30 വർഷത്തെ പ്രവാസ ജീവിതം, ഒടുവിൽ ബിഗ് ടിക്കറ്റ് ഭാഗ്യം തേടിയെത്തി; മലയാളി പ്രവാസിക്ക് ആഡംബര കാർ സമ്മാനം

തനിക്ക് ജീവിതത്തിൽ ഒട്ടേറെ കാര്യങ്ങൾ നൽകിയ പ്രവാസഭൂമിയുടെ മനോഹരമായ ഒരു ഉപഹാരമാണ് ഈ സമ്മാനമെന്ന് സന്തോഷം പങ്കുവെച്ചുകൊണ്ട് വിനേഷ് പറഞ്ഞു

അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ യുഎഇയിലെ മലയാളി പ്രവാസിക്ക് വലിയ നേട്ടം. ഷാർജയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മലയാളി വിനേഷ് രവീന്ദ്രനാഥനെ (55) തേടി ലാൻഡ് റോവർ ഡിഫെൻഡർ എന്ന പ്രീമിയം ആഡംബര കാറാണ് ഭാ​ഗ്യമായി എത്തിയത്. കഴിഞ്ഞ 30 വർഷമായി യുഎഇയിൽ പ്രവാസിയായ വിനേഷ് പതിവായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാറുള്ള ആളാണ്. ഒടുവിൽ വിനേഷിനെ തേടി ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം എത്തിയിരിക്കുകയാണ്.

സമ്മാനം ലഭിച്ച വിവരം അറിയിച്ചുകൊണ്ടുള്ള അധികൃതരുടെ ഫോൺ കോൾ വന്നപ്പോൾ വിനേഷിന് ആദ്യം അത് വിശ്വസിക്കാൻ ആയില്ല. സാധാരണ പ്രമോഷണൽ കോളുകൾ വരുമ്പോൾ ഫോൺ സ്ക്രീനിൽ 'ബിഗ് ടിക്കറ്റ്' എന്ന് തെളിയാറുണ്ടെങ്കിലും ഇത്തവണ അങ്ങനെ ഉണ്ടായിരുന്നില്ല. തുടർന്ന് നാട്ടിലുള്ള മകൻ യൂട്യൂബിലെ ലൈവ് നറുക്കെടുപ്പ് കണ്ടാണ് പിതാവ് കാർ സമ്മാനമായി നേടിയ വിവരം സ്ഥിരീകരിച്ചത്.

തന്റെ ഈ വലിയ ഭാഗ്യനേട്ടത്തിൽ യുഎഇയോടും ബിഗ് ടിക്കറ്റിനോടും അദ്ദേഹം ഏറെ നന്ദി പറഞ്ഞു. തനിക്ക് ജീവിതത്തിൽ ഒട്ടേറെ കാര്യങ്ങൾ നൽകിയ പ്രവാസഭൂമിയുടെ മനോഹരമായ ഒരു ഉപഹാരമാണ് ഈ സമ്മാനമെന്ന് സന്തോഷം പങ്കുവെച്ചുകൊണ്ട് വിനേഷ് കൂട്ടിച്ചേർത്തു.

അബുദാബി ബി​ഗ് ടിക്കറ്റിന്റെ ഇത്തവണത്തെ ​ഗ്രാന്റ് പ്രൈസ് വിജയം നേടിയത് പാക്കിസ്താൻ സ്വദേശിയായ ഷൗക്കത്ത് അഫ്താബ് ആണ്. 15 ദശലക്ഷം ദിർഹം (ഏകദേശം 39 കോടിയോളം ഇന്ത്യൻ രൂപ) ഒന്നാം സമ്മാനമായി ഷൗക്കത്ത് സ്വന്തമാക്കി. 15 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വ്യവസായിയായ ഷൗക്കത്ത് അഫ്താബിന് (64) ബി​ഗ് ടിക്കറ്റ് വിജയം സ്വന്തമാകുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.

മുമ്പൊക്കെ സുഹൃത്തുക്കളോടൊപ്പം ചേർന്ന് ടിക്കറ്റെടുത്തിരുന്ന ഷൗക്കത്ത്, ഇത്തവണ തനിച്ചെടുത്ത ടിക്കറ്റിലൂടെയാണ് വൻ തുക സ്വന്തമാക്കിയത്. യാത്രയിലായിരിക്കെ ലഭിച്ച സന്തോഷവാർത്ത ആദ്യം വിശ്വസിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ സമ്മാനത്തുക തന്റെ ബിസിനസ്സ് വിപുലീകരിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

Content Highlights: After spending 30 years as an expatriate, a Malayali has finally received a life-changing stroke of luck through the Big Ticket draw. The winner was awarded a luxury car, marking a memorable moment after decades of overseas life and hard work.

To advertise here,contact us