ദുബായിൽ വാഹനങ്ങളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം; പരിശോധനാ കേന്ദ്രങ്ങൾ ഉയർത്താൻ ആർടിഎ

2026-ലെ ആദ്യ ആറുമാസത്തിനുള്ളിൽ 1,96,000-ത്തിലധികം പുതിയ വാഹനങ്ങളാണ് ദുബായിൽ രജിസ്റ്റർ ചെയ്തത്

ദുബായിൽ വാഹനം വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം രണ്ടുലക്ഷത്തോളം പുതിയ വാഹനങ്ങളാണ് എമിറേറ്റിലെ നിരത്തുകളിലേക്ക് ഇറങ്ങിയത്. വാഹനം വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിൽ പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും ട്രാഫിക് സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനും റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നടപടികൾ ആരംഭിച്ചു.

2026-ലെ ആദ്യ ആറുമാസത്തിനുള്ളിൽ 1,96,000-ത്തിലധികം പുതിയ വാഹനങ്ങളാണ് ദുബായിൽ രജിസ്റ്റർ ചെയ്തത്. പ്രതിദിനം ശരാശരി ആയിരത്തിലധികം പുതിയ വാഹനങ്ങൾ നിരത്തിലെത്തുന്നുണ്ടെന്ന് ആർടിഎ ലൈസൻസിംഗ് ഏജൻസി സിഇഓ അഹമ്മദ് മഹ്ബൂബ് വ്യക്തമാക്കി. രാജ്യത്തെ അതിവേഗ ജനസംഖ്യാ വളർച്ചയും സാമ്പത്തിക മുന്നേറ്റവുമാണ് വാഹനങ്ങളുടെ വിൽപ്പനയിൽ ഇത്തരം ഒരു വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയത്.

വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകളും എഐ ഉപയോഗിച്ചുള്ള സ്മാർട്ട് ടെസ്റ്റിംഗ് സംവിധാനങ്ങളുമാണ് ആർടിഎ നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള 30 വാഹന പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം 2030-ഓടെ 35 ആയി ഉയർത്താൻ പദ്ധതിയിട്ടിട്ടുണ്ട്.

ഇതോടൊപ്പം നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളും ആർടിഎ വേഗത്തിലാക്കി. ഇതിന്റെ ഭാഗമായി അൽ സത്‌വ റൗണ്ട് എബൗട്ട് സിഗ്നലൈസ്ഡ് ജംഗ്ഷനാക്കി മാറ്റുന്ന ജോലി പൂർത്തിയായി. ഈ പരിഷ്കാരം വഴി യാത്രാസമയം പകുതിയായി കുറയ്ക്കാനും തിരക്കുള്ള സമയത്തെ വാഹനങ്ങളുടെ കാത്തിരിപ്പ് സമയം 60 ശതമാനം വരെ ഒഴിവാക്കാനും സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Content Highlights: Dubai’s Roads and Transport Authority (RTA) is planning to expand its vehicle testing centre network as vehicle registrations continue to rise. The emirate recorded 196,042 first-time vehicle registrations between January and June 2026. The number of testing centres is expected to increase from 30 to 35 by 2030.

To advertise here,contact us