ദുബായിലെ ബിസിനസ് സ്ഥാപനങ്ങളുടെ പേരുവിവരങ്ങളും പരസ്യ ബോർഡുകളും പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി ദുബായ് മുനിസിപ്പാലിറ്റി. നഗരത്തിന്റെ വാസ്തുവിദ്യാ ഭംഗിയും സുരക്ഷയും ഒരുപോലെ നിലനിർത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വ്യാപാരികളും സ്ഥാപന ഉടമകളും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
പുതിയ നിബന്ധനകൾ പ്രകാരം ബോർഡുകളിലെ അറബിക് എഴുത്തുകളുടെ വലിപ്പം, ലൈറ്റിങ് സംവിധാനങ്ങൾ, പരസ്യ ബോർഡുകൾ സ്ഥാപിക്കുന്ന സ്ഥാനം എന്നിവയിൽ വ്യക്തമായ ക്രമീകരണങ്ങൾ പാലിക്കേണ്ടതുണ്ട്. നഗരത്തിന്റെ പാരമ്പര്യവും മനോഹാരിതയും കാത്തുസൂക്ഷിക്കുന്നതിനൊപ്പം വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമില്ലാത്ത രീതിയിലായിരിക്കണം ബോർഡുകൾ ക്രമീകരിക്കേണ്ടത്.
മുനിസിപ്പാലിറ്റി മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികളും വൻതുക പിഴയും ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനം.
Content Highlights: Dubai has introduced new rules governing advertisements displayed by business establishments. The regulations aim to protect the city's visual appeal while ensuring advertisements are presented in an organised manner.