വേനലവധി കഴിഞ്ഞ് യുഎഇയിൽ ഓഗസ്റ്റ് 31 തിങ്കളാഴ്ച സ്കൂളുകൾ തുറക്കാനിരിക്കെ, അവസാനവട്ട സ്കൂൾ ഷോപ്പിംഗിനായി വിപണികളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ മാതാപിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ദുബായ് ഉപഭോക്തൃ സംരക്ഷണ വകുപ്പ് രംഗത്തെത്തി. ആകർഷകമായ ഡിസ്കൗണ്ട് പരസ്യങ്ങളിൽ മാത്രം ആകൃഷ്ടരാകാതെ, ഉത്പ്പന്നങ്ങളുടെ യഥാർത്ഥ വിലയും വാഗ്ദാനം ചെയ്യുന്ന കിഴിവും കൃത്യമായി പരിശോധിച്ച ശേഷം മാത്രം സാധനങ്ങൾ വാങ്ങണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ദുബായ് ഇക്കണോമി ആൻഡ് ടൂറിസത്തിന് കീഴിലുള്ള കോർപ്പറേഷൻ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രേഡ് വിപണികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തോടെ എമിറേറ്റിലെ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ 800-ലധികം മിന്നൽ പരിശോധനകൾ പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്. വ്യാപാരികൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്നും ഉപഭോക്താക്കൾക്ക് ശരിയായ വിവരങ്ങൾ ലഭിക്കുന്നുണ്ടോയെന്നും ഈ പരിശോധനകളിലൂടെ ഉറപ്പുവരുത്തും.
വ്യാപാരികൾ വലിയ ലേബലുകളിൽ "25 ശതമാനം മുതൽ 75 ശതമാനം വരെ ഡിസ്കൗണ്ട്" എന്ന് മാത്രം നൽകിയാൽ പോരെന്നും കിഴിവിന് മുമ്പുള്ള യഥാർത്ഥ വിലയും ഓഫറിന് ശേഷമുള്ള അന്തിമ വിലയും കൃത്യമായി ലേബലുകളിലും ബില്ലുകളിലും പ്രദർശിപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ "രണ്ടെണ്ണം വാങ്ങിയാൽ ഒന്ന് സൗജന്യം" പോലുള്ള കോമ്പോ ഓഫറുകൾ ഏതൊക്കെ ഉത്പ്പന്നങ്ങൾക്കാണ് ബാധകമെന്ന് ഉപഭോക്താക്കൾക്ക് മനസ്സിലാകുന്ന രീതിയിൽ വ്യക്തമായി ലേബൽ ചെയ്യണമെന്നും വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സീസൺ തിരക്കിൽ പണം പാഴാകാതിരിക്കാൻ മാതാപിതാക്കളും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അധികൃതർ പറയുന്നു. ഷോപ്പിംഗിന് ഇറങ്ങുന്നതിന് മുമ്പ് ആവശ്യമുള്ള സാധനങ്ങളുടെ കൃത്യമായ പട്ടികയും ബജറ്റും തയ്യാറാക്കുക. വിവിധ കടകളിലെ അന്തിമ വില താരതമ്യം ചെയ്ത ശേഷം മാത്രം ഉത്പ്പന്നങ്ങൾ തിരഞ്ഞെടുക്കുക. ഡിജിറ്റൽ പഠനത്തിനായി ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും വാങ്ങുമ്പോൾ ബില്ലുകളും വാറന്റി കാർഡുകളും ഭദ്രമായി സൂക്ഷിക്കണം. ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർ അംഗീകൃത വ്യാപാരികളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങാനും അവരുടെ റിട്ടേൺ, റീഫണ്ട് നയങ്ങൾ വായിച്ചു മനസ്സിലാക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Markets across the UAE are seeing increased activity ahead of school reopening as families shop for supplies. Authorities have advised consumers to be alert and avoid falling for fake offers and misleading promotions.