ഓഫറുകൾ തട്ടിപ്പാകാം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറരുത്; മുന്നറിയിപ്പുമായി ഫുജൈറ പൊലീസ്

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ പൊലീസിന്റെ പരിശോധന ശക്തമാണ്.

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള പണമിടപാടുകൾക്കെതിരെ മുന്നറിയിപ്പ് നൽകി ഫുജൈറ പൊലീസ്. സ്വന്തം ബാങ്ക് അക്കൗണ്ടുകളോ പേയ്‌മെന്റ് കാർഡുകളോ മറ്റുള്ളവർക്ക് കൈമാറരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് യുഎഇ സുരക്ഷാ സേന, ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

സംശയാസ്പദമായ പണമിടപാടുകളിൽ പങ്കാളികളാകരുത്. പണത്തിന്റെ ഉറവിടം വ്യക്തമല്ലെങ്കിൽ സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മറ്റുള്ളവർക്ക് നൽകാൻ പാടില്ല. കമ്മീഷനോ തൽക്ഷണ പണമോ വാഗ്ദാനം ചെയ്ത് നടത്തുന്ന പണമിടപാടുകൾ നിയമവിരുദ്ധ തട്ടിപ്പുകളാകാമെന്നും ഫുജൈറ പൊലീസ് താമസക്കാർക്ക് നൽകിയ മുന്നറിയിപ്പ്.

ഭാവിയിലെ ആവശ്യങ്ങൾക്കായി ബാങ്ക് ട്രാൻസ്ഫർ രസീതുകളും വിവരങ്ങളും സൂക്ഷിച്ചു വെക്കേണ്ടതാണെന്നും പൊലീസ് അറിയിച്ചു. സംശയകരമായ പണമിടപാട് അഭ്യർത്ഥനകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെയോ ബാങ്കിനെയോ ഉടനടി അറിയിക്കണം. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ പൊലീസിന്റെ പരിശോധന ശക്തമാണ്.

വ്യാജ തൊഴിൽ വാഗ്ദാനങ്ങളും വ്യാജ വിസ സേവനങ്ങളും നൽകി ആളുകളെ തട്ടിക്കുന്ന രീതി വർദ്ധിക്കുന്നുണ്ട്. ഒടിപി, പാസ്‌വേഡ്, അക്കൗണ്ട് വിവരങ്ങൾ എന്നിവ യാതൊരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവെക്കരുത്. വ്യാജ ഓഫറുകൾ നൽകിയ 103 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ദുബായ് പൊലീസ് അടുത്തിടെ പൂട്ടിയിരുന്നു. ഔദ്യോഗിക സ്ഥാപനങ്ങൾ വഴി മാത്രം സാമ്പത്തിക ഇടപാടുകൾ നടത്തി ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Content Highlights: Fujairah Police has issued a warning about potentially fraudulent offers and urged residents to avoid sharing bank account details or sensitive financial information. The advisory highlights the need for caution when dealing with suspicious offers and possible scams in the UAE.

To advertise here,contact us