ചൂട് കരക് ചായയും ​കാവയും ഊതി ഊതി കുടിക്കാനാണ് യുഎഇക്കാർക്ക് ഇഷ്ടം; അന്നനാള കാൻസറിന് സാധ്യതയെന്ന് പുതിയ പഠനം

ദിവസേന ആറോ അതിലധികമോ അതീവ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നവരിൽ രോ​ഗസാധ്യത കൂടുതലാണെന്ന് ​പഠനങ്ങൾ പറയുന്നു

ചൂടുള്ള കരക് ചായയും ​​കാവയും ( Karak tea & Gahwa) ഊതി ഊതി കുടിക്കുന്നതാണ് യുഎഇക്കാർക്ക് ഇഷ്ടം. വീടുകളിലും ഓഫീസുകളിലും കഫ്റ്റീരിയകളിലും അങ്ങനെ യുഎഇയിൽ എങ്ങും സുലഭമായി കിട്ടുന്ന ഇവ ദിനചര്യയുടെ ഭാഗമാണ്. എന്നാൽ അതീവ ചൂടുള്ള ചായയോ കാപ്പിയോ പതിവായി കുടിക്കുന്നത് അന്നനാള കാൻസറിന് സാധ്യത ​ഗണ്യമായി വർധിപ്പിക്കാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പഠനം ഇന്ഡർനാഷണൽ ജേർണൽ ഓഫ് കാൻസറിലാണ് ( International journal of Cancer) ഇക്കാര്യം പറയുന്നത്. ഇത് പ്രകാരം 65 ഡി​ഗ്രി സെൽഷ്യസിലോ അതിലധികമോ ചൂടുള്ള ചായയോ കാപ്പിയോ പതിവായി കുടിക്കുന്നവർക്ക് അന്നനാള ക്യാൻസർ വരാനുള്ള സാധ്യത ഏകദേശം മൂന്നിരട്ടിയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബ്രിട്ടനിലെ ഏകദേശം 10 ലക്ഷം മധ്യവയസ്കരായ പുരുഷന്മാരെയും സ്ത്രീകളെയും പതിനാല് വർഷക്കാലം പിന്തുടർന്നാണ് ഈ പഠനം നടത്തിയിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. ദിവസേന ആറോ അതിലധികമോ അതീവ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നവരിൽ രോ​ഗസാധ്യത കൂടുതലാണെന്ന് ​ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. വളരെ ചൂടുള്ള പാനീയങ്ങൾ അന്നനാളത്തിൻ്റെ അകത്തെ പാളികളിൽ ആവർത്തിച്ചുള്ള ക്ഷതങ്ങൾ ഉണ്ടാക്കാം. ഇത് കാലക്രമേണ കോശങ്ങളിൽ അസാധാരണ മാറ്റങ്ങൾക്ക് വഴിവെക്കുകയും ക്യാൻസർ സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

യുഎഇയിൽ ചൂട് പാനീയങ്ങൾ സാംസ്കാരിക ജീവിതത്തിന്റെ ഭാ​ഗമാണെങ്കിലും ഇവ കുടിക്കുന്നതിന് മുമ്പ് അൽപസമയം തണുക്കാൻ അനുവദിക്കുന്നത് നല്ലതാണെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. നാവിനെ പൊള്ളിക്കുന്ന തരത്തിൽ ഇത്തരം പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കണമെന്നും മിതമായ ചൂടിൽ മാത്രം ഇവ ഉപയോ​ഗിക്കണമെന്നും ഇവർ ആളുകളോട് നിർദേശിച്ചു. 65°C-ൽ കൂടുതലുള്ള ചൂട് പാനീയങ്ങൾ ഒഴിവാക്കുക, ചായയോ കാപ്പിയോ കുടിക്കുന്നതിന് മുമ്പ് അൽപസമയം കാത്തിരിക്കുക, ദിവസവും അമിതമായി ചൂട് പാനീയങ്ങൾ ഉപയോഗിക്കുന്നത് കുറയ്ക്കുക, തൊണ്ടവേദന, വിഴുങ്ങാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ തുടർന്നാൽ ഡോക്ടറുടെ ഉപദേശം തേടുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് യുഎഇയിലെ ഡോക്ടർമാർ പറഞ്ഞു.

Content Highlight: Major study has found that regularly drinking very hot beverages such as tea and coffee may significantly increase the risk of esophageal squamous cell carcinoma, prompting experts to advise allowing drinks to cool before consumption.

To advertise here,contact us