യുഎഇയിൽ ശരത്കാലമെത്തി; കടുത്ത ചൂടിൽ നിന്ന് ആശ്വാസം, താപനില താഴുന്നു

രാജ്യത്ത് അടുത്ത മാർച്ച് വരെ നീണ്ടുനിൽക്കുന്ന മൂടൽമഞ്ഞ് സീസണിനും തുടക്കമാവുകയാണ്.

യുഎഇയിൽ കഠിനമായ വേനൽച്ചൂടിന് ആശ്വാസമേകി ശരത്കാലത്തിന് തുടക്കമായി. വേനൽക്കാലത്തിനും കഠിനമായ തണുപ്പുകാലത്തിനും ഇടയിൽ വരുന്ന, മനോഹരവും സുഖകരവുമായ കാലാവസ്ഥയുള്ള സമയമാണ് ശരത്കാലം. സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിച്ച പുതിയ കാലാവസ്ഥയുടെ ഭാ​ഗമായി വരും മാസങ്ങളിൽ രാജ്യത്തുടനീളം താപനില ക്രമാനുഗതമായി കുറയുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി പ്രവചിക്കുന്നു. ഇതോടെ മാസങ്ങളായി നീണ്ടുനിന്ന കടുത്ത ചൂടിൽ നിന്നും ഈർപ്പത്തിൽ നിന്നും ജനങ്ങൾക്ക് വലിയ ആശ്വാസം ലഭിക്കും.

സെപ്റ്റംബറിൽ സാധാരണയായി 42 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്ന പകൽ താപനില ഇനി 39 ഡിഗ്രിയിൽ താഴേക്ക് എത്തും. രാത്രികാലങ്ങളിൽ തണുപ്പേറി താപനില 27 ഡിഗ്രിയിൽ താഴെയാകും. ഒക്ടോബറോടെ തണുപ്പ് കൂടുതൽ ശക്തമാവുകയും പകൽ സമയത്തെ താപനില 35 ഡിഗ്രിയിലും രാത്രിയിൽ 22 ഡിഗ്രിയിലും താഴെ രേഖപ്പെടുത്തുകയും ചെയ്യും. നവംബറോടെ പകൽ താപനില 30 ഡിഗ്രിക്ക് താഴെയെത്തുന്നതോടെ രാജ്യത്ത് മികച്ച കാലാവസ്ഥ അനുഭവപ്പെടും.

ഇതോടൊപ്പം, രാജ്യത്ത് അടുത്ത മാർച്ച് വരെ നീണ്ടുനിൽക്കുന്ന മൂടൽമഞ്ഞ് സീസണിനും തുടക്കമാവുകയാണ്. തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ ഈർപ്പം 90 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്. പ്രഭാതസമയങ്ങളിൽ മുന്നറിയിപ്പില്ലാതെ ദൃശ്യപരിധി കുത്തനെ കുറയാൻ ഇടയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറച്ച് ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നിർദ്ദേശിച്ചു.

Content Highlights: The UAE is experiencing the arrival of autumn, with temperatures beginning to decline after months of intense summer heat. The cooler conditions are expected to bring relief to residents and visitors across the country.

To advertise here,contact us