ദുബായിലെ ഓണ്‍പാസീവ് മെട്രോ സ്‌റ്റേഷന്‍ ഇനി മുതല്‍ ഗാര്‍മിൻ എന്നറിയപ്പെടും; 10 വര്‍ഷത്തെ കരാർ ഒപ്പുവെച്ച് RTA

റെഡ് ലൈന്‍, ഗ്രീന്‍ ലൈന്‍ എന്നിവയിലെ ബ്രാന്‍ഡഡ് സ്റ്റേഷനുകളുടെ പട്ടികയിലേക്കാണ് ഇനി ഗാര്‍മിന്‍ സ്റ്റേഷനും വരുന്നത്

ദുബായില്‍ ഓണ്‍പാസീവ് (ONPASSIVE) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മെട്രോ സ്റ്റേഷന്‍ ഇനി മുതല്‍ 'ഗാര്‍മിന്‍ മെട്രോ സ്റ്റേഷന്‍' എന്ന പേരില്‍ അറിയപ്പെടും. ദുബായുടെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ആഗോള സാങ്കേതിക ബ്രാന്‍ഡായ ഗാര്‍മിനും തമ്മില്‍ ഒപ്പുവെച്ച 10 വര്‍ഷത്തെ നാമകരണാവകാശ കരാറിന്റെ ഭാഗമായാണ് ഈ മാറ്റം. യുഎഇയിലെ ഗാര്‍മിന്റെ ഔദ്യോഗിക വിതരണക്കാരായ അമിത് റീട്ടെയില്‍ (AMIT Retail) വഴിയാണ് കരാര്‍ നടപ്പാക്കിയത്.

അല്‍ ഖൂസിനും (Al Quoz) അല്‍ സഫയ്ക്കും ( Al Safa) ഇടയില്‍ സ്ഥിതിചെയ്യുന്ന ഈ സ്റ്റേഷന്‍ 2010-ല്‍ നൂര്‍ ബാങ്ക് മെട്രോ സ്റ്റേഷന്‍ എന്ന പേരിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് 2020 നവംബറില്‍ അല്‍ സഫ സ്റ്റേഷന്‍ എന്ന പേരിലേക്ക് മാറ്റി. 2023 ജനുവരിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കമ്പനിയായ ഓണ്‍പാസീവ് നാമകരണാവകാശം സ്വന്തമാക്കിയതിനെ തുടര്‍ന്നാണ് ഓൺപാസീവ് എന്ന പേര് വന്നത്. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ പുതിയ പേര് പ്രാബല്യത്തില്‍ വരും. റെഡ് ലൈന്‍, ഗ്രീന്‍ ലൈന്‍ എന്നിവയിലെ ബ്രാന്‍ഡഡ് സ്റ്റേഷനുകളുടെ പട്ടികയിലേക്കാണ് ഇനി ഗാര്‍മിന്‍ സ്റ്റേഷനും വരുന്നത്.

ദുബായ് മെട്രോ സ്റ്റേഷന്‍ നാമകരണാവകാശ പദ്ധതിയിലേക്ക് ഗാര്‍മിന്‍ വരുന്നതോടുകൂടി പ്രമുഖ ബ്രാൻഡുകളെ ആകർഷിക്കാൻ കഴിയുമെന്ന് ആര്‍ടിഎയുടെ റെയില്‍ ഏജന്‍സിയുടെ സിഇഒ അബ്ദുള്‍ മൊഹ്സെന്‍ കല്‍ബത്ത് പറഞ്ഞു. 2009-ല്‍ ലോകത്ത് ആദ്യമായി ആരംഭിച്ച ഈ പദ്ധതി സ്വകാര്യ കമ്പനികള്‍ക്ക് മെട്രോ സ്റ്റേഷനുകള്‍ വഴി ബ്രാന്‍ഡ് സാന്നിധ്യം ശക്തിപ്പെടുത്താനുള്ള അവസരം നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി. ദുബായുടെ പ്രശസ്തമായ പൊതുഗതാഗത ശൃംഖലയുടെ ഭാഗമാകുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെയും സൗകര്യത്തോടെയും സഞ്ചരിക്കാന്‍ സഹായിക്കുന്ന സംവിധാനങ്ങൾ സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഗാര്‍മിന്‍ സിഇഒ ക്ലിഫ്റ്റണ്‍ പെംബിള്‍ പറഞ്ഞു.

ഗാര്‍മിന്‍ മെട്രോ സ്റ്റേഷന്റെ പുതിയ പേര് സ്റ്റേഷനുകളിലെ അകത്തും പുറത്തുമുള്ള സൈന്‍ബോര്‍ഡുകൾ, ഡിജിറ്റല്‍ സംവിധാനങ്ങള്‍, ആര്‍ടിഎയുടെ പൊതുഗതാഗത ആപ്പുകള്‍ തുടങ്ങിയവയിലും ഉടന്‍ പുതുക്കും. ട്രെയിനുകളിലെ ഓഡിയോ പ്രഖ്യാപനങ്ങളിലും പുതിയ പേര് ഉള്‍പ്പെടുത്തും. പുതുക്കുന്നതുവരെയുള്ള മാറ്റത്തിന്റെ കാലയളവില്‍ യാത്രക്കാരെ സഹായിക്കാന്‍ ആര്‍ടിഎയുടെ പ്രത്യേക സംഘങ്ങള്‍ സ്റ്റേഷനുകളില്‍ സജ്ജമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlight: Dubai’s Roads and Transport Authority has signed a 10-year naming rights agreement with Garmin, under which the ONPASSIVE Metro Station will be renamed Garmin Metro Station.

To advertise here,contact us