ഗൾഫ് നാടുകൾക്ക് ഐക്യസന്ദേശവുമായി യുഎഇ വൈസ് പ്രസിഡന്റ്; സോഷ്യൽ മീഡിയ ഭിന്നതകൾ ഒഴിവാക്കാൻ ആഹ്വാനം

ലളിതമായ തീരദേശ ഗ്രാമങ്ങളിൽ നിന്നും തുറമുഖങ്ങളിൽ നിന്നും ആഗോള സാമ്പത്തിക ശക്തിയായി മാറിയെങ്കിലും സ്വന്തം പാരമ്പര്യവും സ്വത്വവും ചോർന്നുപോകാതെ സംരക്ഷിക്കാൻ ഗൾഫ് സമൂഹത്തിന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗൾഫ് ജനതയ്ക്ക് ശക്തമായ ഐക്യ സന്ദേശവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന മാധ്യമ സന്ദേശങ്ങളും സോഷ്യൽ മീഡിയ ചർച്ചകളും പൂർണ്ണമായും ഒഴിവാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇതിനപ്പുറം, പൊതുവായ സംസ്കാരവും പരമ്പരാഗത ചരിത്രവും ഉയർത്തിപ്പിടിച്ച് ഒരുമിച്ച് മുന്നേറണമെന്നാണ് തന്റെ പുതിയ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കിയത്.

തന്റെ പുതിയ പുസ്തകമായ 'ലെറ്റേഴ്സ്' (Letters)-ലെ പ്രധാന വരികൾ പങ്കുവെച്ചുകൊണ്ടാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഈ വൈകാരിക സന്ദേശം നൽകിയത്. ഗൾഫ് നാടുകളുടെ ചരിത്രപരമായ ബന്ധത്തിനും സാംസ്കാരിക പൈതൃകത്തിനുമാണ് അദ്ദേഹം തന്റെ വാക്കുകളിൽ ഊന്നൽ നൽകിയത്. ലളിതമായ തീരദേശ ഗ്രാമങ്ങളിൽ നിന്നും തുറമുഖങ്ങളിൽ നിന്നും ആഗോള സാമ്പത്തിക ശക്തിയായി മാറിയെങ്കിലും സ്വന്തം പാരമ്പര്യവും സ്വത്വവും ചോർന്നുപോകാതെ സംരക്ഷിക്കാൻ ഗൾഫ് സമൂഹത്തിന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചരിത്രവും രക്തബന്ധങ്ങളുമാണ് ഗൾഫ് ജനതയെ ഒന്നിപ്പിക്കുന്നത്. അതിനാൽ മാധ്യമങ്ങളിലെയും സോഷ്യൽ മീഡിയയിലെയും ചില സന്ദേശങ്ങൾ സമൂഹത്തിൽ ഭിന്നത വിതയ്ക്കാൻ ഇടയാകരുത്. ഇടുങ്ങിയ സ്വാർത്ഥ അജണ്ടകളുള്ളവർക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള സഹോദരബന്ധങ്ങളും അയൽപക്ക ബന്ധങ്ങളും തകർത്തുകളയാൻ സാധിക്കില്ലെന്നും, കേവലം രാഷ്ട്രീയ കരാറുകളല്ല, മറിച്ച് മണ്ണിലും കടലിലും അധ്വാനിച്ച് ജീവിച്ച മുൻ തലമുറകളുടെ വിശ്വാസമാണ് ഗൾഫ് നാടുകളെ കോർത്തിണക്കിയതെന്നും ഷെയ്ഖ് മുഹമ്മദ് ഓർമ്മിപ്പിച്ചു.

യുഎഇയിലെ ഏഴ് എമിറേറ്റുകൾ ഒന്നിച്ചപ്പോൾ അസാധ്യമായ കാര്യങ്ങൾ സാധ്യമായത് പോലെ, ഗൾഫ് നാടുകളുടെ വിഭവങ്ങളും യുവതലമുറയുടെ ദൃഢനിശ്ചയവും ഒന്നിച്ചാൽ കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകും. സ്വന്തം ദേശീയ സ്വത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ, കൂടുതൽ ശക്തമായ ഏകോപനത്തോടെ ഒരുമിച്ച് മുന്നേറണമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.

Content Highlights: UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum has urged greater unity and cooperation among Gulf nations, warning that social media disputes and divisive narratives should not weaken their shared history and common interests.

To advertise here,contact us