പശ്ചിമേഷ്യൻ പ്രത്യേക സാഹചര്യം; യുഎഇയിൽ നിന്നുള്ള വിമാന സർവീസുകളിൽ നിയന്ത്രണം

അതേസമയം, മേഖലയിലെ സാഹചര്യം കണക്കിലെടുത്ത് ചില പ്രാദേശിക, അന്താരാഷ്ട്ര വിമാനക്കമ്പനികൾ നിയന്ത്രിത രീതിയിൽ സർവീസുകൾ പുനരാരംഭിച്ചിട്ടുമുണ്ട്.

ഗൾഫ് മേഖലയിൽ ഉടലെടുത്ത കടുത്ത സംഘർഷാവസ്ഥയെ തുടർന്ന് യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് മാറ്റം വരുത്തി കമ്പനികൾ. എമിറേറ്റ്‌സ്, ഇത്തിഹാദ് എയർവേയ്‌സ്, ഫ്ലൈദുബായ്, എയർ അറേബ്യ എന്നിവയുടെ നിരവധി സർവീസുകൾ റദ്ദാക്കുകയോ സമയം പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. അതേസമയം, മേഖലയിലെ സാഹചര്യം കണക്കിലെടുത്ത് ചില പ്രാദേശിക, അന്താരാഷ്ട്ര വിമാനക്കമ്പനികൾ നിയന്ത്രിത രീതിയിൽ സർവീസുകൾ പുനരാരംഭിച്ചിട്ടുമുണ്ട്.

ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമായത്. വിമാന സർവീസുകളെ ഇത് പ്രതികൂലമായി ബാധിച്ചതോടെ യാത്രക്കാർക്കായി വിമാനക്കമ്പനികൾ പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ദുബായിൽ നിന്ന് യാത്ര ചെയ്യുന്നവർ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്നും സാധ്യമെങ്കിൽ ഓൺ‌ലൈൻ ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കണമെന്നും ഫ്ലൈദുബായ് അഭ്യർത്ഥിച്ചു.

ലഭ്യമായ സർവീസുകളിലെ മാറ്റങ്ങൾ തത്സമയം അറിയാൻ, വിമാനത്താവളങ്ങളിലേക്ക് തിരിക്കുന്നതിന് മുമ്പ് അതത് എയർലൈൻസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ സർവീസ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് മറ്റ് എയർലൈനുകളും യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരും മണിക്കൂറുകളിലെ സാഹചര്യങ്ങൾ വിലയിരുത്തി മാത്രമേ സർവീസുകൾ പൂർണ്ണതോതിൽ പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.

Content Highlights: Amid the evolving situation in West Asia, restrictions have been imposed on flight services from the UAE. The measures are expected to affect air travel and flight connectivity involving the country.

To advertise here,contact us