കേസുകൾ ഇനി അതിവേഗം തീർപ്പാകും; എഐ അധിഷ്ഠിത ജുഡീഷ്യൽ സിസ്റ്റവുമായി യുഎഇ

ഈ വിപ്ലവകരമായ മാറ്റം യുഎഇയുടെ സാമ്പത്തിക രംഗത്തിനും വിദേശ നിക്ഷേപങ്ങൾക്കും വലിയ കരുത്താകും

ലോകത്തിലാദ്യമായി എഐ അടിസ്ഥാനമാക്കിയുള്ള സമ്പൂർണ്ണ ജുഡീഷ്യൽ പ്ലാറ്റ്‌ഫോം പുറത്തിറക്കി യുഎഇ. കേസ് നടപടികൾ വേഗത്തിലാക്കുക, കുറഞ്ഞ സമയത്തിനുള്ളിൽ തീർപ്പുണ്ടാക്കുക, വിധിന്യായങ്ങളിലെ കൃത്യത ഉറപ്പാക്കുക എന്നിവയാണ് പ്ലാറ്റ്‌ഫോമിന്റെ പ്രധാന ലക്ഷ്യങ്ങൾ.

കേസ് ഫയലുകൾ വിശകലനം ചെയ്യുക, മുൻകാല വിധികൾ സെർച്ച് ചെയ്യുക, നിയമനിർമ്മാണങ്ങൾ പരിശോധിക്കുക എന്നിവയിലൂടെ ന്യായാധിപന്മാർക്ക് വേഗത്തിൽ തീരുമാനമെടുക്കാൻ സഹായിക്കുന്ന ഒരു 'അഡ്വാൻസ്ഡ് ലീഗൽ അസിസ്റ്റന്റ്' ആയിട്ടായിരിക്കും ഈ എഐ സിസ്റ്റം പ്രവർത്തിക്കുക. കേസ് ഫയലുകൾ ഓട്ടോമാറ്റിക്കായി അപഗ്രഥിക്കുക, നിയമോപദേശ റിപ്പോർട്ടുകൾ തയ്യാറാക്കുക, വിധിന്യായങ്ങളുടെ പ്രസക്ത ഭാഗങ്ങൾ വേഗത്തിൽ കണ്ടെത്തുക തുടങ്ങി പല ഘട്ടങ്ങളിൽ എഐ സേവനം ലഭ്യമാകും. വെവ്വേറെ ടൂളുകൾക്ക് പകരം ജുഡീഷ്യറിയുടെ എല്ലാ ആവശ്യങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഒറ്റ പ്ലാറ്റ്‌ഫോം എന്നത് ലോകത്ത് തന്നെ ആദ്യത്തേതാണ്. എന്നാൽ വിധികൾ പ്രസ്താവിക്കാനുള്ള പൂർണ്ണമായ അധികാരം മനുഷ്യരായ ജഡ്ജിമാരിൽ തന്നെ നിക്ഷിപ്തമായിരിക്കും.

ഡിജിറ്റൽ ഭരണനിർവ്വഹണത്തിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നീതിന്യായ വ്യവസ്ഥയിലേക്കുള്ള യുഎഇയുടെ തന്ത്രപരമായ മാറ്റത്തെയാണ് ഈ പദ്ധതി അടയാളപ്പെടുത്തുന്നത്. പുതിയ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം യുഎഇയുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട പുതിയൊരു ആഗോള വിജയമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്‌യാൻ വ്യക്തമാക്കി. കൂടുതൽ വേഗതയുള്ളതും കാര്യക്ഷമവുമായ നീതിന്യായ വ്യവസ്ഥയിലേക്കുള്ള വഴിയാണ് നവീന സാങ്കേതികവിദ്യകളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിപ്ലവകരമായ മാറ്റം യുഎഇയുടെ സാമ്പത്തിക രംഗത്തിനും വിദേശ നിക്ഷേപങ്ങൾക്കും വലിയ കരുത്താകും. കേസുകൾ വേഗത്തിലും സുതാര്യമായും തീർപ്പാകുന്നത് വിദേശ നിക്ഷേപകർക്ക് രാജ്യത്തോടുള്ള വിശ്വാസ്യത വർദ്ധിപ്പിക്കുകയും ബിസിനസ്സ് അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും. സുരക്ഷിതത്വത്തിനും ഡാറ്റാ സ്വകാര്യതയ്ക്കും മുൻഗണന നൽകിക്കൊണ്ടാണ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സ്മാർട്ട് ലീഗൽ അഡ്വൈസറി, ഡിജിറ്റൽ ലിറ്റിഗേഷൻ, റിമോട്ട് കോടതി നടപടികൾ എന്നിവയ്ക്ക് ശേഷമുള്ള യുഎഇയുടെ സുപ്രധാന ചുവടുവെയ്പ്പാണിത്. ഭാവിയിൽ ഡിജിറ്റൽ മധ്യസ്ഥത, തത്സമയ നിയമ തർജ്ജമ, സ്മാർട്ട് കോൺട്രാക്റ്റുകൾ തുടങ്ങിയ സേവനങ്ങളിലേക്കും ഈ എഐ സംവിധാനം വ്യാപിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

Content Highlights: The UAE has launched an AI-based judicial system aimed at resolving cases more quickly. The initiative is expected to enhance court efficiency, reduce processing time, and improve judicial services.

To advertise here,contact us