സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മനുഷ്യക്കടത്ത് തടയും; അന്താരാഷ്ട്ര പരിശീലന പരിപാടിയുമായി ദുബായ് പൊലീസ്

ജിസിസി രാജ്യങ്ങൾ തമ്മിലുള്ള വിവരശേഖരണവും കൂട്ടായ പ്രവർത്തനങ്ങളും ശക്തമാക്കുന്നതിലൂടെ മേഖലയിലെ മനുഷ്യക്കടത്ത് പൂർണ്ണമായും തടയാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ദുരുപയോഗം ചെയ്തുള്ള പുതിയ രീതിയിലുള്ള മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ തടയാൻ കർശന നടപടികളുമായി ദുബായ്. ഒമ്പത് ഗൾഫ്-അറബ് രാജ്യങ്ങളിൽ നിന്നുള്ള 61 വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ദുബായ് പൊലീസിന്റെ നേതൃത്വത്തിൽ പുതിയ അഡ്വാൻസ്ഡ് പരിശീലന പരിപാടിക്ക് തുടക്കമായി. നിർമ്മിത ബുദ്ധിയും സാമ്പത്തിക സാങ്കേതികവിദ്യയും ഉപയോഗിച്ച് മനുഷ്യക്കടത്ത് തടയാനും ഇരകളെ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന് കുറ്റകൃത്യ വിരുദ്ധ വിഭാഗം, ദുബായ് ജുഡീഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ 12-ാമത് 'ഹ്യൂമൻ ട്രാഫിക്കിംഗ് സ്പെഷ്യലിസ്റ്റ് പ്രോഗ്രാം' എന്ന പേരിലാണ് പരിശീലനം സംഘടിപ്പിച്ചത്. അതിർത്തികൾ കടന്നുള്ള മനുഷ്യക്കടത്ത് സംഘങ്ങൾ നിലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡിജിറ്റൽ സാങ്കേതികവിദ്യകളും ഉപയോഗിച്ച് ഇരകളെ വലയിലാക്കുകയും വിവരങ്ങൾ മറച്ചുവെക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇത്തരം ഒരു പരിശീലനത്തിന് ദുബായ് മുൻകൈ എടുത്തത്.

നിയമപാലകർ, ജുഡീഷ്യറി, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഈ പരിശീലനത്തിൽ പങ്കെടുക്കുന്നത്. ക്രിമിനലുകളുടെ പുതിയ പ്രവർത്തന രീതികൾ കൃത്യമായി മനസ്സിലാക്കാനും എഐയും ഫിൻടെക്കും ഫലപ്രദമായി ഉപയോഗിച്ച് ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്താനും ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനൊപ്പം തന്നെ, ഇരകളായവരുടെ മാനസികവും സാമൂഹികവുമായ അവസ്ഥ കണക്കിലെടുത്ത് അവർക്ക് കൃത്യമായ സംരക്ഷണവും നിയമസഹായവും ഉറപ്പാക്കാനും പ്രത്യേക ക്ലാസുകൾ നൽകുന്നുണ്ട്. കഴിഞ്ഞ 12 വർഷമായി തുടരുന്ന ഈ പദ്ധതിയിലൂടെ നിരവധി വിദഗ്ധരെ വാർത്തെടുക്കാൻ സാധിച്ചതായി ദുബായ് പൊലീസും ഐക്യരാഷ്ട്രസഭയും വ്യക്തമാക്കി. ജിസിസി രാജ്യങ്ങൾ തമ്മിലുള്ള വിവരശേഖരണവും കൂട്ടായ പ്രവർത്തനങ്ങളും ശക്തമാക്കുന്നതിലൂടെ മേഖലയിലെ മനുഷ്യക്കടത്ത് പൂർണ്ണമായും തടയാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Content Highlights: Dubai Police has launched an international training programme aimed at strengthening efforts to combat human trafficking through technology. The programme focuses on developing law enforcement capabilities and improving the use of technological tools to identify and prevent trafficking-related activities.

To advertise here,contact us