യുഎഇയിലെ ചെറുകിട സംരംഭകർക്ക് വായ്പാ സൗകര്യവുമായി ബോട്ടിം; അഞ്ച് ലക്ഷം ദിർഹം വരെ സ്വന്തമാക്കാം

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകൾ, ക്യാഷ് ഫ്ലോ, ക്രെഡിറ്റ് ചരിത്രം എന്നിവ വിലയിരുത്തിയാണ് വായ്പാനുമതി നൽകുന്നത്

യുഎഇയിലെ ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾക്ക് ആശ്വാസമായി പ്രമുഖ ആശയവിനിമയ പ്ലാറ്റ്‌ഫോമായ 'ബോട്ടിം' (Botim) ഡിജിറ്റൽ വായ്പാ സൗകര്യം ആരംഭിച്ചു. പ്രവർത്തന മൂലധനം, ജീവനക്കാരുടെ ശമ്പളം, ബിസിനസ്സ് വിപുലീകരണം, ഉപകരണങ്ങൾ വാങ്ങൽ എന്നിവയ്ക്കായി ഇനി 10,000 ദിർഹം മുതൽ 500,000 ദിർഹം വരെ വായ്പയായി ലഭിക്കും. തിരിച്ചടവിനായി 12 മാസം വരെ സമയപരിധി അനുവദിച്ചിട്ടുണ്ട്.

പ്രമുഖ ഫിൻടെക് ഭീമനായ 'ഗീഡിയ'യുമായി (Geidea) സഹകരിച്ചാണ് ബോട്ടിം ബിസിനസ്സ് ഈ സേവനം ലഭ്യമാക്കുന്നത്. ആദ്യ ഘട്ടത്തിൽ ഗീഡിയയുടെ നെറ്റ്‌വർക്കിലുള്ള 30,000-ത്തിലധികം വ്യാപാരികൾക്ക് ഈ സാമ്പത്തിക സഹായത്തിന്റെ പ്രയോജനം ലഭിക്കും. ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾക്കും സോളോ പ്രൊപ്രൈറ്റർഷിപ്പ് സ്ഥാപനങ്ങൾക്കും ഈ ഡിജിറ്റൽ വായ്പയ്ക്ക് അപേക്ഷിക്കാം.

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകൾ, ക്യാഷ് ഫ്ലോ, ക്രെഡിറ്റ് ചരിത്രം എന്നിവ വിലയിരുത്തിയാണ് വായ്പാനുമതി നൽകുന്നത്. ഇതിലൂടെ പരമ്പരാഗത ബാങ്കിംഗ് രീതികളിലെ നീണ്ട പ്രക്രിയ ഒഴിവാക്കി, വളരെ വേഗത്തിൽ യോഗ്യതാ പരിശോധന പൂർത്തിയാക്കാനും വായ്പ അനുവദിക്കാനും സാധിക്കും.

യുഎഇ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട സംരംഭങ്ങൾക്ക് കൃത്യസമയത്ത് സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്തെ മൊത്തം ബിസിനസ്സുകളിൽ 94 ശതമാനവും പ്രതിനിധീകരിക്കുന്നത് ഇത്തരം സ്ഥാപനങ്ങളാണ്. കടുപ്പമേറിയ നിബന്ധനകൾ കാരണം പലപ്പോഴും ബാങ്ക് വായ്പകൾ ലഭിക്കാൻ ചെറുകിട വ്യാപാരികൾ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഈ പുതിയ ഡിജിറ്റൽ സംവിധാനം വഴി തടസ്സങ്ങളില്ലാതെ തുക ലഭ്യമാക്കാനും 2030-ഓടെ രാജ്യത്തെ ചെറുകിട സംരംഭങ്ങളുടെ എണ്ണം 10 ലക്ഷത്തിലെത്തിക്കാനുള്ള യുഎഇയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കാനും സാധിക്കുമെന്ന് ബോട്ടിം, ഗീഡിയ അധികൃതർ വ്യക്തമാക്കി.

Content Highlights: Botim has introduced a digital SME lending service through Botim Business to help micro and small businesses across the UAE access working capital. Eligible businesses can apply for financing ranging from AED 10,000 to AED 500,000, repayable over up to 12 months

To advertise here,contact us