യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ അസ്ഥിര കാലാവസ്ഥാ മുന്നറിയിപ്പുകൾ ശരിവെച്ചുകൊണ്ട് രാജ്യത്തിന്റെ കിഴക്കൻ എമിറേറ്റുകളിലും ഫുജൈറയുടെ ഉൾനാടൻ പ്രദേശങ്ങളിലും അൽ ഐനിന്റെ വിവിധ ഭാഗങ്ങളിലുമാണ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത മഴ രേഖപ്പെടുത്തിയത്. അൽ വതൻ സ്ട്രീറ്റ് ഉൾപ്പെടെയുള്ള പ്രമുഖ പാതകളിൽ മഴ പെയ്തതോടെ രാജ്യത്ത് നിലനിന്നിരുന്ന ചൂടിന് വലിയ ആശ്വാസമായിട്ടുണ്ട്.
വരും ദിവസങ്ങളിലും രാജ്യത്തിന്റെ കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മഴയോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ വിവിധ മേഖലകളിൽ താപനില ഗണ്യമായി കുറയും. കാറ്റിൽ പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്.
കനത്ത മഴയും കാറ്റും മൂലം റോഡുകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് കർശന നിർദ്ദേശം നൽകി. ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗപരിധികൾ കൃത്യമായി പാലിക്കണമെന്നും സുരക്ഷിതമായ അകലം പാലിച്ചു വേണം വാഹനമോടിക്കാനെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരാൻ താമസക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
Content Highlights: Heavy rain has affected parts of the UAE, with temperatures expected to ease. Authorities have urged motorists to drive carefully and follow variable speed limits during wet weather.