യുഎഇയുടെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് പുതിയ നാഴികക്കല്ല് പിന്നിട്ടു. സർവീസിന്റെ ആദ്യഘട്ടത്തിൽ തന്നെ ടിക്കറ്റ് വിൽപ്പന ഒരു ലക്ഷം കടന്നതായി അധികൃതർ അറിയിച്ചു. അബുദാബിക്കും ഫുജൈറയ്ക്കുമിടയിൽ ജൂണിൽ ആരംഭിച്ച പാസഞ്ചർ സർവീസിന് മികച്ച സ്വീകാര്യതയാണ് യാത്രക്കാരിൽ നിന്ന് ലഭിക്കുന്നത്. ദുബായ് സ്റ്റേഷൻ കൂടി ഉടൻ തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജോലി, കുടുംബസമേതമുള്ള യാത്രകൾ, ചികിത്സ, വിനോദസഞ്ചാരം എന്നിവയ്ക്കായി വൻതോതിലാണ് ആളുകൾ ഇപ്പോൾ റെയിൽ സർവീസിനെ ആശ്രയിക്കുന്നത്. റോഡ് മാർഗ്ഗമുള്ള യാത്രകളെ അപേക്ഷിച്ച് സമയലാഭവും ഉയർന്ന യാത്രാസൗകര്യവും ഉറപ്പുനൽകുന്നു എന്നതാണ് ആളുകളെ ഇത്തിഹാദ് റെയിലിലേക്ക് ആകർഷിക്കുന്നത്. പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ചതോടെ പ്രധാന പാതകളിലെ ഗതാഗതക്കുരുക്കിന് വലിയ തോതിൽ ശമനമുണ്ടായിട്ടുണ്ട്.
ദുബായിലെയും ഷാർജയിലെയും ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ തുറക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസുകൾ പൂർണ്ണതോതിലാകുന്നതോടെ നഗരങ്ങൾ തമ്മിലുള്ള യാത്രാസമയത്തിൽ വൻ കുറവുണ്ടാകും.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അത്യാധുനിക ട്രെയിനുകളാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഒരു ട്രെയിനിൽ 400 യാത്രക്കാർക്ക് വരെ ഒരുമിച്ച് യാത്ര ചെയ്യാം. മികച്ച ഓൺബോർഡ് ഡൈനിംഗ് സൗകര്യങ്ങൾക്ക് പുറമേ, അന്താരാഷ്ട്ര ബ്രാൻഡുകളുടെ കഫേകളും റെസ്റ്റോറന്റുകളും ഉൾപ്പെടുത്തി ഒരു 'ലൈഫ് സ്റ്റൈൽ ഹബ്ബ്' രീതിയിലാണ് റെയിൽവേ സ്റ്റേഷനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Content Highlights: Etihad Rail has recorded more than one lakh ticket sales, with the Dubai station expected to open soon as passenger demand continues to grow.