും യുഎഇയിലെത്തിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. ശേഷം ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിളുകൾ ശേഖരിക്കും. കേരളത്തിൽ നിന്നുള്ള നാല് പേരെ ഇതിനകം ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോട്ടോകളും പഴ്സും തിരിച്ചറിയൽ കാർഡുകളും ഉൾപ്പെടെയുള്ള വ്യക്തി​ഗത വസ്തുക്കളുമാണ് തിരിച്ചറിയാൻ സഹായകമായത്. എന്നാൽ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കെെമാറുന്നതിന് മുമ്പ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയൽ പൂർണമായി സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.

പരിശോധനാ ഫലം ലഭിച്ച് എല്ലാ മൃതദേഹങ്ങളുടെയും തിരിച്ചറിയൽ പൂർത്തിയായ ശേഷമേ നാട്ടിലേക്ക് കൊണ്ടുപോകാനും യുഎയിൽ സംസ്കാരം നടത്തുന്നതിനുമുള്ള നടപടികൾ ആരംഭിക്കാനാകൂ എന്നും അധികൃതർ പറഞ്ഞു. കുടുംബങ്ങളുടെ തീരുമാനമനുസരിച്ചായിരിക്കും തുടർനടപടികൾ. ഇന്ത്യൻ കോൺസുലേറ്റ്, പ്രാദേശിക നേതാക്കൾ, സാമൂഹിക പ്രവർത്തകർ, ട്രാവൽ ഏജൻസികൾ എന്നിവർ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി വരികയാണ്. സഹായം ആവശ്യമുള്ളവർക്ക് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ 800-46342 എന്ന നമ്പറിൽ 24 മണിക്കൂർ ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ പറഞ്ഞു.

നവംബർ 24ന് പുലർച്ചെ അൽ വതൻ റോഡിലാണ് അപകടമുണ്ടായത്. തകരാറുകളെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് 41 യാത്രക്കാരുമായി വന്ന ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. അപകടത്തിൽ 13 പേർ മരിക്കുകയും 23 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഒമാനിൽ വിസ മാറ്റം പൂർത്തിയാക്കി യുഎഇയിലേക്ക് മടങ്ങിയവരായിരുന്നു ബസിലുണ്ടായിരുന്നവരിൽ ഏറെയും. തിരിച്ചറിഞ്ഞ നാല് മലയാളികളിൽ അഷ്റഫ് കോലങ്ങരാടി അട്ടേങ്ങാനം (53), മുഹമ്മദ് ആഷിഖ് (29), ഹേമന്ത് പുതിയകാവിൽ (29), സങ്കീർത്തന സുരേഷ് (26) എന്നിവരാണ് ഉൾപ്പെടുന്നത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും മരിച്ചവരിലുണ്ടെന്നാണ് വിവരം.

Content Highlights: DNA samples have been collected from families in Ras Al Khaimah to help identify those involved in the bus incident.

To advertise here,contact us