ഫ്ലൈദുബായ് വിമാനത്തിലെ സംഭവത്തിനിടെ യാത്രക്കാരുടെ സുരക്ഷയ്ക്കായി ധീരമായി ഇടപെട്ട ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർ ഉൾപ്പെടെയുള്ള ജീവനക്കാരെ ആദരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സെപ്റ്റംബർ 30-ന് FZ1073 വിമാനത്തിലുണ്ടായ സംഭവത്തിൽ നിർണായക ഇടപെടൽ നടത്തിയ ജീവനക്കാർക്ക് ഓർഡർ ഓഫ് സായിദ് II ഫസ്റ്റ് ക്ലാസ് മെഡൽ നൽകി ആദരിച്ചു.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ജീവനക്കാർക്ക് മെഡലുകൾ സമ്മാനിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ജീവനക്കാർ പ്രകടിപ്പിച്ച ധീരതയെയും ഉത്തരവാദിത്തബോധത്തെയും അദ്ദേഹം പ്രശംസിച്ചു. യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും സുരക്ഷയ്ക്കായി നിർണായക ഇടപെടൽ നടത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറുമായും യുഎഇ ഭരണനേതൃത്വം സംസാരിച്ചു. യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷും ജീവനക്കാരെ അഭിനന്ദിച്ചു. മനുഷ്യജീവൻ സംരക്ഷിക്കുക എന്നത് ഏറ്റവും മഹത്തായ കടമയാണെന്ന് ഈ ആദരം വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഒക്ടോബർ മൂന്നിന് ഷെയ്ഖ് ഹംദാൻ ആശുപത്രിയിലെത്തി പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്യാപ്റ്റൻ സ്മിത് മച്ചാറിനെ സന്ദർശിച്ചിരുന്നു. അന്ന് അദ്ദേഹത്തിന് പിന്തുണ അറിയിക്കുകയും ജീവനക്കാരുടെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായി ജീവനക്കാർ നടത്തിയ ഇടപെടലുകളെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ മെഡൽ നൽകി ആദരിച്ചിരിക്കുന്നത്.
Content Highlights: The UAE President has awarded Captain Smit Machchhar and flydubai crew members the First Class Order of Zayed II in recognition of their courage and efforts to protect passengers during an in-flight incident.