യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പ്. അൽ ഐൻ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകളിൽ മഴ കനത്ത സാഹചര്യത്തിൽ വാഹനമോടിക്കുന്നവരും യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
നിലവിൽ രാജ്യത്തിന്റെ പലയിടങ്ങളിലും അസ്ഥിരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ദുബായ്-അൽ ഐൻ റോഡിലും അൽ ഹയേറിന് സമീപവും കനത്ത മഴ കാരണം കാഴ്ചപരിധി വൻതോതിൽ കുറയുകയും പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ചില പ്രദേശങ്ങളിൽ വീശിയടിച്ച കാറ്റിനൊപ്പം ശക്തമായ ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മോശം കാലാവസ്ഥയെ തുടർന്ന് റോഡ് യാത്രക്കാർക്കായി അധികൃതർ പ്രത്യേക സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അടിയന്തിര ഘട്ടങ്ങളിൽ ഒഴികെ വാഹനം ഓടിച്ചുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയോറോളജി അഭ്യർത്ഥിച്ചു. കാഴ്ചപരിധി കുറയുമ്പോൾ വാഹനങ്ങളുടെ ഡിമ്മർ ലൈറ്റുകൾ ഉപയോഗിക്കണമെന്നും, തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കാതെ ഔദ്യോഗിക ചാനലുകളിലൂടെ നൽകുന്ന മുന്നറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വരും ദിവസങ്ങളിലും രാജ്യത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ കിഴക്കൻ പ്രദേശങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. രാത്രികാലങ്ങളിൽ അന്തരീക്ഷ ഈർപ്പം വർദ്ധിക്കുന്നതിനാൽ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. കനത്ത മഴ മുന്നറിയിപ്പിനിടയിലും രാജ്യത്ത് ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. അബുദാബിയിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അൽ ഐനിലെ സ്വീഹാനിൽ കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 48.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ദുബായിൽ 42 ഡിഗ്രിയായിരിക്കും ഉയർന്ന താപനില.
Content Highlights: Rainfall brought relief from the intense heat in parts of the UAE. Motorists have been advised to remain highly cautious on roads as changing weather conditions and wet surfaces may affect driving safety.