സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച കുഞ്ഞിന് കൈത്താങ്ങ്; ചികിത്സാ ചെലവ് ഏറ്റെടുത്ത് ദുബായ് ഭരണാധികാരി

ഒരുവയസുകാരി കാതിയയുടെ ചികിത്സാ ചെലവാണ് ഭരണാധികാരി ഏറ്റെടുത്തിരിക്കുന്നത്

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഒരുവയസുകാരിയുടെ ചികിത്സാ ചെലവ് ഏറ്റെടുത്ത് യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ജോര്‍ധാന്‍ സ്വദേശിയായ കാതിയ അബു അല്‍ സൗദ് എന്ന ഒരുവയസുകാരിയുടെ ചികിത്സാ ചെലവാണ് യുഎഇ വൈസ് പ്രസിഡന്ഡറും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഏറ്റെടുത്തത്.

കുഞ്ഞിന്റെ ചികിത്സാ ചെലവ് ഭരണാധികാരി ഏറ്റെടുത്തെന്നും ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി കാതിയ പൂര്‍ണമായി സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും കുടുംബം വ്യക്തമാക്കി. ജീന്‍ തെറാപ്പിയും മറ്റും ഉള്‍പ്പെടുന്നുന്ന ചികിത്സയ്ക്ക് ഏകദേശം 2.4 മില്യണ്‍ ഡോളറാണ് ചെലവ് വരുന്നത്. മാത്രമല്ല ഈ ചികിത്സ ജോര്‍ധാനില്‍ ലഭ്യമല്ലായിരുന്നു. ഇതോടെയാണ് യുഎഇ ഭരണാധികാരി ചികിത്സാ ചെലവ് ഏറ്റെടുത്തിരിക്കുന്നത്.

ചികിത്സാ ചെലവുമായി ബന്ധപ്പെട്ട അപേക്ഷ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഇത് ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ചികിത്സാ ചെലവ് ഏറ്റെടുക്കാനുള്ള തീരുമാനം. ചികിത്സയ്ക്കായുള്ള മുഴുവന്‍ പണവും ചികിത്സ നടക്കുന്ന ദുബായിലെ അല്‍ ജലീല ആശുപത്രിയില്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒരു വയസ്സും നാല് മാസവും പ്രായമുള്ള പെണ്‍കുട്ടിയാണ് കാതിയ. ജനിച്ച് ആറാം മാസം മുതല്‍ കുഞ്ഞിന് അസുഖത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. മറ്റ് കുട്ടികളെ പോലെ കാതിയയ്ക്ക് വളര്‍ച്ച ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് രോഗം വ്യക്തമായത്.

Content Highlight: Dubai Ruler Sheikh Mohammed bin Rashid Al Maktoum has pledged to cover the full treatment cost of a child diagnosed with spinal muscular atrophy, providing access to specialised care in Dubai.

To advertise here,contact us