ദുബായിയെയും ഷാർജയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ അൽ ഇത്തിഹാദ് റോഡിൽ (E11) ഗതാഗതക്കുരുക്ക് കുറയ്ക്കാൻ വൻ വികസന പദ്ധതി പ്രഖ്യാപിച്ച് യുഎഇ എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ മന്ത്രാലയം. അൽ നഹ്ദ ജങ്ഷനിലാണ് പ്രധാനമായും നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി നാല് കിലോമീറ്റർ നീളത്തിൽ എട്ട് പുതിയ പാലങ്ങളും 4.5 കിലോമീറ്റർ നീളത്തിൽ സർവീസ് റോഡുകളും നിർമിക്കും.
പദ്ധതി പൂർത്തിയാകുന്നതോടെ അൽ ഇത്തിഹാദ് റോഡിന്റെ പ്രതിദിന വാഹനശേഷി ഒരു ലക്ഷത്തിൽ നിന്ന് 1.90 ലക്ഷമായി ഉയരും. ഏകദേശം 90 ശതമാനമാണ് വർധന. അൽ നഹ്ദ ജങ്ഷന്റെ ശേഷി പ്രതിദിനം 1.88 ലക്ഷത്തിൽ നിന്ന് 3.10 ലക്ഷം വാഹനങ്ങളായും ഉയരും. ഇതോടെ ജങ്ഷനിലെ വാഹനഗതാഗത ശേഷിയിൽ 65 ശതമാനത്തോളം വർധനയുണ്ടാകും. യാത്രാസമയം 79 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രാലയം പറഞ്ഞു. നിലവിൽ പ്രധാന റൂട്ടുകളിൽ 15 മിനിറ്റ് വേണ്ട യാത്ര മൂന്ന് മിനിറ്റായി ചുരുങ്ങും. ദുബായ്–ഷാർജ യാത്ര കൂടുതൽ സുഗമമാക്കുന്നതിനൊപ്പം റോഡ് സുരക്ഷ മെച്ചപ്പെടുത്താനും ജങ്ഷനുകളിലെ ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2026-025 എന്ന ടെൻഡറിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 2027 ജനുവരി അഞ്ചിന് മുമ്പ് അപേക്ഷിക്കണം. ഉയർന്ന വാഹനത്തിരക്കുള്ള ഹൈവേ പദ്ധതികൾ നടപ്പാക്കിയ മുൻപരിചയമുള്ള കമ്പനികൾക്കാണ് മുൻഗണന. സെപ്റ്റംബറിൽ അൽ ഖിയാദ ജങ്ഷനിൽ അൽ ഇത്തിഹാദ് റോഡിൽ നിന്ന് പുതിയ പാതയും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഒരുക്കിയിരുന്നു. ഇതിലൂടെ തിരക്കേറിയ സമയങ്ങളിലെ കാത്തിരിപ്പ് 15 ശതമാനം വരെ കുറയുമെന്നാണ് പ്രതീക്ഷ.
Content Highlights: The UAE has announced an upgrade to Al Ittihad Road, including eight new bridges and service roads, to ease traffic between Dubai and Sharjah.