യുഎഇയിലെ പൊതുവിദ്യാലയങ്ങളിലും മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വകാര്യ സ്കൂളുകളിലും പുതിയ അധ്യയന വർഷത്തിൽ വൻ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. കിന്റർഗാർട്ടൻ, ഗ്രേഡ് 1, ഗ്രേഡ് 2 വിദ്യാർത്ഥികൾക്ക് ഇനിമുതൽ വീടുകളിലേക്ക് ഹോംവർക്കുകൾ നൽകില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി സാറ അൽ അമിറിയാണ് ദുബായിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പുതിയ നയങ്ങൾ വിശദീകരിച്ചത്. കുട്ടികളിലെ അനാവശ്യ മാനസികസമ്മർദ്ദം കുറച്ച്, കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം നൽകുന്നതിനൊപ്പം വായനാശീലം വളർത്താനാണ് ഈ നീക്കം.
ഹോം വർക്കുകൾക്ക് പകരം കുട്ടികൾ ദിവസവും വീടുകളിൽ വായനയ്ക്കായി സമയം കണ്ടെത്തണമെന്ന് മന്ത്രാലയം നിർദ്ദേശിക്കുന്നു. പഠനം പരീക്ഷകൾക്കോ ഹോംവർക്കുകൾക്കോ വേണ്ടിയുള്ള ഒന്നാക്കി മാറ്റാതെ, കുട്ടികളിൽ ചെറുപ്പത്തിലേ അറിവിനോട് താത്പര്യം വളർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യകാല ബാല്യകാല വികസനത്തിന് കളിപ്പാട്ടങ്ങളും വായനയും കുടുംബബന്ധങ്ങളുമാണ് കൂടുതൽ ആവശ്യമെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് മാറ്റം. അമിതമായ ഹോംവർക്ക് ഭാരം കുട്ടികളിലെ ഉറക്കത്തെയും സർഗ്ഗാത്മകതയെയും ബാധിക്കാറുണ്ടെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധരും വ്യക്തമാക്കുന്നു.
ഇതിനുപുറമേ, ക്ലാസ് മുറികളിലെ ഡിജിറ്റൽ സ്ക്രീൻ ഉപയോഗം കുറയ്ക്കുന്ന പദ്ധതി ഗ്രേഡ് ആറ് വിദ്യാർത്ഥികളിലേക്ക് കൂടി വ്യാപിപ്പിച്ചു. അറബിക്, ഇംഗ്ലീഷ്, ഗണിതം, സയൻസ് എന്നീ വിഷയങ്ങളിലാണ് സ്ക്രീൻ ഉപയോഗത്തിന് നിയന്ത്രണം വരുത്തുന്നത്. കഴിഞ്ഞ വർഷം 2,500 വിദ്യാർത്ഥികളിൽ നടത്തിയ പഠനത്തിൽ, ഡിജിറ്റൽ സ്ക്രീനുകൾക്ക് പകരം ബുക്കുകളും പേനയും ഉപയോഗിച്ച് പഠിച്ച കുട്ടികളുടെ ശ്രദ്ധയും പഠനനിലവാരവും ഇരട്ടിയായി ഉയർന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ കുട്ടികൾ തമ്മിലുള്ള സൗഹൃദവും സഹകരണവും വർദ്ധിച്ചതായും കണ്ടു.
എന്നാൽ സാങ്കേതികവിദ്യയെ പൂർണ്ണമായി ഒഴിവാക്കുകയല്ല മന്ത്രാലയത്തിന്റെ ലക്ഷ്യം. കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വിഷയങ്ങളിൽ ഡിജിറ്റൽ ഉപകരണങ്ങൾ തുടർന്നും ഉപയോഗിക്കും. 2026-2027 അധ്യയന വർഷത്തിലേക്ക് ലക്ഷ്യമിടുന്ന വിപുലമായ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ. കാണാപാഠം പഠിക്കുന്ന രീതിയിൽ നിന്ന് മാറി, പഠിച്ച കാര്യങ്ങൾ പ്രായോഗികമായി എങ്ങനെ ഉപയോഗിക്കാം എന്നതിലേക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യം.
Content Highlights: The UAE has announced major changes in schools with a focus on reducing mental stress among children and improving student wellbeing. The measures aim to create a more supportive and balanced educational environment for students.