തൻ്റെ മരണശേഷം മകൻ്റെ എല്ലാ കാര്യങ്ങളിലും ChatGPTയുടെ ഉപദേശം തേടണം; വിചിത്ര വിൽപത്ര നിർദേശവുമായി അബുദാബി യുവതി

മകന്റെ വിദ്യാഭ്യാസം, ചികിത്സ, മതപരമായ വളർച്ച, താമസസ്ഥലം തുടങ്ങിയ കാ​ര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ പുതിയ രക്ഷിതാക്കൾ എഐ സംവിധാനത്തിൻ്റെ സഹായം തേടണമെന്നാണ് വിൽപത്രം

താൻ മരിച്ചാൽ മകന്റെ വളർച്ചയുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് ChatGPTയുടെ ഉപദേശം തേടണമെന്ന വിചിത്ര നിർദേശവുമായി അബുദാബിയിലെ ഒരു മാതാവ്. എഐ സഹായം കൂടി ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഈ വിൽപത്ര നിർദേശം നിയമരംഗത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മകന്റെ വിദ്യാഭ്യാസം, ചികിത്സ, മതപരമായ വളർച്ച, താമസസ്ഥലം തുടങ്ങിയ കാ​ര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ മകനെ വളർത്തുന്നവർ എഐ സംവിധാനത്തിൻ്റെ സഹായം തേടണമെന്നാണ് വിൽപത്രത്തിലെ ആവശ്യം. 'ലിവിങ് വിഷസ് പ്രോട്ടോക്കോൾ' എന്നാണ് ഈ നിർദേശത്തിന് പേര് നൽകിയിരിക്കുന്നത്.

എന്നാൽ കുട്ടിയുടെ മേലുള്ള നിയമപരമായ അധികാരം എഐയ്ക്ക് നൽകില്ല. മാതാവിന്റെ മൂല്യങ്ങൾ, വിശ്വാസങ്ങൾ, കുട്ടിയെ വളർത്തുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, മകനെക്കുറിച്ചുള്ള ആ​ഗ്രഹങ്ങൾ എന്നിവ രേഖപ്പെടുത്തിയ കുറിപ്പിന്റെ അടിസ്ഥാനത്തിൽ രക്ഷാകർത്താക്കൾക്ക് ഉപദേശം നൽകുക മാത്രമാണ് ChatGPT യുടെ ചുമതല. അന്തിമ തീരുമാനം ഏടുക്കേണ്ടത് മനുഷ്യരായ രക്ഷിതാക്കൾ തന്നെയായിരിക്കും. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിൽ രജിസ്റ്റർ ചെയ്യുന്നതിനായി വിൽപത്രത്തിന്റെ കരട് തയ്യാറാക്കിവരികയാണ്.

എന്നാൽ ഇത് ഇതുവരെ രജിസ്റ്റർ ചെയ്യുകയോ കോടതി അംഗീകരിക്കുകയോ ചെയ്തിട്ടില്ല. അതിനാൽ പദ്ധതിയുടെ നിയമസാധുതയും പ്രായോ​ഗികമായ അം​ഗീകാരവും നിലവിൽ ഉറപ്പായിട്ടില്ല. കുട്ടി ഏത് സ്കൂളിൽ പഠിക്കണം, വിദ്യാഭ്യാസ രീതി, താമസിക്കുന്ന ന​ഗരമോ രാജ്യമോ തീരുമാനിക്കൽ, അടിയന്തരമല്ലാത്ത വെെദ്യചികിത്സയോ മാനസികാരോ​ഗ്യ ചികിത്സയോ പരി​ഗണിക്കൽ, മതപരമായ വളർച്ച, മാതൃ കുടുംബാം​ഗങ്ങളുമായുള്ള ബന്ധം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിന് മുൻപ് എഐ സാങ്കേതിക വിദ്യയുടെ ഉപദേശം തേടണമെന്നാണ് കരടിലെ വ്യവസ്ഥ.

ഇത്തരം സാഹചര്യങ്ങളിൽ മാതാവിന്റെ മൂല്യങ്ങളും തത്വങ്ങളും പ്രതീക്ഷകളും ഉൾക്കൊള്ളുന്ന 'ലിവിങ് വിഷസ് റെക്കോർഡ്' എന്ന രേഖയും സാഹചര്യവുമായി ബന്ധപ്പെട്ട വിവരങ്ങളും എഐക്ക് നൽകും. എന്നാൽ അന്തിമ തീരുമാനം രക്ഷിതാവിന്റേതായിരിക്കും. എഐയുടെ നിർദേശങ്ങൾ അതേപടി പിന്തുടരണമെന്ന നിർബന്ധമില്ല. മാതാവിന്റെ ആഗ്രഹങ്ങൾ കുട്ടി വളരുന്നതിനനുസരിച്ച് അവന്റെ താൽപര്യങ്ങളെ മറികടക്കുന്ന കർശന നിർദേശങ്ങളായി മാറരുതെന്നും കരട് വ്യക്തമാക്കുന്നു. മാതാവിന്റെ മൂല്യങ്ങൾക്കൊപ്പം കുട്ടിയുടെ ആഗ്രഹങ്ങളും വികാരങ്ങളും പരിഗണിക്കണം.

കുട്ടിയുടെ ജീവൻ, ആരോഗ്യം, സുരക്ഷ എന്നിവ സംരക്ഷിക്കാൻ അടിയന്തരമായി തീരുമാനമെടുക്കേണ്ട സാഹചര്യങ്ങളിൽ ഈ പ്രോട്ടോക്കോൾ ബാധകമാകില്ല. നിയമത്തിനോ കോടതി ഉത്തരവിനോ വിരുദ്ധമായ തീരുമാനങ്ങൾക്കും എഐയുടെ ഉപദേശം ഉപയോഗിക്കാനും കഴിയില്ല. പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന കാരണത്താൽ മാത്രം രക്ഷിതാവിന്റെ തീരുമാനം അസാധുവാകുകയോ രക്ഷകർതൃത്വ നിയമനം റദ്ദാകുകയോ ചെയ്യില്ലെന്നും കരട് വ്യക്തമാക്കുന്നു. എഐയുമായി നടത്തിയ പ്രധാന കൂടിയാലോചനകളുടെ രേഖകൾ സൂക്ഷിക്കാനും നിർദേശിക്കുന്നു. ചോദിച്ച ചോദ്യങ്ങൾ, എഐ നൽകിയ മറുപടികൾ, എടുത്ത തീരുമാനങ്ങൾ, എഐയുടെ നിർദേശങ്ങളിൽനിന്ന് വ്യത്യസ്തമായ തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ എന്നിവ രേഖപ്പെടുത്തണം. ആവശ്യപ്പെട്ടാൽ ഈ രേഖകൾ വിൽപത്രത്തിന്റെ നിർവാഹകർക്കും മനുഷ്യ ഉപദേഷ്ടാവിനും കോടതിക്കും ലഭ്യമാക്കാം. കുട്ടിയുടെ വ്യക്തിപരമായ വിവരങ്ങൾ എഐ സംവിധാനങ്ങളുമായി പങ്കിടുന്നതുമായി ബന്ധപ്പെട്ട സ്വകാര്യതാ പ്രശ്നങ്ങളും നിർദേശം ഉയർത്തുന്നുണ്ട്. മാതാവിന്റെ ആ​ഗ്രഹങ്ങൾ എങ്ങനെ സൂക്ഷിക്കണം, ആർക്കെല്ലാം അവ ലഭ്യമാക്കാം, എഐ സേവനദാതാവുമായി എന്തെല്ലാം വിവരങ്ങൾ പങ്കിടാം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് ബെെറൺ ജെയിംസ് പറഞ്ഞു.

വർഷങ്ങളോളം നിലനിൽക്കേണ്ട ക്രമീകരണം ഒരു പ്രത്യേക അക്കൗണ്ടിനെയോ സോഫ്റ്റ് വെയറിന്റെ പ്രത്യേക പതിപ്പിനേയോ ആശ്രയിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടിയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങൾ അനാവശ്യമായി വാണിജ്യ എഐ സേവനങ്ങളിൽ അപ്‌ലോഡ് ചെയ്യരുതെന്നും സ്വകാര്യതയ്ക്കും ക്ഷേമത്തിനും വളർന്നുവരുന്ന സ്വാതന്ത്ര്യത്തിനും മുൻഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിൽപത്രത്തിന്റെ കരട് ചർച്ചകൾക്ക് വേണ്ടിയുള്ളതാണെന്നും രജിസ്റ്റർ ചെയ്ത രേഖയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിയമപരിശോധനയ്ക്കും അധിക‍ൃതരുടെ അഭിപ്രായങ്ങൾക്കും അനുസരിച്ച് വ്യവസ്ഥകളിൽ മാറ്റമുണ്ടായേക്കാം. ഇതേ വ്യവസ്ഥകളുള്ള മറ്റൊരു രജിസ്റ്റർ ചെയ്ത വിൽപത്രത്തെക്കുറിച്ച് അറിവില്ലെന്ന് നിയമസ്ഥാപനം അറിയിച്ചെങ്കിലും ആ​ഗോളതലത്തിൽ ആദ്യത്തേതാണെന്ന് അവകാശപ്പടുന്നില്ലെന്നും വ്യക്തമാക്കി. മാതാപിതാക്കളുടെ മരണശേഷവും കുട്ടിയുടെ വളർച്ചയിൽ അവരുടെ മൂല്യങ്ങളും ആ​ഗ്രഹങ്ങളും പരി​ഗണിക്കപ്പെടണമെന്ന ലക്ഷ്യത്തോടെ എഐയെ ഉപദേശകമായി ഉപയോ​ഗിക്കാനുള്ള നീക്കം പുതിയ നിയമ-സാങ്കേതിക ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

Content Highlights: Abu Dhabi mother is preparing a draft will requiring her son’s future guardians to consult ChatGPT on major upbringing decisions, but the proposal has not yet been registered or approved by a court.

To advertise here,contact us