പൊതുപാർക്കിങ് മേഖലകളിലും മവാക്വിഫ് (MAWAQiF) പാർക്കിങ് സംവിധാനം ബാധകമായ വില്ലാ മേഖലകളിലും വാഹനങ്ങൾ കഴുകുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അബുദാബി മൊബിലിറ്റി. അനുമതിയില്ലാത്ത വാഹന വാഷിങ് പ്രവർത്തനങ്ങൾ തടയുന്നതിനും പൊതുപാർക്കിങ് സ്ഥലങ്ങളുടെ ഉപയോഗം ക്രമീകരിക്കുന്നതിനുമാണ് പുതിയ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചത്. എമിറേറ്റിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിനും അംഗീകൃത സ്ഥലങ്ങളിൽ മാത്രം വാഹന വാഷിങ് സേവനങ്ങൾ ഉറപ്പാക്കുന്നതിനുമാണ് നിയന്ത്രണങ്ങളെന്ന് അധികൃതർ വ്യക്തമാക്കി. MAWAQiF സംവിധാനം ബാധകമായ പൊതുപാർക്കിങ് മേഖലകളിൽ വാഹനങ്ങൾ കഴുകാൻ അനുമതിയില്ല. എന്നാൽ അബുദാബി മൊബിലിറ്റിയുടെ മുൻകൂർ അനുമതി നേടുകയും നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിക്കുകയും ചെയ്യുന്ന കമ്പനികൾക്ക് അംഗീകൃത സ്ഥലങ്ങളിൽ വാഹന വാഷിങ് സേവനങ്ങൾ നൽകാമെന്നും അധികൃതർ അറിയിച്ചു.
നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി ക്യു മൊബിലിറ്റിയുമായും (Q Mobility) ബന്ധപ്പെട്ട അധികൃതരുമായും സഹകരിച്ച് പരിശോധനയും നിരീക്ഷണവും തുടരുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. വാഹനങ്ങൾ കഴുകുന്നതിനായി ലൈസൻസില്ലാത്ത തൊഴിലാളികളുടെ സേവനം ഉപയോഗിക്കരുതെന്നും അംഗീകൃത സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ലൈസൻസുള്ള കമ്പനികളെ മാത്രം സമീപിക്കണമെന്നും വാഹന ഉടമകളോട് അബുദാബി മൊബിലിറ്റി നിർദേശിച്ചു.
Content Highlights: Abu Dhabi Mobility has prohibited vehicle washing in public MAWAQiF parking areas and requires car washing services to operate only at authorised locations with the necessary permits.