യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലും അൽ ഐനിലും ഷാർജയിലും സംവഹന മേഘങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് കനത്ത മഴയാണ് പെയ്യുന്നത്. കൽബയിലെ വാദി അൽ ഹെലോ സ്ട്രീറ്റ്, അൽ ഐനിലെ മലാക്കിത് പ്രദേശം എന്നിവിടങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തിയതായി സ്റ്റോം സെന്റർ അറിയിച്ചു.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഇന്ന് രാത്രി ഒമ്പത് മണി വരെ സംവഹന മേഘ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഖോർ ഫക്കാൻ, ഫുജൈറ, അൽ ഐൻ തുടങ്ങിയ കിഴക്കൻ പ്രദേശങ്ങളിലും അബുദാബിയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിലുമാണ് ഈ മുന്നറിയിപ്പ് ബാധകമായിട്ടുള്ളത്. ജാഗ്രതയുടെ ഭാഗമായി ഫുജൈറയിലെ ചില മേഖലകളിലും അൽ ഐനിന്റെ തെക്ക്-കിഴക്കൻ ഭാഗങ്ങളിലും നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കിഴക്കൻ, മധ്യ മേഖലകളിലെ മലയോര പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ദുബായ്-അൽ ഐൻ റോഡ് വരെയുള്ള മേഖലകളിൽ കൊടുങ്കാറ്റും ആലിപ്പഴ വർഷവും ശക്തമായ കാറ്റും അനുഭവപ്പെട്ടേക്കാം. ശക്തമായ പൊടിക്കാറ്റ് മൂലം തുറന്ന റോഡുകളിലും മരുഭൂമി പ്രദേശങ്ങളിലും കാഴ്ചാപരിധി ഗണ്യമായി കുറയാൻ സാധ്യതയുണ്ട്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങളും വാഹനമോടിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് എൻസിപിയും അബുദാബി പൊലീസും നിർദ്ദേശിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും വാഹനം ഓടിക്കേണ്ടി വന്നാൽ വേഗത കുറച്ച് സുരക്ഷിതമായ അകലം പാലിക്കാനും അധികൃതർ അഭ്യർത്ഥിച്ചു. വെള്ളക്കെട്ടുകളിലോ ഒഴുക്കുള്ള നീർച്ചാലുകളിലോ വാഹനങ്ങൾ ഇറക്കരുത്. വാഹനം ഓടിക്കുമ്പോൾ ഫോണിൽ ചിത്രങ്ങളോ വീഡിയോകളോ പകർർത്തുന്നത് ഒഴിവാക്കണമെന്നും, ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Content Highlights: Heavy rain, thunderstorms and strong winds are affecting parts of the UAE. Authorities have urged motorists to slow down, maintain safe distances and follow official weather alerts.