'സ്വപ്‌നം പോലെ തോന്നി'; 20M ദിർഹത്തിന്റെ ബിഗ് ടിക്കറ്റ് ജാക്‌പോട്ട് സ്വന്തമാക്കി ഫിലിപ്പൈൻ സ്വദേശിയും സംഘവും

ലൈവ് ഡ്രോ നടക്കുന്ന സമയത്ത് പരിപാടിയുടെ അവതാരകരായ റിച്ചാര്‍ഡും ബൗച്ച്‌റയും ഫോണ്‍ വിളിച്ചിട്ടും ബെര്‍ണഡെറ്റ് ഫോണ്‍ എടുത്തിരുന്നില്ല

ഒക്ടോബറിലെ ബിഗ് ടിക്കറ്റ് ഗ്രാന്‍ഡ് പ്രൈസ് കരസ്ഥമാക്കി ഫിലിപ്പൈൻ സ്വദേശിനി ബെര്‍ണഡെറ്റ് അസുസീനയും സംഘവും. 20മില്യണ്‍ ദിര്‍ഹത്തിന്റെ ഒക്ടോബര്‍ ജാക്‌പോട്ട് നേടിയത് സ്വപ്‌നമായാണ് തനിക്ക് തോന്നിയതെന്നാണ് ഭാഗ്യം തേടിയെത്തിയപ്പോള്‍ ആദ്യം ബെര്‍ണഡെറ്റ് പ്രതികരിച്ചത്. ഏകദേശം പുലര്‍ച്ചെ 1.30 മണിക്കാണ് പരിപാടിയുടെ അവതാരകര്‍ ബെര്‍ണഡെറ്റിനെ വിളിക്കുന്നത്. ആ സമയം നല്ല ഉറക്കത്തിലായിരുന്നു ബെര്‍ണഡെറ്റ്.

കഴിഞ്ഞ മാസത്തെ വിജയിയായ പാകിസ്താന്‍ പൗരന്‍ ഷൗക്കത്ത് അഫ്താബ് ആണ് ഇത്തവണത്തെ വിജിയയെ തെരഞ്ഞെടുത്തത്. ലൈവ് ഡ്രോ നടക്കുന്ന സമയത്ത് പരിപാടിയുടെ അവതാരകരായ റിച്ചാര്‍ഡും ബൗച്ച്‌റയും ഫോണ്‍ വിളിച്ചിട്ടും ബെര്‍ണഡെറ്റ് ഫോണ്‍ എടുത്തിരുന്നില്ല. പിന്നീട് യുഎഇയില്‍ ജോലി ചെയ്യുന്ന ബെര്‍ണഡെറ്റിന്റെ ഭര്‍ത്താവാണ് വീഡിയോ കോള്‍ വഴി വിവരം അറിയിച്ചത്.

എന്നാല്‍ സമ്മാനം ലഭിച്ച വിവരം പറയുന്നതിന് മുമ്പ് ഭര്‍ത്താവ് ഒരു മുന്നറിയിപ്പ് നല്‍കുകയുണ്ടായി. 'അദ്ദേഹം എന്നോട് ഇരിക്കാനും ദീര്‍ഘശ്വാസമെടുക്കാനും ആവശ്യപ്പെട്ടു. അതിന് ശേഷമാണ് ഞങ്ങളാണ് വിജയികളെന്ന് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാന്‍ സ്വപ്‌നം കാണുകയാണെന്നാണ് കരുതിയത്. എനിക്ക് ഇത് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല', ബെര്‍ണഡെറ്റ് പറഞ്ഞു.

യുഎഇയില്‍ താമസിച്ചിരുന്ന ബെര്‍ണഡെറ്റ് കഴിഞ്ഞ വര്‍ഷമാണ് ഒരു ശസ്ത്രക്രിയയുടെ ആവശ്യത്തിനായി ഫിലിപ്പീന്‍സിലേക്ക് തിരിച്ചുപോയത്. ബെര്‍ണഡെറ്റ് ഒറ്റയ്ക്കല്ല ടിക്കറ്റെടുത്തത്. 22 പേരോടൊപ്പം 2017 മുതല്‍ ബെര്‍ണഡെറ്റ് ടിക്കറ്റെടുക്കുന്നുണ്ട്. 20 മില്യണ്‍ ദിര്‍ഹം ഇവരെല്ലാവരും വീതിച്ചെടുക്കും. ഓരോ തവണയും ടിക്കറ്റെടുക്കുമ്പോള്‍ ഗ്രൂപ്പിലെ ഓരോ ആളുകളുടെ പേരിലായിരിക്കും എടുക്കുക. ഈ ടിക്കറ്റ് എടുത്തത് ബെര്‍ണഡെറ്റിന്റെ പേരിലായിരുന്നു. ഇനിയും താനും തന്റെ ടീമും ബിഗ് ടിക്കറ്റെടുക്കുമെന്ന് ബെര്‍ണഡെറ്റ് പറഞ്ഞു.

Content Highlights: Philippine national Bernadette Asuncion and her team have won the October Big Ticket Grand Prize. The winning draw brings a major financial windfall to the group

To advertise here,contact us