ലൈസൻസില്ലാത്ത ഗാർഹിക റിക്രൂട്ട്‌മെന്റ്; യുഎഇയിൽ 200 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു

ഫീൽഡ് പരിശോധനകൾക്ക് പുറമെ നിർമ്മിത ബുദ്ധിയും ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങളും പ്രയോജനപ്പെടുത്തിയാണ് മന്ത്രാലയം ഇത്തരം നിയമലംഘകരെ കണ്ടെത്തിയത്

ഗാർഹിക തൊഴിലാളി സേവനങ്ങൾ അംഗീകാരമില്ലാതെ വാഗ്ദാനം ചെയ്ത ഇരുന്നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ യുഎഇയിൽ പൂട്ടിച്ചു. ഈ വർഷം ആദ്യ പകുതിയിലാണ് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയവും ടെലികോം ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയും ചേർന്ന് കടുത്ത നടപടി സ്വീകരിച്ചത്. ലൈസൻസില്ലാത്ത സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളുടെയും വ്യാജ പരസ്യങ്ങളിൽ വീഴരുതെന്നും അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസികൾ വഴി മാത്രം തൊഴിലാളികളെ കണ്ടെത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഫീൽഡ് പരിശോധനകൾക്ക് പുറമെ നിർമ്മിത ബുദ്ധിയും ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങളും പ്രയോജനപ്പെടുത്തിയാണ് മന്ത്രാലയം ഇത്തരം നിയമലംഘകരെ കണ്ടെത്തിയത്. അംഗീകൃത ഏജൻസികൾ വഴി ജോലിക്ക് ആളുകളെ എടുക്കുമ്പോൾ വ്യക്തമായ കരാറുകളും തൊഴിലുടമയ്ക്കും തൊഴിലാളിക്കും ലഭിക്കേണ്ട നിയമപരമായ ഗ്യാരന്റികളും ഉറപ്പു ലഭിക്കും. മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഏജൻസികൾ വഴിയോ അല്ലെങ്കിൽ മന്ത്രാലയം നിഷ്‌കർഷിക്കുന്ന വ്യവസ്ഥകൾ പാലിച്ച് നേരിട്ടോ തൊഴിലുടമകൾക്ക് ഗാർഹിക തൊഴിലാളികളെ നിയമിക്കാവുന്നതാണ്.

നിയമപ്രകാരം രണ്ടു വർഷത്തെ സ്റ്റാൻഡേർഡ് കരാറിലാണ് തൊഴിലാളികളെ നിയമിക്കേണ്ടത്. വേതനം കൃത്യസമയത്ത് നൽകുന്നതിനൊപ്പം അനുയോജ്യമായ താമസസൗകര്യം, ഭക്ഷണം, ജോലി വസ്ത്രങ്ങൾ, നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് എന്നിവ നൽകാൻ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ട്. കൂടാതെ തൊഴിലാളികളുടെ പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി തുടങ്ങിയ വ്യക്തിഗത രേഖകൾ അവർക്ക് തന്നെ കൈവശം വെക്കാവുന്നതാണ്.

പ്രതിദിനം പരമാവധി 12 മണിക്കൂർ മാത്രമാണ് ജോലിസമയം. ഇതിൽ തുടർച്ചയായ 8 മണിക്കൂർ അടക്കം 12 മണിക്കൂർ വിശ്രമം ഉറപ്പാക്കണം. ആഴ്ചയിൽ ഒരു ദിവസം ശമ്പളത്തോടുകൂടിയ അവധി, പ്രതിവർഷം 30 ദിവസത്തെ പെയ്ഡ് ലീവ്, രണ്ടു വർഷത്തിലൊരിക്കൽ നാട്ടിൽ പോയി വരാനുള്ള റിട്ടേൺ എയർ ടിക്കറ്റ് എന്നിവയും തൊഴിലാളികൾക്ക് അവകാശപ്പെട്ടതാണ്. ലൈസൻസില്ലാത്ത റിക്രൂട്ട്‌മെന്റ് പരസ്യങ്ങളോ തട്ടിപ്പുകളോ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തെ അറിയിക്കാവുന്നതാണ്.

Content Highlights: UAE authorities have shut down 200 social media accounts associated with unlicensed domestic recruitment activities. The action was taken as part of efforts to address violations related to domestic worker recruitment services.

To advertise here,contact us