യുഎഇയിൽ ഈ ആഴ്ചയും ഉയർന്ന താപനില തുടരും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത

ചൊവ്വ, ബുധൻ ദിവസങ്ങളിൽ കിഴക്കൻ പ്രദേശങ്ങളിൽ രൂപപ്പെടുന്ന മേഘങ്ങൾ ഉച്ചയോടെ ഇടിമിന്നലോടെയുള്ള മഴമേഘങ്ങളായി മാറാൻ സാധ്യതയുണ്ട്

യുഎഇയിൽ ഈ ആഴ്ചയും ഉയർന്ന താപനില തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (എൻസിഎം) മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ ചൂട് നിലനിൽക്കുന്നതോടൊപ്പം, തീരദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞും ഉയർന്ന അന്തരീക്ഷ ഈർപ്പവും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇതിനുപുറമെ, കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴമേഘങ്ങൾ രൂപപ്പെടാനും സാധ്യത പ്രവചിക്കപ്പെടുന്നു.

തിങ്കളാഴ്ച പൊതുവേ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും ഉച്ചയോടെ കിഴക്കൻ മേഖലകളിൽ മേഘങ്ങൾ കണ്ടുതുടങ്ങും. ഉൾനാടൻ പ്രദേശങ്ങളിൽ ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. തീരദേശ മേഖലകളിലും ദ്വീപുകളിലും താപനില 36 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, പർവ്വത പ്രദേശങ്ങളിൽ 21 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും. രാത്രിയിലും നാളെ രാവിലെയുമായി അന്തരീക്ഷ ഈർപ്പം ഉയരുന്നത് കാഴ്ചപരിധിയെ ബാധിക്കുന്ന രീതിയിൽ മൂടൽമഞ്ഞിന് കാരണമായേക്കും.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ കിഴക്കൻ പ്രദേശങ്ങളിൽ രൂപപ്പെടുന്ന മേഘങ്ങൾ ഉച്ചയോടെ ഇടിമിന്നലോടെയുള്ള മഴമേഘങ്ങളായി മാറാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 35 കിലോമീറ്റർ വരെ ഉയർന്നേക്കും. വരുന്ന ദിവസങ്ങളിലും അന്തരീക്ഷ ഈർപ്പം ഉയർന്ന നിലയിൽ തുടരുന്നതിനാൽ വ്യാഴാഴ്ച പുലർച്ചെയും ചില തീരദേശ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് തുടരാൻ സാധ്യതയുണ്ട്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ രാജ്യത്ത് പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. എങ്കിലും കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മേഘാവൃതമായ അന്തരീക്ഷം പ്രത്യക്ഷപ്പെടാം. രാത്രിയിലെ ഉയർന്ന ഈർപ്പം കാരണം പുലർച്ചെ സമയങ്ങളിൽ യാത്ര ചെയ്യുന്നവർ മൂടൽമഞ്ഞ് മുന്നിൽ കണ്ട് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

Content Highlights: Hot weather will continue across the UAE this week, with temperatures reaching up to 42°C in some areas. Rising humidity overnight could lead to fog or mist in coastal and inland areas during the early morning hours.

To advertise here,contact us