യുഎഇയിൽ രണ്ടാഴ്ചയിൽ രണ്ട് വലിയ അപകടങ്ങൾ; റോഡ് സുരക്ഷയും പരിശോധനയും ശക്തമാക്കാൻ വാഹന കമ്പനികൾ

ചില കമ്പനികൾ സുരക്ഷിത ഡ്രൈവിങ്ങിന് പ്രാധാന്യം നൽകിയപ്പോൾ മറ്റ് ചില കമ്പനികൾ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്ന നിലപാടിലാണ്.

uae

യുഎഇയിലെ ഫുജൈറയിലും റാസൽഖൈമയിലും വലിയ വാഹനങ്ങൾ ഉൾപ്പെട്ട രണ്ട് വലിയ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ, യുഎഇയിലെ വാണിജ്യ വാഹനക്കമ്പനികൾ റോഡ് സുരക്ഷാ നടപടികൾ ശക്തമാക്കുന്നു. ഡ്രൈവർമാരുടെ ജോലിസമയം നിരീക്ഷിക്കുക, വാഹനങ്ങൾ കൃത്യമായി പരിശോധിക്കുക, സുരക്ഷിത ഡ്രൈവിങ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് കമ്പനികൾ മുൻഗണന നൽകുന്നത്. ചില കമ്പനികൾ സുരക്ഷിത ഡ്രൈവിങ്ങിന് പ്രാധാന്യം നൽകിയപ്പോൾ മറ്റ് ചില കമ്പനികൾ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്ന നിലപാടിലാണ്.

400 വാണിജ്യ വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്ന ഹോട്ട്‌പാക്ക് കമ്പനിയുടെ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീൻ പി ബി സുരക്ഷിത ഡ്രൈവിങ്ങിന് കൂടുതൽ പ്രധാന്യം നൽകുന്നതായി വ്യക്തമാക്കി. വേഗപരിധി കർശനമായി പാലിക്കുക, വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം സൂക്ഷിക്കുക, ശരിയായ പാതയിലൂടെ മാത്രം വാഹനമോടിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. വലിയ വാഹനങ്ങളിൽ ചരക്കുകൾ സുരക്ഷിതമായി കയറ്റാനും ഉറപ്പിക്കാനും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൈനുദ്ദീൻ പി ബി, ഗ്രൂപ്പ് സിഒഒ ആൻഡ് എക്സിക്യൂട്ടീവ് ഡയർക്ടർ ഹോട്പാക്ക്

മോശം കാലാവസ്ഥയിലും മറ്റും അധികൃതർ നൽകുന്ന നിർദ്ദേശങ്ങളും പാത നിയന്ത്രണങ്ങളും ഡ്രൈവർമാരെ കൃത്യമായി അറിയിക്കുന്നുണ്ട്. ജോലിസമയം ക്രമീകരിച്ചും ആവശ്യത്തിന് വിശ്രമം നൽകിയും ക്ഷീണം മൂലമുള്ള അപകടസാധ്യത കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും സൈനുദ്ദീൻ കൂട്ടിച്ചേർത്തു. ദിവസേനയുള്ള വാഹന പരിശോധന, കൃത്യമായ അറ്റകുറ്റപ്പണി, വാഹനങ്ങളുടെ സഞ്ചാരപഥം നിരീക്ഷിക്കൽ, തുടർച്ചയായ പരിശീലനം എന്നിവയും കമ്പനി നടത്തുന്നുണ്ട്.

ഡ്രൈവർമാരുടെ ജോലിസമയം നിരീക്ഷിക്കും

ജലീൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ സമീർ കെ മുഹമ്മദ് പറയുന്നതനുസരിച്ച്, കമ്പനി വർഷങ്ങളായി റോഡ് സുരക്ഷയ്ക്കായി പല മുൻകരുതലുകളും സ്വീകരിച്ചുവരുന്നുണ്ട്. റോഡുകളിൽ അധികൃതർ പരിശോധനകൾ ശക്തമാക്കിയത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

സമീർ കെ മുഹമ്മദ്, മാനേജിംഗ് ഡയറക്ടർ, ജലീൽ ഹോൾഡിംഗ്സ്

കമ്പനിയിലെ വാഹനങ്ങൾ ഓടിക്കാൻ ഡ്രൈവർമാർക്ക് പ്രത്യേക കാർഡുകൾ നൽകിയിട്ടുണ്ട്. ഇതുവഴി ഓരോ ഡ്രൈവറും എത്ര സമയം വാഹനമോടിക്കുന്നുവെന്ന് കൃത്യമായി അറിയാൻ സാധിക്കും. അനുവദനീയമായ സമയപരിധി കവിഞ്ഞാൽ ഇടപെട്ട് ക്ഷീണം മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമിതവേഗതയും പെട്ടെന്നുള്ള ബ്രേക്കിംഗും നിരീക്ഷിക്കാനും ജീവനക്കാർക്ക് പതിവായി ആരോഗ്യപരിശോധന നടത്താനും കമ്പനി സംവിധാനമൊരുക്കിയിട്ടുണ്ട്. ആഴ്ചതോറും ടയർ, ബ്രേക്ക്, ലൈറ്റുകൾ എന്നിവ പരിശോധിക്കുകയും ടയറുകൾ ഉൾപ്പെടെയുള്ള സ്പെയർ പാർട്സുകളുടെ ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

ഒമ്പത് മണിക്കൂർ ഡ്രൈവിംഗ് പരിധി

റോഡ്‌സേഫ്റ്റി യുഎഇ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ തോമസ് എഡൽമാൻ പറയുന്നതനുസരിച്ച്, സുരക്ഷിതരായ ഡ്രൈവർമാർ, സുരക്ഷിതമായ വാഹനങ്ങൾ, ഫലപ്രദമായ നിയമനടപടികൾ എന്നിവയാണ് വലിയ വാഹനങ്ങളുടെ സുരക്ഷയ്ക്ക് പ്രധാനം.

ഡ്രൈവർമാർക്ക് തുടക്കത്തിലേ മാനസികക്ഷമതാ പരിശോധന നൽകണമെന്നും തുടർച്ചയായ പരിശീലനവും ആരോഗ്യപരിശോധനയും നല്ല ഉറക്കവും പോഷകാഹാരവും ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വാഹനത്തിന്റെയും ഡ്രൈവറുടെയും പ്രകടനം നിരീക്ഷിക്കുന്ന സംവിധാനങ്ങൾ വളരെ പ്രധാനമാണ്. 2027 ജനുവരി ഒന്ന് മുതൽ ഒരു ദിവസം പരമാവധി ഒമ്പത് മണിക്കൂർ മാത്രം വാഹനമോടിക്കാമെന്ന പുതിയ നിയമം നിലവിൽ വരുന്നതോടെ, ഡ്രൈവിംഗ് സമയവും വിശ്രമസമയവും വേഗതയും രേഖപ്പെടുത്തുന്ന ഉപകരണങ്ങൾ നിയമപാലനത്തിൽ വലിയ പങ്കുവഹിക്കും. ഈ നിയമം ഡ്രൈവർമാരുടെ ക്ഷീണം കുറയ്ക്കാൻ വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വലിയ വാഹനങ്ങൾ പെട്ടെന്ന് നിർത്താൻ കൂടുതൽ ദൂരം എടുക്കുമെന്നും വശങ്ങളിൽ കാണാത്ത ഭാഗങ്ങൾ ഉണ്ടാകുമെന്നും മറ്റു വാഹനയാത്രക്കാർ മനസ്സിലാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അപകടങ്ങളിൽ നിന്നുള്ള പാഠങ്ങൾ

യഥാർത്ഥ അപകടങ്ങളിൽ നിന്നുള്ള പാഠങ്ങൾ ഡ്രൈവർമാരുടെ പരിശീലനത്തിൽ ഉൾപ്പെടുത്തണമെന്ന് എക്സലൻസ് ഡ്രൈവിംഗ് സെന്റർ ഓപ്പറേഷൻസ് ഡയറക്ടർ ഖാലിദ് ജാവേദ് പറഞ്ഞു. അപകടസാധ്യതകൾ മുൻകൂട്ടി കാണുക, വാഹന നിയന്ത്രണം, കാണാത്ത ഭാഗങ്ങൾ, ബ്രേക്ക് ചെയ്യുമ്പോൾ ആവശ്യമായ ദൂരം, വേഗത നിയന്ത്രണം എന്നിവയിൽ പ്രത്യേക പരിശീലനം നൽകണം. സമയക്കുറവിനേക്കാളും സൗകര്യത്തേക്കാളും സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നത് കൊണ്ട് മാത്രം നല്ലൊരു പ്രൊഫഷണൽ ഡ്രൈവറാകില്ലെന്നും ശരിയായ മനോഭാവവും ജാഗ്രതയും അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടാഴ്ചയ്ക്കിടെ രണ്ട് വലിയ അപകടങ്ങൾ

ചൊവ്വാഴ്ച (നവംബർ 24) റാസൽഖൈമയിലുണ്ടായ ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 41 പേരുമായി പോയ ബസ്, തകരാർ മൂലം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.

നവംബർ 12-ന് ഫുജൈറയിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 14 പേർ മരിക്കുകയും 30-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത് രണ്ടാഴ്ച തികയും മുമ്പാണ് ഈ ദുരന്തം. ഫുജൈറ അപകടത്തിന് ശേഷം, മുന്നിൽ വാഹനക്കുരുക്ക് ഉണ്ടാകുമ്പോൾ വേഗത കുറയ്ക്കാനും സുരക്ഷിത അകലം പാലിക്കാനും ഓർമ്മിപ്പിച്ച് പൊലീസ് മൊബൈൽ ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയിരുന്നു. അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലാണ് സന്ദേശങ്ങൾ നൽകുന്നത്.

Content Highlights: Two deadly road incidents involving heavy vehicles in the UAE within less than two weeks have renewed concerns about road safety. The Fujairah incident on November 12 cause 14 people passed away, while a bus-truck collision in Ras Al Khaimah on November 24 killed 13 people and injured 14 others. In response, commercial vehicle operators are reinforcing safety measures, including monitoring drivers' working hours, checking vehicle conditions and using technology to identify speeding and driver fatigue.

To advertise here,contact us