വ്യാപാരം, ഗതാഗതം, സാമ്പത്തികം, നഗരജീവിതം എന്നിവയിൽ വൻ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ബൃഹത്തായ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ദുബായ്. മുഹമ്മദ് ബിൻ റാഷിദ് ലീഡർഷിപ്പ് ഫോറത്തിൽ എമിറേറ്റിന്റെ ഭാവി ഭൂപടം വരച്ചുകാട്ടുന്ന സമഗ്ര വികസനരേഖ അധികൃതർ പുറത്തിറക്കി. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള നിർമ്മാണം, പുതിയ മെട്രോ പാത, 100 ബില്യൺ ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന സാമ്പത്തിക ജില്ലയുടെ വികസനം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതികൾ.
പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ആഗോള ട്രാൻസിറ്റ് ഹബ്ബായി അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തെ മാറ്റുകയാണ് പ്രധാന ലക്ഷ്യം. ഇതിനൊപ്പം റോഡ്, വ്യോമ, ഭൂഗർഭ ഗതാഗത മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിനാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി 34 ബില്യൺ ദിർഹം ചെലവിൽ പുതിയ 'മെട്രോ ഗോൾഡ് ലൈൻ' നിർമ്മിക്കും. 2026-ഓടെ ആദ്യ എയർ ടാക്സി സ്റ്റേഷൻ പ്രവർത്തനക്ഷമമാക്കുമെന്നും 2030-ഓടെ എമിറേറ്റിലെ ഗതാഗത സംവിധാനത്തിന്റെ നാലിലൊന്ന് ഭാഗവും ഡ്രൈവറില്ലാ സ്വയംഭരണ സംവിധാനത്തിലേക്ക് മാറ്റുമെന്നും അധികൃതർ വ്യക്തമാക്കി.
സാമ്പത്തിക രംഗത്ത് ഡിഐഎഫ്സിയുടെ (DIFC) ഭാഗമായി 100 ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള 'സബീൽ ഡിസ്ട്രിക്റ്റ്' വികസിപ്പിക്കും. ആഗോള കണ്ടെയ്നർ വ്യാപാരത്തിന്റെ 10 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഡിപി വേൾഡിന്റെ ശൃംഖല കൂടുതൽ വിപുലീകരിക്കും. കൂടാതെ, പരിസ്ഥിതി സൗഹൃദ നഗരമെന്ന ലക്ഷ്യത്തോടെ 3.5 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതും അത്യാധുനിക ഡ്രെയിനേജ് ശൃംഖല സജ്ജമാക്കുന്നതുമടക്കം സമഗ്രമായ നഗരവത്ക്കരണ പദ്ധതികളാണ് ദുബായ് അവതരിപ്പിച്ചിരിക്കുന്നത്.
Content Highlights: Dubai has announced a Dh2.1 trillion portfolio of major development projects, including the Metro Gold Line, Al Maktoum International Airport expansion, new housing and road infrastructure.