യുഎഇയിൽ ഭാവിയിൽ അഞ്ച് ജോലികളിൽ ഒന്ന് പൂർണമായും പുതിയതായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയം പറഞ്ഞു. എഐയും റോബോട്ടിക്സും തൊഴിൽ രംഗം മാറ്റിമറിക്കുമെന്നും മന്ത്രാലയം പറഞ്ഞു. യുഎഇയിലെ വ്യവസായ, ഊർജ മേഖലകളിലെ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യകളുടെ ആവശ്യം കുത്തനെ ഉയരുമ്പോൾ, സ്ഥിരസങ്കല്പങ്ങളിൽ അധിഷ്ഠിതവുമായ ജോലികളുടെ പ്രാധാന്യം ക്രമേണ കുറയുമെന്നും മന്ത്രാലയം പറഞ്ഞു.
ഭാവി സമ്പദ്വ്യവസ്ഥയുടെ ആവശ്യങ്ങൾ നിറവേറ്റാൻ യുഎഇയിലെ യുവാക്കളെ സജ്ജരാക്കുന്നതിനും തൊഴിൽശേഷി വികസനത്തിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനും ഈ മാറ്റങ്ങൾ വഴിതെളിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള തൊഴിലുകളിൽ 87 ശതമാനത്തിനും ഭാവിയിൽ ആവശ്യകത വർധിക്കും എന്നാണ് മന്ത്രാലയത്തിന്റെ എമിറേറ്റ്സ് സ്കിൽസ് ഇൻഡിക്കേറ്റേഴ്സ് നൽകുന്ന റിപ്പോർട്ടുകൾ പറയുന്നത്. പ്രത്യേകിച്ച് അഡ്വാൻസ്ഡ് എൻജിനീയറിങ്, സെയിൽസ് തുടങ്ങിയ മേഖലകളിൽ സാങ്കേതികവും സാമ്പത്തികവുമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയുന്ന വിദഗ്ധർക്കായിരിക്കും കൂടുതൽ ആവശ്യകത ഉണ്ടാവുക. ഭാവിയിലെ അഞ്ച് ജോലികളിൽ ഒന്ന് (20 ശതമാനം) പൂർണമായും പുതിയ തൊഴിൽവിഭാഗങ്ങളായിരിക്കുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. റോബോട്ടിക്സ് ഓപ്പറേഷൻസ് സൂപ്പർവൈസർ, എഐ സിസ്റ്റംസ് ക്വാളിറ്റി അഷ്വറൻസ് ടെക്നീഷ്യൻ, മാനുഫാക്ചറിങ് എൻജിനീയർ തുടങ്ങിയ പുതിയ തൊഴിൽ മേഖലകളാണ് എഐയുടെയും നാലാം വ്യവസായ വിപ്ലവത്തിന്റെയും വളർച്ചയോടെ ഉയർന്നുവരുക എന്നും മന്ത്രാലയം പറഞ്ഞു.
നിലവിലുള്ള തൊഴിലുകളിൽ 13 ശതമാനം മുന്നോട്ടുള്ള വളർച്ച കുറഞ്ഞവയാണെന്ന് സൂചിപ്പിക്കുന്നു. പതിവ് ഭരണ, പിന്തുണ, ഓഫീസ് പ്രവർത്തന ജോലികളാണ് പ്രധാനമായും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഡിജിറ്റൽ പരിവർത്തനം, ഓട്ടോമേഷൻ, സ്മാർട്ട് സാങ്കേതികവിദ്യകളുടെ വ്യാപനം എന്നിവ മൂലം ഇത്തരം ജോലികളുടെ ആവശ്യകത കുറയുകയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.വിദ്യാഭ്യാസ രംഗത്തെ പരിശീലനവും പഠനഫലങ്ങളും തൊഴിൽ വിപണിയുടെ ആവശ്യങ്ങളുമായി കൂടുതൽ യോജിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിക്കുന്നു. വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയിൽ യുഎഇയുടെ മത്സരശേഷി വർധിപ്പിക്കാൻ ഭാവി തൊഴിൽ വൈദഗ്ധ്യങ്ങളിൽ കൂടുതൽ നിക്ഷേപം അനിവാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Content Highlight: The UAE expects one in five future jobs to be entirely new as artificial intelligence and robotics reshape the country's labour market