യുഎഇയിൽ വിന്റർ ക്യാമ്പിങ് സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി താൽക്കാലിക ക്യാമ്പിങ് പെർമിറ്റുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 19 മുതൽ സ്വീകരിക്കുമെന്ന് ഉമ്മുൽ ഖുവൈൻ മുനിസിപ്പാലിറ്റി അറിയിച്ചു. നവംബർ ഒന്നിനാണ് പുതിയ സീസൺ ആരംഭിക്കുന്നത്. അൽ അഖ്റാൻ, അൽ താനിയ മേഖലകളിലെ ക്യാമ്പിങ് സ്ഥലങ്ങൾക്കായി ഒക്ടോബർ 30 വരെ അപേക്ഷിക്കാം. മൂന്ന് മുതൽ ആറ് മാസം വരെയാണ് പെർമിറ്റിന്റെ കാലാവധി.
2026–2027 സീസണിലേക്കുള്ള മുനിസിപ്പാലിറ്റിയുടെ ചട്ടങ്ങൾ പ്രകാരം ഉമ്മുൽ ഖുവൈൻ എമിറേറ്റ് നൽകിയ പാസ്പോർട്ടുള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാൻ അനുമതി. പെർമിറ്റ് ലഭിക്കുന്നവർക്ക് വ്യക്തിപരമായ ആവശ്യങ്ങൾക്കായി താൽക്കാലികമായി മാത്രമേ അനുവദിച്ച സ്ഥലം ഉപയോഗിക്കാനാകൂ. അനുവദിച്ച സ്ഥലം മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകുന്നതിനും വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനും പെർമിറ്റിൽ വ്യക്തമാക്കിയതല്ലാത്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. അപേക്ഷ അംഗീകരിച്ച് മൂന്ന് ദിവസത്തിനകം നിശ്ചിത ഫീസും സെക്യൂരിറ്റി ഡെപ്പോസിറ്റും അടയ്ക്കണം. സമയപരിധിക്കുള്ളിൽ തുക അടച്ചില്ലെങ്കിൽ അപേക്ഷ റദ്ദാക്കും.
ക്യാമ്പിങ് നടത്തുന്നവർ അനുവദിച്ച സ്ഥലത്തിന്റെ അതിരുകൾക്കുള്ളിൽ തന്നെ തുടരുകയും പരിസരം വൃത്തിയായി സൂക്ഷിക്കുകയും വേണം. താമസകാലയളവിലുടനീളം സിവിൽ ഡിഫൻസിന്റെ അഗ്നിസുരക്ഷാ നിർദേശങ്ങളും സുരക്ഷാ ചട്ടങ്ങളും പാലിക്കണം. ക്യാമ്പിങ് മേഖലകളിൽ അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്നതിനും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഫ്ലഡ് ലൈറ്റുകൾ, ലൗഡ് സ്പീക്കറുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. യുഎഇയിലെയും ഉമ്മുൽ ഖുവൈനിലെയും നിയമങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും മാനിക്കണമെന്നും മുനിസിപ്പാലിറ്റി നിർദേശിച്ചു. ചട്ടങ്ങൾ ലംഘിക്കുന്നവരുടെ പെർമിറ്റ് റദ്ദാക്കുന്നതിനും പിഴ ചുമത്തുന്നതിനും സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടുന്നതിനും നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Content Highlights: Umm Al Quwain Municipality will accept winter camping permit applications from October 19 to 30, 2026, for the 2026–2027 season, with campsites available in Al Aqran and Al Thaniya.