സോഷ്യൽ മീഡിയയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചാൽ ഒരു വർഷം തടവും ഒരുലക്ഷം ദിർഹം പിഴയും;മുന്നറിയിപ്പുമായി ഷാർജ പൊലീസ്

ഉത്തരവാദിത്തത്തോടെയുള്ള ഡിജിറ്റൽ ഇടപെടൽ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് ഷാർജ പൊലീസ് ഓർമിപ്പിച്ചു

സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ഷാർജ പൊലീസ്. യുഎഇ നിയമപ്രകാരം കുറ്റക്കാർക്ക് കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹമോ അതിലധികമോ പിഴയും ലഭിക്കാമെന്നും പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ജനങ്ങളിൽ അനാവശ്യ ഭീതിയും ആശങ്കയും സൃഷ്ടിക്കുമെന്ന് വ്യക്തമാക്കുന്ന ബോധവത്കരണ വിഡിയോയും ഷാർജ പൊലീസ് പുറത്തിറക്കി.

സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സാമൂഹിക സ്ഥിരതയെ ബാധിക്കുകയും വ്യാജവാർത്തകളുടെ പേരിൽ ജനങ്ങളിൽ ഭയം സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഷാർജ പൊലീസിലെ ബോധവത്കരണ വിഭാഗം ഡയറക്ടർ മേജർ സൗദ് അൽ ഷൈബ മുന്നറിയിപ്പ് നൽകി. തെറ്റായ വാർത്തകൾ ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യുന്നവർക്ക് 2021-ലെ ഫെഡറൽ ഡിഗ്രി നിയമം നമ്പർ 34-ലെ ആർട്ടിക്കിൾ 52 പ്രകാരം ശിക്ഷ ലഭിക്കാമെന്ന് ഷാർജ പൊലീസ് വ്യക്തമാക്കി. വ്യാജവാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ എന്നിവ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ഈ നിയമവ്യവസ്ഥയുടെ പരിധിയിൽ വരുന്നത്. നിയമലംഘകർക്ക് കുറഞ്ഞത് ഒരു വർഷം തടവും 100,000 ദിർഹം മുതൽ പിഴയും ലഭിക്കാമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.

കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക സർക്കാർ സ്ഥാപനങ്ങളെയും അംഗീകൃത വാർത്താമാധ്യമങ്ങളെയും ആശ്രയിക്കണം. സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്ന വാർത്തകൾ മറ്റുള്ളവരിലേക്ക് കൈമാറുന്നതിന് മുമ്പ് അതിന്റെ ഉറവിടവും ആധികാരികതയും പരിശോധിക്കണമെന്നും പൊലീസ് നിർദേശിച്ചു. ഉത്തരവാദിത്തത്തോടെയുള്ള ഡിജിറ്റൽ ഇടപെടൽ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് ഷാർജ പൊലീസ് ഓർമിപ്പിച്ചു. സ്ഥിരീകരിക്കാത്ത ഒരു വാർത്ത പോലും വ്യാപകമായ ആശങ്കയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും കാരണമാകാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Content Highlights: Sharjah Police warned that spreading fake news and unverified information on social media in the UAE can result in at least one year in prison and a fine of Dh100,000 or more.

To advertise here,contact us