‘ത്രെഡ്സ് ഓഫ് ചേഞ്ച്’; ഉപയോഗിക്കാതെ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾക്ക് പുതുജീവൻ നൽകി ദുബായിലെ ഇന്ത്യൻ വിദ്യാർഥിനി

ദൈനംദിന ജീവിതത്തിലെ ഒരു ചെറിയ ശീലം പോലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് തിരിച്ചറിഞ്ഞതാണ് പദ്ധതിക്ക് പ്രചോദനമായതെന്ന് അസൂറ പറഞ്ഞു

ഉപയോഗിക്കാതെ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾക്ക് പുതുജീവൻ നൽകി ദുബായിലെ ഇന്ത്യൻ വിദ്യാർത്ഥിനി. അധ്യയന വർഷം അവസാനിക്കുമ്പോൾ പഴക്കമില്ലാത്ത നിരവധി വസ്ത്രങ്ങൾ ഉപേക്ഷിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് 17 വയസ്സുള്ള ഇന്ത്യൻ വിദ്യാർഥിനി അസൂറ ലാലിന് പുതിയൊരു ആശയം ഉദിച്ചത്. ഉപയോഗിക്കാതെ കിടക്കുന്ന വസ്ത്രങ്ങൾ വലിച്ചെറിയുന്നതിനുപകരം ആവശ്യക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ കൈമാറുക എന്ന ലക്ഷ്യത്തോടെ അസൂറ ആരംഭിച്ച സംരംഭമാണ് ‘ത്രെഡ്സ് ഓഫ് ചേഞ്ച്’ (Threads of Change).

ഡൽഹിയിൽ ജനിച്ച അസൂറ 11-ാം വയസ്സിലാണ് ദുബായിലെത്തിയത്. അധ്യാപകരുടെയും സ്കൂൾ സമൂഹത്തിന്റെയും പിന്തുണയോടെയാണ് അസൂറ വസ്ത്രശേഖരണ പദ്ധതിക്ക് തുടക്കമിട്ടത്. കഴിഞ്ഞ വർഷം രണ്ടാഴ്ച നീണ്ടുനിന്ന ആദ്യ ശേഖരണ ക്യാമ്പയിനിൽ 60-ലധികം വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി. 200 കിലോഗ്രാമിലധികം വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ശേഖരിക്കാനായി. രണ്ടാം വർഷത്തിലേക്ക് കടന്ന സംരംഭത്തിൽ ഇത്തവണ ശേഖരണ കാലയളവ് അഞ്ച് ആഴ്ചയായി നീട്ടിയിട്ടുണ്ടെന്നും അസൂറ പറഞ്ഞു.

ഒരാൾക്ക് ആവശ്യമില്ലാത്ത വസ്ത്രങ്ങൾ മറ്റൊരാൾക്ക് ഉപകാരപ്പെടുമെന്ന ചിന്തയിൽ നിന്നാണ് പദ്ധതിയുടെ തുടക്കം. അധ്യാപകരുടെ മാർഗനിർദേശത്തോടെ ദുബായിലെ വിവിധ സംഘടനകളുമായി ബന്ധപ്പെടുകയും ആശയം പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. ദൈനംദിന ജീവിതത്തിലെ ഒരു ചെറിയ ശീലം പോലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് തിരിച്ചറിഞ്ഞതാണ് പദ്ധതിക്ക് പ്രചോദനമായതെന്ന് അസൂറ പറഞ്ഞു. ഒരാശയം കൂട്ടായ പ്രവർത്തനമായി വളരുന്നത് കണ്ടതോടെ മാറ്റങ്ങൾ സൃഷ്ടിക്കാൻ വലിയ സ്വാധീനമോ വിഭവങ്ങളോ ഉണ്ടാകുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും മനസ്സിലാക്കിയതായി അസൂറ വ്യക്തമാക്കി. ശേഖരിച്ച വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ഉപയോഗിക്കുന്നതിനൊപ്പം ലഭിച്ച വരുമാനവും സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ വിനിയോഗിക്കുന്ന സുസ്ഥിര സംരംഭമായി പദ്ധതിയെ വളർത്താനാണ് ആഗ്രഹമെന്ന് അസൂറ പറഞ്ഞു. ആദ്യഘട്ടത്തിൽ സ്കൂളിലെ നാനിമാർക്കായി അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സമ്മാനക്കൂടകൾ തയ്യാറാക്കി നൽകിയിരുന്നു.

അംബാസഡർ ഇന്റർനാഷണൽ അക്കാദമിയിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന അസൂറയ്ക്ക് പഠനവും സംരംഭത്തിന്റെ പ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്നത് തുടക്കത്തിൽ വെല്ലുവിളിയായിരുന്നു. എന്നാൽ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുകയും മറ്റ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നതിനൊപ്പം പദ്ധതിക്കായി സമയം കണ്ടെത്താനും പഠിച്ചുവെന്നും അസൂറ പറഞ്ഞു. ഒരു കാര്യത്തോട് ആത്മാർഥമായ പ്രതിബദ്ധതയുണ്ടെങ്കിൽ അതിനായി സമയം കണ്ടെത്താൻ കഴിയുമെന്നാണ് അനുഭവം പഠിപ്പിച്ചതെന്നും സ്വന്തം സ്കൂളുകളിലും സമൂഹത്തിലും ശ്രദ്ധയിൽപ്പെടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കൂടുതൽ യുവാക്കൾ മുന്നോട്ടുവരണമെന്നാണ് ആഗ്രഹമെന്നും അസൂറ പറഞ്ഞു. സാധാരണമായി അംഗീകരിച്ചുപോരുന്ന രീതികളെ ചോദ്യം ചെയ്യാനും അവയിൽ മാറ്റം വരുത്താനുള്ള സാധ്യതകൾ തിരിച്ചറിയാനും യുവാക്കൾ തയ്യാറാകണം. വ്യത്യസ്ത സംസ്കാരങ്ങളിൽപ്പെട്ടവർ ഒരുമിച്ച് ജീവിക്കുന്ന ദുബായിലെ സാഹചര്യത്തിൽ വളർന്നത് കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യം തിരിച്ചറിയാൻ സഹായിച്ചെന്നും അസൂറ കൂട്ടിച്ചേർത്തു.

ഭൂമിയിലെ വിഭവങ്ങളെ ഉപയോഗശേഷം ഉപേക്ഷിക്കാവുന്ന വസ്തുക്കളായി കാണുന്നത് തുടർന്നുകൊണ്ട് സുസ്ഥിരമായ ഭാവി സൃഷ്ടിക്കാനാകില്ലെന്നാണ് അസൂറയുടെ നിലപാട്. നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലൂടെയാണ് മാറ്റങ്ങൾ ആരംഭിക്കേണ്ടത്. വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുകയും ആവശ്യമില്ലാത്തവ മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ കൈമാറുകയും ചെയ്യുന്ന ശീലം വളർത്തുകയാണ് അസൂറയുടെ ലക്ഷ്യം. ചെറിയൊരു ആശയത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക സേവനത്തിനും മാതൃകയാവുകയാണ് ദുബായിലെ ഈ ഇന്ത്യൻ വിദ്യാർഥിനി.

Content Highlights: Dubai student Azura Lal has launched Threads of Change, a school clothing collection initiative that promotes reuse, reduces clothing waste and supports community giving.

To advertise here,contact us