ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ നേതൃത്വത്തിൽ പുതിയ സംഗീത-സാംസ്കാരിക പരിപാടിയായ ‘യൂണിഫൈഡ്’ (UNIFYD) അബുദാബിയിൽ അരങ്ങേറുന്നു. 2027 മാർച്ച് 20ന് യാസ് ഐലൻഡിലെ ഇത്തിഹാദ് ലൈവിലാണ് ഏകദിന സംഗീത പരിപാടി നടക്കുക. അരിജിത് സിങ്, പഞ്ചാബി സംഗീതതാരം കരൺ ഔജ്ല, പ്രമുഖ പിന്നണി ഗായകൻ സോനു നിഗം എന്നിവരാണ് പ്രധാന ആകർഷണങ്ങൾ. ഒന്നിലധികം വേദികളിലായി 15ലധികം കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കും. ഇന്ത്യൻ സംഗീതപ്രേമികൾക്ക് വ്യത്യസ്ത സംഗീതശൈലികളിലെയും തലമുറകളിലെയും കലാകാരന്മാരെ ഒരേ വേദിയിൽ കാണാനുള്ള അവസരമായിരിക്കും ഈ പരിപാടി ഒരുക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
സംഗീതോത്സവത്തിൽ ആദ്യമായി തത്സമയം പങ്കെടുക്കുന്നുവെന്ന പ്രത്യേകതയും സോനു നിഗത്തിനുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ബോളിവുഡിൽ സജീവമായ ഷാരൂഖ് ഖാൻ ഇത്തവണ സംഗീതോത്സവത്തിന്റെ ക്യൂറേറ്ററായാണ് എത്തുന്നത്. ഇന്ത്യൻ സംഗീതപ്രതിഭകളെ ആഗോള വേദിയിൽ ഒരുമിപ്പിക്കുകയാണ് ലക്ഷ്യം. ഡി'യാവോൾ (D'YAVOL) ലൈവും ഡിസ്ട്രിക്റ്റും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. അബുദാബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പിന്റെയും മിറാലിന്റെയും സഹകരണത്തോടെയും എമിറേറ്റ്സ് എൻബിഡിയുടെ പങ്കാളിത്തത്തോടെയുമാണ് ഉത്സവം നടക്കുക. ഷാരൂഖ് ഖാൻ, മകൻ ആര്യൻ ഖാൻ, ലെറ്റി ബ്ലഗോവേവ, ബണ്ടി സിങ് എന്നിവർ സഹസ്ഥാപകരായ ഡി'യാവോൾ ലക്ഷ്വറി കളക്ടീവിന്റെ ഭാഗമാണ് ഡി'യാവോൾ ലൈവ്.
വലിയ ദക്ഷിണേഷ്യൻ സമൂഹമുള്ള യുഎഇ ഇന്ത്യൻ സംഗീതത്തെ ആസ്പദമാക്കിയുള്ള അന്താരാഷ്ട്ര പരിപാടിക്ക് അനുയോജ്യമായ വേദിയാണെന്ന് സംഘാടകർ പറയുന്നു. സാധാരണ സംഗീതക്കച്ചേരിക്ക് അപ്പുറം വിവിധ സംഗീതശൈലികളെയും തലമുറകളെയും പ്രേക്ഷകരെയും ഒന്നിപ്പിക്കുന്ന സാംസ്കാരിക സംഗമമായാണ് യൂണിഫൈഡിനെ അവതരിപ്പിക്കുന്നത്. ഭാവിയിൽ മറ്റ് നഗരങ്ങളിലേക്കും അന്താരാഷ്ട്ര വിപണികളിലേക്കും പരിപാടി വ്യാപിപ്പിക്കാനും സംഘാടകർക്ക് പദ്ധതിയുണ്ടെന്നും അധികൃതർ പറഞ്ഞു. ഒക്ടോബർ 19ന് രാവിലെ 9.30 മുതൽ എമിറേറ്റ്സ് എൻബിഡി കാർഡ് ഉടമകൾക്കുള്ള പ്രീ-സെയിൽ ആരംഭിക്കും. ഒക്ടോബർ 20ന് രാവിലെ 9.30 വരെയാണ് പ്രീ-സെയിൽ ഉണ്ടാവുക. പൊതുവായ ടിക്കറ്റ് വിൽപ്പന ഒക്ടോബർ 20ന് രാവിലെ 10.30 മുതൽ ആണ് ആരംഭിക്കുന്നത്. ഡിസ്ട്രിക്റ്റ് ആപ്പ് വഴി മാത്രമാണ് ടിക്കറ്റ് ലഭിക്കുക. എന്നാൽ ടിക്കറ്റ് നിരക്കുകളുടെ ഔദ്യോഗിക പ്രഖ്യാപനത്തിൽ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: Shah Rukh Khan has announced the UNIFYD music festival in Abu Dhabi on March 20, 2027, featuring Arijit Singh, Sonu Nigam, Karan Aujla and more than 15 artists.