വ്യാജ വിസ വാഗ്ദാനങ്ങളിൽ കുടുങ്ങരുതെന്ന് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്. വ്യാജ ലൈസൻസുള്ള സ്ഥാപനങ്ങളുടെ പേരിൽ എത്തുന്ന തട്ടിപ്പുകാരെ സൂക്ഷിക്കണമെന്നാണ് ആന്റി ഫ്രോഡ് സെന്ററിന്റെ നിർദ്ദേശം. വിസ ആവശ്യങ്ങൾക്ക് സർക്കാർ അംഗീകൃത സ്ഥാപനങ്ങളെ മാത്രം സമീപിക്കണമെന്നും ദുബായ് പൊലീസ് അഭ്യർത്ഥിച്ചു.
ദുബായ് പൊലീസിന്റെ 'ബീ അവെയർ ഓഫ് ഫ്രോഡ്' ബോധവത്ക്കരണ പ്രചാരണത്തിന്റെ ഭാഗമായാണ് നിർദ്ദേശം. വ്യാജ ലൈസൻസുള്ള സ്ഥാപനങ്ങളുടെ പേരിലും ഔദ്യോഗിക അതോറിറ്റികളുടെ പേര് ദുരുപയോഗം ചെയ്തുമാണ് തട്ടിപ്പുകാർ ആളുകളെ വഞ്ചിക്കുന്നത്. വിസ സംബന്ധമായ എല്ലാ ഇടപാടുകളും സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ വഴി മാത്രം പൂർത്തിയാക്കണം. ഇടനിലക്കാരെയും അംഗീകാരമില്ലാത്ത വ്യക്തികളെയും പൂർണ്ണമായും ഒഴിവാക്കണമെന്നും ദുബായ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെ ആന്റി ഫ്രോഡ് സെന്റർ വ്യക്തമാക്കി.
പണം കൈമാറുന്നതിനോ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നതിനോ മുമ്പായി വിസ ഓഫറുകളുടെയും അപേക്ഷകളുടെയും വിശ്വസനീയത ഔദ്യോഗിക ചാനലുകൾ വഴി സ്വയം പരിശോധിച്ച് ഉറപ്പുവരുത്തണം. പെട്ടെന്ന് വിസ അനുവദിക്കാമെന്നോ ജോലി തരാമെന്നോ ഉള്ള വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിക്കപ്പെടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഇത്തരം തട്ടിപ്പ് പരസ്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ തട്ടിപ്പിനിരയാവുകയോ ചെയ്താൽ ഉടൻ തന്നെ ദുബായ് പൊലീസിന്റെ സ്മാർട്ട് ആപ്പ്, ഇക്രൈം പ്ലാറ്റ്ഫോം അല്ലെങ്കിൽ 901 എന്ന നമ്പറിൽ ബന്ധപ്പെട്ട് പരാതി രജിസ്റ്റർ ചെയ്യണമെന്നും ആന്റി ഫ്രോഡ് സെന്റർ വ്യക്തമാക്കി.
Content Highlights: Dubai Police has warned expatriates and residents against fake job, residency, and visit visa offers, urging them to use only official channels and licensed agencies for visa procedures.