ഫുജെെറ വാഹനാപകടം, 13 മരണം, അതിൽ 11 പേർ ഇന്ത്യക്കാർ, അതിൽതന്നെ നാല് മലയാളികൾ. 26 പേർക്ക് പരിക്ക്… ഓർക്കുമ്പോൾ തന്നെ വല്ലാത്ത വേദനയാണ്. അപ്പോൾ അത് നേരിട്ട് അനുഭവിക്കുമ്പോഴോ… ഫുജെെറ വാഹനാപകടത്തിൽ നിന്നും ഇന്നും കരകയറാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് മലയാളി യുവാവ് റബീൽ. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ബസിനുള്ളിൽ കണ്ട ഭീതിജനകമായ കാഴ്ചകൾ ഇന്നും 24കാരനെ വേട്ടയാടുകയാണ്. ഉറങ്ങാൻ കണ്ണടയ്ക്കുമ്പോഴെല്ലാം അപകടത്തിന് പിന്നാലെ ബസിനുള്ളിൽ കണ്ട കാഴ്ചകളാണ് മനസ്സിലേക്ക് വരുന്നതെന്ന് റബീൽ ഒരു അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു.
അച്ഛനെയും സുഹൃത്തുക്കളെയും സന്ദർശിക്കാനാണ് റബീൽ ദുബായിലെത്തിയത്. 2022 വരെ യുഎഇയിൽ ജോലി ചെയ്തിരുന്ന നബീൽ പിന്നീട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇത്തവണ ജോലി അന്വേഷിച്ചായിരുന്നില്ല എത്തിയതെങ്കിലും അപ്രതീക്ഷിതമായി പുതിയ ജോലി ലഭിച്ചു. ഇതോടെയാണ് വിസ മാറ്റുന്നതിനായി ഒമാനിലേക്ക് യാത്ര തിരിച്ചത്. അപകടം നടന്നപ്പോൾ താൻ ഇരുന്നിരുന്നത് ബസിന്റെ അപകടമുണ്ടായ ഭാഗത്തായിരുന്നുവെന്നും ഭക്ഷണം കഴിക്കാൻ നിർത്തിയശേഷം ഉറങ്ങാൻ ശ്രമിച്ചെങ്കിലും സീറ്റിൽ അസൗകര്യം തോന്നിയതിനാൽ മറുവശത്തേക്ക് മാറിയെന്നും റബീൽ പറഞ്ഞു. ആ മാറ്റമാണ് തന്നെ രക്ഷിച്ചതെന്നാണ് നബീൽ പറയുന്നത്.
ഉറക്കത്തിനിടെ വലിയ ശബ്ദം കേട്ടാണ് ഉണർന്നത്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ സീറ്റിൽ കുടുങ്ങിയതുപോലെ തോന്നി. നേരത്തെയുണ്ടായ മറ്റൊരു അപകടത്തിന്റെ ഓർമകൾ തിരിച്ചെത്തിയതോടെ പരിഭ്രാന്തനായി. സീറ്റ് പിന്നിലേക്ക് നീക്കാൻ കഴിഞ്ഞതോടെയാണ് ശ്വസിക്കാൻ സാധിച്ചത്. ബസിൽ നിന്ന് പുറത്തുകടന്നപ്പോൾ റോഡിൽ ചിതറിക്കിടക്കുന്ന ചില്ലുകളും വളഞ്ഞ വാഹനത്തിന്റെ ഭാഗങ്ങളും കണ്ടെന്നും നബീൽ ഓർത്തെടുത്തു. ബസിന്റെ ഒരു വശത്തെ ജനൽ തകർത്ത് മറ്റൊരുയാത്രക്കാരനൊപ്പം ബസിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിച്ചെന്നും നബീൽ പറഞ്ഞു.
തുടർന്ന് ഹത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കാലിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ചെറിയ മുറിവുകളും വേദനയുമുണ്ടായിരുന്നു. ചികിത്സയ്ക്കുശേഷം വിശ്രമിക്കാൻ നിർദേശിച്ച് വിട്ടയച്ചെന്ന് നബീൽ പറഞ്ഞു. യാത്രയ്ക്കിടെ ബസിലുണ്ടായിരുന്ന പലരുമായും സൗഹൃദത്തിലായിരുന്നുവെന്നും യാത്ര കഴിഞ്ഞ് ബന്ധം നിലനിർത്താൻ വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാൻ തീരുമാനിച്ചിരുന്നുവെന്നും റബീൽ വിങ്ങലോടെ പറഞ്ഞു. കേരളത്തിൽ നിന്നുള്ള മറ്റൊരു യുവാവുമായി ഏറെ നേരം സംസാരിച്ചിരുന്നു. എന്നാൽ ആ യുവാവ് അപകടത്തിൽ മരിച്ചതായി സ്ഥിരീകരിച്ചെന്നും നബീൽ പറഞ്ഞു. പുതിയ ജോലിയിൽ ഈ ആഴ്ച പ്രവേശിക്കാനിരുന്ന നബീൽ ഇപ്പോൾ അച്ഛനോടൊപ്പമാണ് താമസിക്കുന്നത്. മാനസികമായി ജോലി ചെയ്യാൻ തയാറായശേഷമേ ജോലിയിൽ പ്രവേശിക്കുവെന്ന് നബീൽ പറഞ്ഞു.
Content Highlights: A Malayali youth continues to struggle with sleep and emotional distress following the traumatic incident in Ras Al Khaimah.