ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ച് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം; പുതിയ സംവിധാനവുമായി എമിറേറ്റ്‌സ്

യുഎഇ ദിർഹമിൽ നിരക്ക് ഈടാക്കുന്ന ടിക്കറ്റുകൾക്ക് പുതിയ സൗകര്യം ലഭ്യമാകും

ദുബായിലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്റെ വിമാന ടിക്കറ്റുകൾ ഇനി ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ചും ബുക്ക് ചെയ്യാം. 'ക്രിപ്‌റ്റോ.കോം പേ' (Crypto.com Pay) സംവിധാനവുമായി സഹകരിച്ചാണ് എമിറേറ്റ്‌സ് ഈ പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യം ആരംഭിച്ചിരിക്കുന്നത്. നിലവിൽ യുഎഇ ദിർഹമിൽ നിരക്ക് ഈടാക്കുന്ന ടിക്കറ്റുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ ഇഷ്ടപ്പെടുന്ന യാത്രക്കാർക്കും പ്രവാസികൾക്കും വലിയ ആശ്വാസം പകരുന്ന തീരുമാനവുമായാണ് എമിറേറ്റ്‌സ് രംഗത്തെത്തിയിരിക്കുന്നത്. 2026 അവസാനത്തോടെ സ്വകാര്യ-സർക്കാർ മേഖലകളിലെ 90 ശതമാനം സാമ്പത്തിക ഇടപാടുകളും ഡിജിറ്റലാക്കുക എന്ന 'ദുബായ് കാഷ്‌ലെസ് ഡിജിറ്റൽ അജണ്ടയുടെ' (D33) ഭാഗമായാണ് ഈ നടപടി. ക്രിപ്‌റ്റോ.കോം അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് എമിറേറ്റ്‌സ് വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ലളിതമായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

എമിറേറ്റ്‌സ് ആപ്പിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ചെക്ക്ഔട്ട് പേജിൽ 'Crypto.com Pay' തിരഞ്ഞെടുക്കുമ്പോൾ, സിസ്റ്റം ആപ്പിലേക്ക് റീഡയറക്‌ട് ചെയ്യുകയും വാലറ്റിൽ നിന്നുള്ള പേയ്‌മെന്റ് അംഗീകരിക്കുന്നതോടെ ടിക്കറ്റും ബുക്കിങ് സ്ഥിരീകരണവും ലഭ്യമാവുകയും ചെയ്യും. എന്നാൽ emirates.com വെബ്‌സൈറ്റ് വഴിയാണ് ബുക്കിംഗെങ്കിൽ ചെക്ക്ഔട്ട് ചെയ്യുമ്പോൾ സ്‌ക്രീനിൽ തെളിയുന്ന ക്യുആർ കോഡ് Crypto.com ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പേയ്‌മെന്റ് പൂർത്തിയാക്കാം.

യുഎഇയിലെ ധനകാര്യ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് മുഴുവൻ ഇടപാടുകളും നടക്കുന്നത്. യുവതലമുറയ്ക്കും ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നവർക്കും യാത്രാ ചെലവുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പുതിയ മാറ്റം സഹായിക്കുമെന്ന് എമിറേറ്റ്‌സ് ഡെപ്യൂട്ടി പ്രസിഡന്റും സിഇഒയുമായ അദ്‌നാൻ കാസിം പറഞ്ഞു.

Content Highlights: Emirates is introducing a new system that enables customers to use cryptocurrency for booking flight tickets. The move reflects the airline’s adoption of digital payment solutions and growing interest in blockchain-based transactions.

To advertise here,contact us