ആഗോള വിപണിയിൽ മത്സരിക്കുമ്പോൾ നിലവിലുള്ള ഉൽപന്നങ്ങളുടെ പ്രകടനത്തെ മാത്രം ആശ്രയിക്കാതെ വ്യത്യസ്തമായ സാങ്കേതികവിദ്യകളും സേവനങ്ങളും വികസിപ്പിക്കണമെന്ന് യുഎഇ കമ്പനികൾക്ക് വിദഗ്ധരുടെ നിർദേശം. മറ്റുള്ളവരിൽനിന്ന് വേറിട്ടുനിൽക്കുന്ന ഉൽപന്നങ്ങൾക്കാണ് ദീർഘകാലാടിസ്ഥാനത്തിൽ വിപണിയിൽ മുന്നേറാനാകുകയെന്ന് ഓർബിറ്റ്വർക്ക്സിന്റെ വൈസ് പ്രസിഡന്റും ബിസിനസ് ഡെവലപ്മെന്റ് വിഭാഗം മേധാവിയുമായ സലിം അൽ അലാവി പറഞ്ഞു.
അബുദാബി എക്സ്പോർട്ട്സ് ഓഫീസ് (ADEX) സംഘടിപ്പിച്ച എഐ ഫോർ ഡെവലപ്മെന്റ് ഫോറത്തിലെ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'Emirati Exporters and the AI Sector: Real-World Stories' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പ്രിസൈറ്റ്, ഇൻസെപ്ഷൻ42, ഓർബിറ്റ്വർക്ക്സ് എന്നീ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു. 2026ലെ ആദ്യ ആറുമാസത്തിൽ യുഎഇയുടെ എണ്ണയിതര കയറ്റുമതി 4,500 കോടി ദിർഹത്തിലെത്തിയതായി ചർച്ചയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 24 ശതമാനമാണ് വർധന. ഈ വളർച്ച സ്ഥിരമായ കയറ്റുമതി നേട്ടങ്ങളാക്കി മാറ്റാനുള്ള മാർഗങ്ങളാണ് വിദഗ്ധർ വിലയിരുത്തിയത്.
ബഹിരാകാശ സാങ്കേതികവിദ്യയിൽ മുൻനിര രാജ്യങ്ങളിലൊന്നായ ഫ്രാൻസാണ് ഓർബിറ്റ്വർക്ക്സിന്റെ യുഎഇയിൽ നിർമിച്ച് പ്രവർത്തിപ്പിക്കുന്ന ഉപഗ്രഹ ശൃംഖലയുടെ ഏറ്റവും വലിയ ഉപഭോക്താവെന്ന് അൽ അലാവി പറഞ്ഞു. ഫ്രാൻസിൽ നിരവധി ബഹിരാകാശ കമ്പനികളുണ്ടെങ്കിലും യുഎഇയുടെ സാങ്കേതികവിദ്യയ്ക്ക് അവിടെ വലിയ വിപണി കണ്ടെത്താനായെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബറിൽ വിക്ഷേപിച്ച 'ആൾട്ടെയർ വൺ' (Altair One) ഉപഗ്രഹത്തിന് മുമ്പുതന്നെ അബുദാബി ഫണ്ട് ഫോർ ഡെവലപ്മെന്റ് (ADFD), എഡിഎംഎ, ഫ്രഞ്ച് ബഹിരാകാശ ഏജൻസി തുടങ്ങിയ സ്ഥാപനങ്ങളുമായി കമ്പനി പങ്കാളിത്തം ഉറപ്പാക്കിയിരുന്നു. ഉപഗ്രഹ സാങ്കേതികവിദ്യയുടെ വിശ്വാസ്യത തെളിയിക്കാനും ഉപഭോക്താക്കളെ ആകർഷിക്കാനും ഈ പങ്കാളിത്തങ്ങൾ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഒപ്റ്റിക്കൽ, തെർമൽ ഉൾപ്പെടെയുള്ള സെൻസറുകളുള്ള ഉപഗ്രഹങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മാറ്റങ്ങളും അസാധാരണ സാഹചര്യങ്ങളും തിരിച്ചറിയും. അടിസ്ഥാന സൗകര്യങ്ങളുടെയും സമുദ്ര മേഖലയിലെ പ്രവർത്തനങ്ങളുടെയും നിരീക്ഷണത്തിനും തത്സമയത്തിനടുത്ത വിവരങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറാനും ഇവയ്ക്ക് സാധിക്കും. വിദേശത്ത് ധനസഹായം നൽകുന്ന പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കാൻ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിക്കാനാണ് എഡിഎഫ്ഡിയുടെ പദ്ധതി. ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ വിശ്വാസ്യതയാണ് ഏറ്റവും പ്രധാനമെന്ന് പ്രിസൈറ്റിലെ ഗവൺമെന്റ് ടെക്നോളജി ഉപദേഷ്ടാവ് മാർട്ടിൻ യേറ്റ്സ് പറഞ്ഞു. അടുത്തിടെയുണ്ടായ സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസ്യതയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്ന് ഇൻസെപ്ഷൻ42 ഗവൺമെന്റ് അഫയേഴ്സ് ഡയറക്ടർ ഡോ. യൂസിഫ് അൽസാബിയും ചൂണ്ടിക്കാട്ടി.
യുഎഇ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിക്കുന്ന കമ്പനികൾ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട ചില വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടിവരുമെന്ന് അൽസാബി പറഞ്ഞു. സർക്കാർ സംവിധാനങ്ങൾക്ക് സാങ്കേതികവിദ്യയുടെ ഗുണദോഷങ്ങൾ വിലയിരുത്താൻ വിദഗ്ധരുള്ളതിനാൽ ഉൽപന്നം അവതരിപ്പിക്കുന്നതുകൊണ്ടുമാത്രം കരാറുകൾ നേടാനാകില്ല. പൊതുജനങ്ങൾക്ക് ലഭിക്കുന്ന പ്രയോജനം കൂടി വ്യക്തമാക്കുന്ന ബിസിനസ് മാതൃകയാണ് കമ്പനികൾ മുന്നോട്ടുവെക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലെ നിയന്ത്രണങ്ങൾ നൂതന ആശയങ്ങളുടെ വളർച്ചയ്ക്ക് തടസ്സമല്ലെന്നും മറിച്ച് അതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രിസൈറ്റിന്റെ വിപണിയുടെ 40 ശതമാനത്തിലധികവും ഇപ്പോൾ രാജ്യാന്തര വിപണികളിലാണെന്ന് മാർട്ടിൻ യേറ്റ്സ് പറഞ്ഞു. ക്ലൗഡ് ഡാറ്റാ സെന്ററുകൾ, പരമാധികാര എഐ സംവിധാനങ്ങൾ, ഏജന്റിക് പ്ലാറ്റ്ഫോമുകൾ, സ്മാർട്ട് സിറ്റി സാങ്കേതികവിദ്യകൾ എന്നിവയാണ് കമ്പനി വിദേശ വിപണികളിൽ അവതരിപ്പിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങൾക്കാണ് പ്രധാന പരിഗണന. വിദേശ വിപണികളിലേക്ക് കടക്കുന്ന കമ്പനികൾ അവിടുത്തെ ഭാഷയും സംസ്കാരവും മനസ്സിലാക്കുന്നവരെ ജോലിക്കെടുക്കുകയും പ്രാദേശിക പങ്കാളിത്തങ്ങൾ ഉറപ്പാക്കുകയും വേണമെന്നും വിദഗ്ധർ നിർദേശിച്ചു. ഓരോ രാജ്യത്തിന്റെയും വിപണി സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും അതിനനുസരിച്ചുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തണമെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: Experts say UAE-developed technologies have strong potential in global markets and urge companies to create innovative and distinctive products.