45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ നാല് മുതൽ ആരംഭിക്കാനിരിക്കെ, സന്ദർശകർക്കായി സൗജന്യ ഷട്ടിൽ ബസ് സർവീസുകളും വിപുലമായ പാർക്കിങ് സൗകര്യങ്ങളും പ്രഖ്യാപിച്ച് ഷാർജ ബുക്ക് അതോറിറ്റി. ചൊവ്വാഴ്ച വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ബുക്ക് അതോറിറ്റി അധികൃതർ പുതിയ സൗകര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ചത്. വായനക്കാർക്കും കുടുംബങ്ങൾക്കും യാത്രാതടസ്സങ്ങളില്ലാതെ മേളയിലേക്ക് എത്താൻ പുതിയ ക്രമീകരണങ്ങൾ സഹായിക്കും.
നവംബർ നാല് മുതൽ 12 ദിവസം നീണ്ടുനിൽക്കുന്ന പുസ്തകോത്സവത്തിൽ 124 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. 1,151 അറബിക് പബ്ലിഷർമാരും 1,122 വിദേശ പബ്ലിഷർമാരുമടക്കം രണ്ടായിരത്തിലധികം പ്രസാധകരാണ് ഇത്തവണ മേളയിൽ അണിനിരക്കുന്നത്. അങ്കോള, ബെലാറസ്, കമ്പോഡിയ, ക്യൂബെക്ക്, മ്യാൻമർ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, നീഷർ (Niger) ഉൾപ്പെടെ ഒമ്പത് രാജ്യങ്ങൾ ഇത്തവണ ആദ്യമായി ഷാർജ പുസ്തകോത്സവത്തിൽ പങ്കാളികളാകുന്നുണ്ട്.
സുൽത്താനേറ്റ് ഓഫ് ഒമാൻ ആണ് ഈ വർഷത്തെ വിശിഷ്ട അതിഥി രാജ്യം (Guest of Honour). വാർത്താസമ്മേളനത്തിൽ ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രാലയ പ്രതിനിധി അഹമ്മദ് ബിൻ സൗദ് ബിൻ നാസർ അൽ റവാഹി പങ്കെടുത്തു. മേളയുടെ ഔദ്യോഗിക മീഡിയ പങ്കാളിയായ ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെയും ഔദ്യോഗിക പങ്കാളിയായ ഇത്തിസലാത്ത് ഗ്രൂപ്പിന്റെയും പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. അന്താരാഷ്ട്ര തലത്തിൽ പുസ്തക വ്യവസായത്തിന്റെ കേന്ദ്രമായി ഷാർജയെ മാറ്റാൻ 45-ാം പതിപ്പിന് സാധിക്കുമെന്ന് ജനറൽ കോർഡിനേറ്റർ ഖൗല അൽ മുജൈനി പറഞ്ഞു.
Content Highlights: Sharjah International Book Fair 2026 will offer free shuttle bus services and expanded parking facilities for visitors during its 45th edition from November 4 to 15.